മുംബൈ (മഹാരാഷ്ട്ര): കാർ ഇൻഷുറൻസ് എടുക്കുമ്പോൾ മിക്ക ആളുകൾക്കും തെറ്റ് പറ്റാറുണ്ട്. ഇന്ത്യയിൽ പുതിയ കാർ ഇൻഷുറൻസ് എടുക്കുമ്പോൾ ആളുകൾ ചെയ്യുന്ന പത്ത് സാധാരണ തെറ്റുകളെക്കുറിച്ച് പറയുകയാണ് സൂറിച്ച് കൊട്ടക് ജനറൽ ഇൻഷുറൻസ് കമ്പനി. മോട്ടോർ വാഹന നിയമപ്രകാരം (1988) തേർഡ് പാർട്ടി കാർ ഇൻഷുറൻസ് നിർബന്ധമായിട്ടുള്ള കാര്യമാണ്. കാർ ഇൻഷുറൻസിലൂടെ അപകടം, മോഷണം, പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളുടെ വാഹനത്തിന് സാമ്പത്തിക പരിരക്ഷ നൽകുന്നു.
കാർ ഇൻഷുറൻസ് എടുക്കുമ്പോൾ പലരും തെറ്റുകൾ വരുത്തുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.
- കാറിനെക്കുറിച്ച് കൃത്യമല്ലാത്ത വിവരങ്ങൾ നൽകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുവാനിടയാക്കും. ഇത് ക്ലെയിം കിട്ടാതിരിക്കുന്നതിനോ പോളിസി റദ്ദായിപ്പോകുന്നതിനോ കാരണമായേക്കാം. ഭാവിയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് കൃത്യവും കാലികവുമായ വിവരങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കുക.
- ആഡ്-ഓൺ കവറുകൾ അവഗണിക്കുന്നത് : മൂല്യത്തകർച്ച, റോഡ്‌സൈഡ് അസിസ്റ്റൻസ് അല്ലെങ്കിൽ എഞ്ചിൻ പ്രൊട്ടക്റ്റ് എന്നിവ പോലുള്ള അത്യാവശ്യ ആഡ്-ഓൺ കവറുകൾ അവഗണിക്കുന്നത് അപ്രതീക്ഷിത ചെലവുകൾക്ക് കാരണമായേക്കും. ഈ ആഡ്-ഓൺ കവറുകൾ ഇൻഷുറൻസിനൊപ്പം തന്നെ കാറിന് അധിക പരിരക്ഷയാണ് നൽകുന്നത്.
- കിഴിവുകൾ മനസിലാക്കുന്നതിൽ പരാജയപ്പെടുന്നത് അപ്രതീക്ഷിത ചെലവുകൾക്ക് ഇടയാക്കും. കിഴിവ് തുകയെക്കുറിച്ചും അത് നിങ്ങളുടെ പ്രീമിയത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്.
- ക്ലെയിം രഹിത ബോണസിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും നോ - ക്ലെയിം ഇയേഴ്‌സിനെക്കുറിച്ചുള്ള യോഗ്യതാ മാനദണ്ഡവും മനസിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഈ ബോണസിന് കാർ ഇൻഷുറൻസ് പ്രീമിയം ഗണ്യമായി കുറയ്ക്കാനാകും.
- പോളിസിയിൽ ഒഴിവാക്കിയ വ്യവസ്ഥകൾ മനസിലാക്കാത്തത് അടിയന്തര സാഹചര്യത്തിൽ ക്ലെയിമുകൾ ലഭിക്കാതിരിക്കാൻ ഇടയാക്കും. അതിനാൽ പോളിസി ഡോക്യുമെൻ്റുൾ ശ്രദ്ധാപൂർവം വായിക്കുക.
- പോളിസി ഡോക്യുമെൻ്റുകൾ വായിക്കാത്തത് : കാർ ഇൻഷുറൻസ് കവറേജിൻ്റെ നിബന്ധനകളും വ്യവസ്ഥകളും പറയുന്ന പോളിസി ഡോക്യുമെൻ്റ് വായിക്കാത്തത് തെറ്റിദ്ധാരണകളുണ്ടാകാൻ ഇടയാക്കും.
- കാറിൻ്റെ കണ്ടീഷൻ വെളിപ്പെടുത്താതിരിക്കുന്നത് ക്ലെയിം ലഭിക്കാതിരിക്കുന്നതിന് ഇടയാക്കും. ഭാവിയിലെ സങ്കീർണതകൾ ഒഴിവാക്കാൻ നിങ്ങളുടെ കാറിൻ്റെ കണ്ടീഷനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുക.
- ഡ്രൈവറുടെ വിവരങ്ങൾ കൃത്യമായി പരിഗണിക്കുക. ലൈസൻസ് ഉണ്ടോയെന്നും ഡ്രൈവിങ് ചരിത്രവും ഉൾപ്പെടെ ഡ്രൈവറെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നത് ഉറപ്പാക്കുക. ഡ്രൈവറിൻ്റെ വിവരങ്ങൾ കൃത്യമായി നൽകാത്തത് പ്രീമിയം വർധിപ്പിക്കാനിടയാകും.
- പോളിസി പുതുക്കുന്നതിനുള്ള പ്രക്രിയ എപ്പോഴും ശ്രദ്ധിക്കുക. സമയക്രമം മനസിലാക്കുക. പുതുക്കുന്നതിൽ വീഴ്‌ചയുണ്ടായാൽ പോളിസി കാലഹരണപ്പെടാൻ ഇടയാക്കും.
- ശരിയായി ക്ലെയിം ലഭിക്കുന്നതിനായി ഇൻഷ്വർ പ്രഖ്യാപിത വാല്യൂ മനസിലാക്കുക. ഇൻഷ്വർ പ്രഖ്യാപിത വാല്യൂ അറിയില്ലെങ്കിൽ കൃത്യമല്ലാത്ത പ്രീമിയങ്ങളിലേക്ക് നയിച്ചേക്കും. ഒരു കാർ ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
ശ്രദ്ധിക്കുക: മുകളില്‍ പറഞ്ഞ വിവരങ്ങള്‍ വിഎംപിഎൽ നൽകിയ പ്രസ് റിലീസ് പ്രകാരമുള്ളതാണ്. ഇതിൻ്റെ ഉള്ളടക്കത്തിന് ഒരു തരത്തിലും ഇടിവി ഭാരത് ഉത്തരവാദിയായിരിക്കില്ല