ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ റെഡ്‌മി നോട്ട് 14 സീരീസ് ആഗോളതലത്തിൽ അവതരിപ്പിക്കാനൊരുങ്ങി ഷവോമി. 2024 സെപ്റ്റംബറിൽ ചൈനയിലും ഡിസംബറിൽ ഇന്ത്യയിലും പുറത്തിറക്കിയതിന് പിന്നാലെയാണ് ആഗോള വിപണിയിലേക്ക് ചുവടുവെയ്‌ക്കുന്നത്. റെഡ്‌മി നോട്ട് 14, 14 പ്രോ, 14 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കുക. ജനുവരി 10 ന് ആണ് ആഗോള ലോഞ്ച്.
കൂടാതെ ഫോണുകൾക്കൊപ്പം ഒരു സ്‌മാർട്ട് വാച്ചും ഇയർബഡും പവർബാങ്കും അവതരിപ്പിക്കുമെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. റെഡ്‌മി വാച്ച് 5, റെഡ്‌മി ബഡ്‌സ് 6 പ്രോ, ഷവോമി 165W പവർ ബാങ്ക് 10000 എന്നിവയാണ് പുതുതായി ലോഞ്ച് ചെയ്യുന്ന മറ്റ് ഉത്‌പന്നങ്ങൾ. സ്‌മാർട്ട് വാച്ചും ഇയർബഡും നവംബർ മാസത്തിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ആഗോളതലത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്നത് ജനുവരി 10 നാണ്. റെഡ്‌മി നോട്ട് 14 സീരീസിൻ്റെ ആഗോള ലോഞ്ചിനെക്കുറിച്ച് എക്‌സിലൂടെയാണ് ഷവോമി അറിയിച്ചിരിക്കുന്നത്.
Get ready to be dazzled by the #RedmiNote14ProPlus5G!
— Xiaomi (@Xiaomi) January 3, 2025
Designed to drop on Jan 10th. ⏰ #AllStarDurability #200MPAICamera
Learn more: https://t.co/f0CP0BWpoz pic.twitter.com/5cs8DqdlqN
റെഡ്‌മി നോട്ട് 14 സീരീസ് സവിശേഷതകൾ:
ആഗോള പതിപ്പ് ചൈനീസ് പതിപ്പിനോട് സാമ്യമുള്ളതായിരിക്കും. റെഡ്‌മി നോട്ട് 14 സീരീസിൻ്റെ ആഗോള പതിപ്പിന് 200 എംപി പ്രധാന ക്യാമറയുണ്ടാകും. എഐ പിന്തുണയുള്ള ഇമേജിങ്, ഫോട്ടോ എഡിറ്റിങ് ഫീച്ചറുകൾ തുടങ്ങിയവയും റെഡ്‌മി നോട്ട് 14 സീരീസ് ഫോണുകളിൽ ലഭ്യമാവും. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം നൽകുന്ന IP68 റേറ്റിങാണ് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഇതിനു പുറമെ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 സ്‌ക്രീൻ സംരക്ഷണം, ആൻ്റി-ഡ്രോപ്പ് ഓൾ-സ്റ്റാർ ആർമർ സ്‌ട്രക്‌ച്ചർ എന്നിവയും ഫീച്ചർ ചെയ്യും.
ചൈനയിൽ പുറത്തിറക്കിയ റെഡ്‌മി നോട്ട് 14ന് മീഡിയടെക് ഡയമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റും, റെഡ്‌മി നോട്ട് 14 പ്രോയ്ക്ക് മീഡിയടെക് ഡയമെൻസിറ്റി 7300-അൾട്രാ ചിപ്‌സെറ്റും, നോട്ട് 14 പ്രോ പ്ലസിന് സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റുമാണ് നൽകിയിരിക്കുന്നത്. ഫോണുകൾ ആൻഡ്രോയിഡ് 14 അധിഷ്‌ഠിത ഹൈപ്പർ ഒഎസുമായാണ് വരുന്നത്. കൂടാതെ 90W ചാർജിങും പിന്തുണയ്‌ക്കും.
