ബെയ്‌റൂത്ത്: ഇസ്രയേല്‍ ഹിസ്‌ബുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേലിനെതിരെ തങ്ങൾ വിജയം നേടിയെന്ന് പ്രഖ്യാപിച്ച് ഹിസ്‌ബുള്ള. ഹിസ്‌ബുള്ള പോരാളികൾ എപ്പോഴും സജ്ജരാണെന്നും ഹിസ്ബുള്ള അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ഹിസ്‌ബുള്ളയുടെ ആദ്യ പ്രസ്‌താവനയാണിത്.
ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ തടയുന്നതിനോ ഒരു സൈനിക, സുരക്ഷാ ബഫർ സോൺ സ്ഥാപിക്കുന്നതിനോ പട്ടണങ്ങൾ പിടിച്ചടക്കുന്നതിനോ ഇസ്രയേൽ സൈന്യത്തിന് കഴിഞ്ഞില്ലെന്നും ഹിസ്ബുള്ള പ്രസ്‌താവനയിൽ പറയുന്നു. 'നീതിയുക്തമായ ലക്ഷ്യത്തിന്‍റെ സഖ്യകക്ഷിയാണ് സർവ്വശക്തനായ ദൈവത്തിൽ നിന്നുള്ള വിജയം. ഹിസ്ബുള്ള പോരാളികൾ ഇസ്രയേലി ശത്രുക്കളുടെ അഭിലാഷങ്ങളേയും ആക്രമണങ്ങളേയും നേരിടാൻ പൂർണ്ണ സന്നദ്ധതയിൽ തുടരും.'- ഹിസ്‌ബുള്ളയുടെ പ്രസ്‌താവനയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെയാണ് (നവംബര്‍ 27) ഹിസ്ബുള്ളയുമായുള്ള വെടിനിർത്തല്‍ കരാറിന് ഇസ്രയേൽ അംഗീകാരം നൽകിയത്. 60 ദിവസത്തേക്കാണ് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ പ്രഖ്യാപിച്ചത്. മന്ത്രിസഭ കരാർ അംഗീകരിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സെപ്‌തംബർ 23 ന് ആണ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നത്. ഹിസ്‌ബുള്ള തലവന്‍ ഹസൻ നസ്‌റള്ളയെയും മറ്റ് മുതിർന്ന അംഗങ്ങളെയും ഇക്കാലയളവില്‍ ഇസ്രയേല്‍ വധിച്ചിരുന്നു. ഹിസ്ബുള്ളയ്ക്കൊപ്പം ലെബനനിലെ സാധാരണ ജനങ്ങളെയും ആക്രമണം ബാധിച്ചു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ലബനനിൽ സാധാരണക്കാരടക്കം മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.