ബെയ്‌ജിങ്: പണിയെടുത്ത് മരിക്കുക എന്നൊക്കെ കേള്‍ക്കാറുള്ളത് ചൈനയില്‍ യാഥാര്‍ത്ഥ്യമായി. അവധിയൊന്നുമില്ലാതെ 104 നാള്‍ തുടര്‍ച്ചയായി ജോലി ചെയ്‌ത് 30 കാരന്‍ അബാവോ ആണ് കിഴക്കന്‍ ചൈനയിലെ ഒരു നഗരത്തില്‍ മരണത്തിന് കീഴടങ്ങിയത്. അബാവോയുടെ മരണത്തിന് കമ്പനി ഉത്തരവാദിയാണെന്ന് സീജിയാങ്ങ് പ്രവിശ്യയിലെ ഒരു കോടതി വിധിക്കുക കൂടി ചെയ്‌തതോടെ ചൈനയില്‍ ജനരോഷം ശക്തമാവുകയാണ്.
104 നാള്‍ നിരന്തരം ജോലി ചെയ്‌ത അബാവോ ഒറ്റ ദിവസം മാത്രമാണ് അവധിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അബാവോ ഒരു കമ്പനിയില്‍ പെയിന്‍റര്‍ ആയി ജോലിയില്‍ പ്രവേശിക്കാന്‍ കരാര്‍ ഒപ്പു വെച്ചത്. കമ്പനിയുടെ പേര് സീജിയാങ്ങ് കോടതി പുറത്ത് വിട്ടിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ അവസാനിക്കുന്നതായിരുന്നു അബാവോയുടെ കരാര്‍.
കിഴക്കന്‍ ചൈനയിലെ സീജിയാങ്ങ് പ്രവിശ്യയിലെ സൗഷാനിലായിരുന്നു ജോലി. കരാര്‍ ഒപ്പ് വെച്ചതു മുതല്‍ തുടങ്ങിയ പണിക്കിടെ അബാവോ വിശ്രമിച്ചത് ഒറ്റ ദിവസം മാത്രം. ഏപ്രില്‍ ആറിന്. മേയ് മാസമായതോടെ അബാവോ രോഗ ബാധിതനായി. മേയ് 25 ന് തീരെ വയ്യാതായതോടെ ഒരു സിക്ക് ലീവ് എടുത്തു.
അന്ന് താമസ സ്ഥലത്ത് വിശ്രമിച്ചു. മേയ് 28 ആയപ്പോഴേക്കും അബാവോയുടെ നില വഷളായി. കൂടെയുള്ളവര്‍ അബാവോയെ ആശുപത്രിയിലെത്തിച്ചു. അവിടെ അദ്ദേഹത്തെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ ലങ്ങ് ഇന്‍ഫെക്ഷന്‍ സ്ഥിരീകരിച്ചു. ശ്വാസ തടസവും നേരിടുന്നുണ്ടായിരുന്നു. അങ്ങിനെ ജൂണ്‍ ഒന്നിന് ആശുപത്രിയില്‍ അബാവോ മരണത്തിന് കീഴടങ്ങി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുപ്പതുകാരനായ അബാവോവിന്‍റെ മരണത്തിന് കമ്പനിയാണ് ഉത്തരവാദി എന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയെങ്കിലും അംഗീകരിക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. രോഗ ബാധിതനായി 48 മണിക്കൂറിന് ശേഷമായിരുന്നു അബാവോയുടെ മരണം എന്ന വിചിത്രമായ ന്യായമാണ് പ്രഥമിക അന്വേഷണ വേളയില്‍ ഉയര്‍ന്നത്. കമ്പനിയില്‍ ജോലിക്കിടെ പരിക്കേറ്റുള്ള മരണമെന്ന് കണക്കാക്കാനാവാത്തതിനാല്‍ കമ്പനിക്ക് മരണത്തില്‍ ഉത്തരവാദിത്വമില്ലെന്നായിരുന്നു നിലപാട്.
തുടര്‍ന്ന് തൊഴിലിടത്തിലുണ്ടായ ഗുരുതരമായ അലംഭാവമാണ് മരണ കാരണം എന്ന പരാതിയുമായി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. അബാവോയ്ക്ക് കാര്യമായ ജോലിഭാരം ഉണ്ടായിരുന്നില്ലെന്നും താങ്ങാവുന്ന ജോലി മാത്രമാണ് നല്‍കിയതെന്നും വിചാരണ വേളയില്‍ കമ്പനി വാദിച്ചു. ഓവര്‍ ടൈം ജോലി ചെയ്‌തത് സ്വന്തം ഇഷ്‌ടപ്രകാരം ആണെന്നും നിര്‍ബന്ധിച്ചതല്ലെന്നും കമ്പനി വാദിച്ചു. മുപ്പതുകാരന് മുന്നേ തന്നെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും കമ്പനി ആരോപിച്ചു. യഥാസമയം ചികിത്സ എടുക്കാത്തതിനാലാണ് മരണം സംഭവിച്ചതെന്നും അവര്‍ വാദിച്ചു.