റെഡ്‌മി നോട്ട് 14 സീരീസ് വില:
- റെഡ്‌മി നോട്ട് 14 ന്‍റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 18,999 രൂപയാണ് വില
- റെഡ്‌മി നോട്ട് 14 പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 24,999 രൂപയാണ് വില
- റെഡ്‌മി നോട്ട് 14 പ്രോ പ്ലസിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 30,999 രൂപയാണ് വില
റെഡ്‌മി വാച്ച് 5:
റെഡ്‌മി വാച്ച് 5ന്‍റെ ചൈനീസ് വേരിയന്‍റിന് 2.07 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 24 ദിവസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. വേഗതയേറിയതും മികച്ചതുമായ പെർഫോമൻസ് നൽകുന്ന ഷവോമിയുടെ ഹൈപ്പർ ഒഎസ് 2 ഇൻ്റർഫേസിലായിരിക്കും ഈ സ്‌മാട്ട്‌വാച്ച് പ്രവർത്തിക്കുക. 550mAh ബാറ്ററിയാണ് റെഡ്‌മി വാച്ച് 5 ന് നൽകിയിരിക്കുന്നത്. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനും ഉറക്കവും സ്‌ട്രസ് ലെവലും നിരീക്ഷിക്കുന്നതിനും പ്രത്യേക മോണിറ്ററിങ് സംവിധാനങ്ങൾ വാച്ചിൽ നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഈ വാച്ച് പൂർണ്ണമായും ഫിറ്റ്‌നസ് ഫ്രണ്ട്‌ലിയാണെന്ന് പറയാനാകും.
റെഡ്‌മി ബഡ്‌സ് 6 പ്രോ:
മികച്ച ഓഡിയോ നിലവാരം നൽകുന്നതിനായി ട്രിപ്പിൾ ഡ്രൈവർ സജ്ജീകരണത്തോടെയാണ് റെഡ്‌മി ബഡ്‌സ് 6 പ്രോ ചൈനയിൽ അവതരിപ്പിച്ചത്. ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുന്നതാണ് റെഡ്‌മി ബഡ്‌സ് 6 പ്രോ. വെറും 5 മിനിറ്റ് ചാർജ് ചെയ്‌താൽ 2 മണിക്കൂർ വരെ ഉപയോഗിക്കാനുമാകും. സ്റ്റാൻഡേർഡ് മോഡലിന് 399 ചൈനീസ് യുവാനും (4669 രൂപ) ഇ-സ്‌പോർട്‌സ് വേരിയൻ്റിന് 499 ചൈനീസ് യുവാനും (5,840 രൂപ) ആണ് വില.
165W പവർ ബാങ്ക്:
ഷവോമിയുടെ പുതിയ 165W പവർ ബാങ്കിന് 10,000mAh കപ്പാസിറ്റി ഉണ്ട്. 165 വാട്ടിന്‍റെ വേഗത്തിലുള്ള ചാർജിങും ഇതുവഴി സാധ്യമാകും.
Also Read:
- ഫോട്ടോഗ്രഫിക്കായി നിരവധി ഫീച്ചറുകൾ: ഓപ്പോ റെനോ 13 സീരീസ് വരുന്നു; ലോഞ്ച് ജനുവരി 9 ന്
- ഐഫോൺ 16 സീരീസിന് ചൈനയിൽ വൻ വിലക്കിഴിവ്: ആപ്പിൾ ഇത്രയും വലിയ ഡിസ്‌കൗണ്ട് നൽകുന്നതിന് പിന്നിലെന്ത്?
- ഐഫോൺ 17 നോൺ-പ്രോ മോഡലുകളിൽ എൽടിപിഒ ഡിസ്‌പ്ലേയും ഉയർന്ന റിഫ്രഷ് റേറ്റും: ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- പോക്കോ എക്‌സ് 7 സീരീസ് ഉടനെത്തും: ലോഞ്ചിങ് തീയതി വെളിപ്പെടുത്തി