ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായി ആര്‍ബിഐ മുൻ ഗവർണർ ശക്തികാന്ത ദാസിനെ നിയമിച്ചു. മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നത് വരെയോ അല്ലെങ്കിൽ കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെയോ ശക്തികാന്ത ദാസ് പദവിയില്‍ തുടരുമെന്ന് ഔദ്യോഗിക ഉത്തരവില്‍ വ്യക്തമാക്കുന്നു.
തമിഴ്‌നാട് കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. ഗുജറാത്ത് കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ പി കെ മിശ്രയാണ് നിലവിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ധനകാര്യം, നികുതി, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ 42 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. റിസർവ് ബാങ്കിന്‍റെ 25-ാമത് ഗവർണര്‍, ഇന്ത്യയുടെ ജി 20 ഷെർപ്പ, 15-ാമത് ധനകാര്യ കമ്മിഷൻ അംഗം എന്നീ നിലയില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.