ഇന്‍സ്‌റ്റഗ്രാമില്‍ കൊടുങ്കാറ്റ് തന്നെ സൃഷ്‌ടിച്ച് 'ഓള്‍ ഐസ് ഓണ്‍ റഫ' എന്ന ചിത്രം. ഇതിനോടകം 440 ലക്ഷം പേരാണ് ചിത്രം സ്‌റ്റോറിയായി പങ്കുവച്ചത്. ഗാസയിലെ പലസ്‌തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ചിത്രം പ്രചരിച്ച് തുടങ്ങിയത്.
വിശാലമായൊരു മരുഭൂമിയാണ് ചിത്രത്തിലുള്ളത്. ഇതില്‍ കുത്തുകള്‍ പോലെ ചെറിയ ചെറിയ കുടിലുകള്‍ കാണാം. അഭയാര്‍ത്ഥിക്യാമ്പുകളില്‍ കഴിയുന്ന നൂറ് കണക്കിന് പലസ്‌തീനികളെയാണ് ചിത്രം പ്രതിനിധീകരിക്കുന്നത്. ഇസ്രയേല്‍ ഹമാസിന് നേരെ നടത്തുന്ന സൈനിക നടപടികള്‍ക്കിടെയാണ് ഇവര്‍ ഈ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.
പ്രശസ്‌തരായ പലരും ചിത്രം പങ്കിട്ടിട്ടുണ്ട്. ചിലിയന്‍-അമേരിക്കന്‍ താരം പെഡ്രോ പാസ്‌കല്‍, സൂപ്പര്‍ മോഡലുകളായ ബെല്ല-ജിഗി ഹദീദ്, ഫ്രഞ്ച് ഫുട്‌ബോള്‍ താരം ഉസ്‌മാന്‍ ഡെമ്പിള്‍ തുടങ്ങിയവര്‍ അവരുടെ ഇന്‍സ്‌റ്റാഗ്രാം ഹാന്‍ഡിലില്‍ ചിത്രം പങ്കിട്ടിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളും ചിത്രം പങ്കിട്ടു. പ്രിയങ്കചോപ്ര, ആലിയഭട്ട്, കരീന കപൂര്‍, സോനം കപൂര്‍, സാമന്ത റൂത്ത് പ്രഭു, വരുണ്‍ ധവാന്‍, ഹിന ഖാന്‍, കങ്കണ സെന്‍ ശര്‍മ്മ, ആറ്റ്ലി, ദുല്‍ഖര്‍ സല്‍മാന്‍, വിര്‍ദാസ്, ദിയ മിര്‍സ, തൃപ്‌തി ദിമ്രി, ശില്‍പ റാവു, ഭൂമി പെഡ്നെക്കര്‍, രാകുല്‍ പ്രീത് സിങ്ങ് തുടങ്ങിയവരും ചിത്രം പങ്കിട്ടവരുടെ കൂട്ടത്തിലുണ്ട്.