തിരുവനന്തപുരം: ഉദിയൻകുളങ്ങരയിൽ ക്ഷേത്രത്തിൽ കവർച്ച നടത്താൻ ശ്രമിച്ച മോഷ്‌ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഉദിയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ കവർച്ചയ്ക്ക് എത്തിയ സേലം സ്വദേശിയായ സിന്തിലാണ് (45) പിടിയിലായത്. ഇന്നലെ (നവംബര്‍ 27) രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.
രണ്ട് മാസത്തിന് മുമ്പും ഇതേ ക്ഷേത്രത്തിൽ കവർച്ചാ ശ്രമം നടന്നിരുന്നു. കാണിക്കവഞ്ചി ഉൾപ്പെടെ കവരാൻ ശ്രമിച്ച മോഷ്‌ടാവ് അന്ന് പരിസരവാസികൾ ഉണർന്നതിനെ തുടർന്ന് ഓടി രക്ഷപ്പെടികയായിരുന്നു. തുടർന്നാണ് ക്ഷേത്രത്തില്‍ സിസിടിവി സ്ഥാപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെ, രാത്രി മോഷ്‌ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ക്ഷേത്ര സെക്രട്ടറിയുടെ മൊബൈലിൽ സന്ദേശം എത്തി. വിവരമറിഞ്ഞ് ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴേക്കും മോഷ്‌ടാവ് ഇരുട്ടിലേക്ക് മറഞ്ഞു. തുടർന്ന് പാറശാല പൊലീസിന്‍റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്.
ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ വാതിൽ തകർക്കാൻ ശ്രമിച്ച നിലയിലാണ്. പാറശാല സ്റ്റേഷനിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ കാര്യങ്ങള്‍ക്ക് വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.