തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പിലാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ നടപടികള്‍ ഉടൻ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ മാസമാണ് മന്ത്രി ശിവൻകുട്ടി നിയമസഭയില്‍ അറിയിച്ചത്.
മട്ടാഞ്ചേരി സ്‌മാര്‍ട് കിഡ്‌സ് പ്ലേ സ്‌കൂളില്‍ അധ്യാപിക മൂന്നര വയസുള്ള കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ എംഎല്‍എ കെജി മാക്‌സി ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. അധ്യാപിക ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താല്‍ മൂന്നര വയസുകാരിയെ മര്‍ദിച്ചത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത പ്രവര്‍ത്തിയാണ്. സ്ഥാപനത്തിന്‍റെ രേഖകള്‍ പരിശോധിക്കുകയാണെന്നും അംഗീകാരമില്ലെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്യുകയും സ്‌കൂള്‍ മാനേജ്‌മെന്‍റ് ഇവരെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുറുക്കാൻ കട തുടങ്ങാൻ പോലും പഞ്ചായത്ത് ലൈസൻസ് വേണമെന്നിരിക്കെ ആണ് സംസ്ഥാനത്ത് അംഗീകാരമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നത്. ഇത്തരം സ്ഥാപനങ്ങൾ വൻ തുക തലവരിപ്പണമായും ഫീസായും ഈടാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിന്‍റെ മറവിൽ നടക്കുന്ന വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) പ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവും മാത്രമേ സ്‌കൂളുകൾക്ക് പ്രവർത്തിക്കാനാകൂ. സംസ്ഥാന സിലബസിന് പുറമെയുള്ള സിലബസുകളിലുള്ള സ്ഥാപനങ്ങൾക്കെല്ലാം വിദ്യാഭ്യാസ വകുപ്പിന്‍റെ നിരാക്ഷേപ പത്രം (എൻഒസി) നിർബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത്.
അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിച്ച കുട്ടികളുടെ ഭാവിയെന്ത്?
അതേസമയം, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ ആ സ്‌കൂളിലെ വിദ്യാർഥികളെ അംഗീകൃത സ്‌കൂളുകളിലേക്ക് മാറ്റുന്നതിന് നടപടി സര്‍ക്കാര്‍ സ്വീകരിച്ചേക്കും. ഇത്തരത്തില്‍ അംഗീകാരമില്ലാത്ത അണ്‍ എയ്‌ഡഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍/എയ്‌ഡഡ് സ്‌കൂളുകളില്‍ ചേരുന്നതിന് ടിസി നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. 2022ലായിരുന്നു ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read : 'ദേശീയപാത വികസനം അടുത്ത ഏപ്രിൽ മാസത്തോടെ യാഥാർഥ്യമാകും'; മന്ത്രി മുഹമ്മദ് റിയാസ്