ഇസ്ലാമാബാദ്: 'എരിതീയില്‍ നിന്ന് നേറെ വറചട്ടിയിലേക്ക്' എന്ന സ്ഥിതിയാണ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് പലായനം ചെയ്‌ത അഭയാർഥികള്‍ക്കെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള്‍. അഫ്‌ഗാനിലെ താലിബാന്‍ ഭരണത്തില്‍ നിന്ന് രക്ഷപ്പെട്ട് പാകിസ്ഥാനില്‍ അഭയം പ്രാപിച്ചവരുടെ അവസ്ഥ കൂടുതൽ ദയനീയമായിരിക്കുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമമായ എഎഫ്‌പി പറയുന്നു.
പാകിസ്ഥാന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വരുന്നതെന്നാണ് അഭയാര്‍ഥികള്‍ പറയുന്നത്. 'അഫ്‌ഗാനികളെ സംബന്ധിച്ചിടത്തോളം, ഇവിടുത്തെ സാഹചര്യം ഭയാനകമാണ്. പാകിസ്ഥാൻ പൊലീസിന്‍റെ പെരുമാറ്റം താലിബാന്‍റെ പെരുമാറ്റം പോലെ തന്നെയാണ്'- പാകിസ്ഥാനിലെ അഫ്‌ഗാന്‍ അഭയാര്‍ഥിയായ ഷഹര്‍സാദ് പറയുന്നു.
പാകിസ്ഥാനിലെ ഒരു ഗസ്റ്റ് ഹൗസിന്‍റെ മുറ്റത്താണ് ഷഹര്‍സാദ് കുട്ടികളുമായി കഴിയുന്നത്. കഴിഞ്ഞ ദിവസം പാര്‍ക്കിലൂടെ നടന്ന ഷഹര്‍സാദിന്‍റെ മകനോട് രേഖകൾക്ക് പകരം പൊലീസ് പണം ആവശ്യപ്പെട്ടു. അതില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീക്-ഇ-താലിബാൻ കഴിഞ്ഞ വേനൽകാലത്ത് ഏകദേശം 7,50,000 അഫ്‌ഗാനികളെ കുടിയൊഴിപ്പിച്ചതായി പാകിസ്ഥാന്‍ സർക്കാർ പറയുന്നു. ഇതൊന്നും രേഖകളിലില്ലതാനും. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലടച്ചതിനെ തുടർന്ന്, സമീപ മാസങ്ങളില്‍ നടന്ന പ്രതിപക്ഷ പ്രക്ഷോഭത്തിൽ അഫ്‌ഗാനിസ്ഥാന് പങ്കുണ്ടെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നുണ്ട്.
സംഘര്‍ഷങ്ങളില്‍ ബലിയാടാകുന്നവര്‍
തങ്ങള്‍ രാഷ്‌ട്രീയ സംഘർഷങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് താമസം മാറാൻ കാത്തിരിക്കുന്ന അഫ്‌ഗാനികൾ പറയുന്നത്. 'ഇവിടെ വന്നതിനു ശേഷവും ദുരിതം മാത്രമാണ്. അറസ്റ്റ് ഭയന്ന് തന്‍റെ കുടുംബത്തിന് പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങാൻ പോലും പുറത്തിറങ്ങാൻ സാധിക്കുന്നില്ല.'- അമേരിക്കയിലേക്കുള്ള വിസയ്ക്കായി കുടുംബത്തോടൊപ്പം കാത്തിരിക്കുന്ന അഫ്‌ഗാൻ സ്വദേശി മുസ്‌തഫ പറഞ്ഞു.
വിസ ഉണ്ടെങ്കിലും ഇല്ലെങ്കിലും അഫ്‌ഗാനിയാണെന്ന് അറിഞ്ഞാൽ പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് മൂന്ന് വർഷത്തിലേറെയായിട്ടും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇതുവരെ അവിടെ എംബസികൾ തുറന്നിട്ടില്ല.
ഇതിനാല്‍ അഫ്‌ഗാനികള്‍ പാകിസ്ഥാനിൽ നിന്ന് തന്നെ അപേക്ഷകൾ പൂർത്തിയാക്കേണ്ട സാഹചര്യമാണ്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ബ്രിട്ടൻ എന്നിവിടങ്ങളിലേക്ക് താമസം മാറാൻ കാത്തിരിക്കുന്ന 44,000-ത്തില്‍ അധികം അഫ്‌ഗാനികളെ മാറ്റിപ്പാർപ്പിക്കുന്നത് വേഗത്തിലാക്കണമെന്ന് ജൂലൈയിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
നാല് പതിറ്റാണ്ടായി തുടരുന്ന യാത്ര
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ദശലക്ഷക്കണക്കിന് അഫ്‌ഗാനികളാണ് പാകിസ്ഥാനിലേക്ക് പലായനം ചെയ്‌തിട്ടുള്ളത്. സോവിയറ്റ് അധിനിവേശം, ആഭ്യന്തര യുദ്ധം, 9/11 ന് ശേഷം യുഎസ് നേതൃത്വത്തിലുള്ള അധിനിവേശം എന്നിവയുൾപ്പെടെയുള്ള തുടർച്ചയായ സംഘർഷങ്ങളിൽ നിന്ന് രക്ഷനേടാനായിരുന്നു അഫ്‌ഗാനികളുടെ പലായനം.
2021 ആഗസ്റ്റിൽ താലിബാൻ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം മാത്രം ഏകദേശം 6,00000 അഫ്‌ഗാനികൾ പാകിസ്ഥാനിലേക്ക് പലായനം ചെയ്‌തിട്ടുണ്ട് എന്നാണ് കണക്ക്. യുഎൻഎച്ച്സിആറിന്‍റെ കണക്കനുസരിച്ച് പാകിസ്ഥാനിൽ നിലവിൽ ഏകദേശം 1.5 ദശലക്ഷം അഫ്‌ഗാൻ അഭയാർഥികളുണ്ട്.