കേസ് പരിഗണിച്ച കോടതി അബാവോവിന്‍റെ കാര്യത്തില്‍ കമ്പനി നിയമലംഘനം നടത്തിയെന്ന് നിരീക്ഷിച്ചു. 104 ദിവസം തുടര്‍ച്ചയായി ജോലി ചെയ്‌തത് ചൈനീസ് തൊഴില്‍ നിയമത്തിന് വിരുദ്ധമാണ്. ദിവസേന 8 മണിക്കൂര്‍ ജോലിയും ആഴ്‌ചയില്‍ 44 മണിക്കൂര്‍ ജോലിയുമാണ് നിയമപരമായതെന്നും കോടതി ചൂണ്ടിക്കാട്ടി.
തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ച കമ്പനിക്ക് അബാവോയുടെ മരണത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കമ്പനിക്ക് മരണത്തില്‍ 20 ശതമാനം ഉത്തരവാദിത്വമുണ്ടെന്നായിരുന്നു കോടതി കണ്ടെത്തിയത്. നഷ്‌ട പരിഹാരമായി അബാവോയുടെ കുടുംബത്തിന് 4 ലക്ഷം യുവാന്‍ അഥവാ 56,000 അമേരിക്കന്‍ ഡോളര്‍ നല്‍കണമെന്നും കോടതി വിധിച്ചു.
വിധിക്കെതിരെ കമ്പനി അപ്പീല്‍ പോയെങ്കിലും ഓഗസ്റ്റില്‍ സൗഷാനിലെ അപ്പീല്‍ കോടതിയും വിധി ശരിവച്ചു. ഇതോടെ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ അബാവോയുടെ മരണം വന്‍ ചര്‍ച്ചയായി. കോടതി വിധിച്ച നഷ്‌ട പരിഹാരം കുറഞ്ഞു പോയെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. മുപ്പതുകാരനായ അബാവോയുടെ ജീവന്‍റെ വില 4 ലക്ഷം യുവാന്‍ ആണോ എന്നായിരുന്നു അവരുടെ ചോദ്യം. മറ്റു ചിലര്‍ നഷ്‌ടപരിഹാരം നല്‍കാനുള്ള വിധിക്കെതിരെ അപ്പീല്‍ നല്‍കിയ കമ്പനി നിലപാടിനെ അതി രൂക്ഷമായി വിമര്‍ശിച്ചു.
മനുഷ്യത്വ രഹിതമായാണ് കമ്പനികള്‍ തൊഴിലാളികളോട് പെരുമാറുന്നതെന്നതിന് തെളിവാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി. പണത്തിന് വേണ്ടി ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന രീതി മാറണമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. ചൈനയിലെ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളെ നിയന്ത്രിക്കാന്‍ മാത്രമാണെന്നും കമ്പനികളുടെ നിയമ ലംഘനം തടയാന്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നും അക്ഷേപം ഉയരുന്നുണ്ട്.
അബാവോയുടെ മരണം ചൈനയില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ല്‍ ഷൂ ബിന്‍ എന്ന ഒരു തൊഴിലാളി ജോലി കഴിഞ്ഞ് എത്തിയ ഉടന്‍ കുഴഞ്ഞു വീണു മരിച്ച സംഭവം ഉണ്ടായിരുന്നു. ഒരു മാസം മുഴുവന്‍ വിശ്രമമില്ലാതെ 130 മണിക്കൂര്‍ ജോലി നോക്കിയ ശേഷം അവശനായാണ് ഷൂ ബിന്‍ മരിച്ചു വീണതെന്ന് പിന്നീട് വ്യക്തമായിരുന്നു. അന്ന് ഷൂ ബിന്നിന്‍റെ മരണത്തിന് അയാളുടെ കമ്പനിക്ക് 30 ശതമാനം ഉത്തരവാദിത്വമുണ്ടെന്ന് കണ്ടെത്തിയ കോടതി 360000 യുവാന്‍ നഷ്‌ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു.
Also Read:പ്രൊഫഷണൽ, വ്യക്തിഗത ജീവിതം സന്തുലിതമാക്കാം; 8-8-8 നിയമം ശീലമാക്കൂ...