കോഴിക്കോട്:വ്യത്യസ്‌തമാണ് ഈ കൊച്ചു ഗ്രാമത്തിലെ ജീവിതരീതികൾ. ഇവിടെ ഒരാൾ മരിച്ചാൽ ആദ്യം ചെയ്യുക മരിച്ച ആളുടെ കണ്ണുകൾക്ക് മുകളിൽ പഞ്ഞി നനച്ചു വയ്‌ക്കുകയാണ്. മുറിയിലെ ഫാൻ ഓഫാക്കും. തലയുടെ ഭാഗം തലയിണ ഉപയോഗിച്ച് ഉയർത്തിവയ്‌ക്കും. മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ് കെപി ഗോവിന്ദൻകുട്ടി സ്‌മാരക വായനശാല ഭാരവാഹികളെ വീട്ടുകാർ അറിയിക്കും. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് നേത്ര ബാങ്കിലെ ഡോക്‌ടർമാരുടെ സംഘം ആംബുലസിൽ മരണവീട്ടിലേക്കെത്തും. ചാരമായി പോകുമായിരുന്ന രണ്ട് നേത്രപടലങ്ങൾ രണ്ട് പേരുടെ വെളിച്ചമാണെന്ന് തിരിച്ചറിഞ്ഞ് ഭദ്രമായി ഫ്ലാസ്‌കിൽ സൂക്ഷിച്ച് നേത്ര ബാങ്കിലേക്ക് മടങ്ങും.
ഇത് കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂര്‍ ഗ്രാമം. ലോക കാഴ്‌ച ദിനത്തില്‍ ലോകം അറിയേണ്ട ഗ്രാമ നന്മയാണ് ചെറുകുളത്തൂരിന്‍റേത്. കോഴിക്കോട് ജില്ലയിലെ മനുഷ്യ സ്നേഹികളുടെ ഈ ഗ്രാമത്തില്‍ നടക്കുന്ന നിശ്ശബ്‌ദ വിപ്ലവത്തെപ്പറ്റി ലോകത്ത് ഏറെപ്പേര്‍ക്കറിയില്ല. കണ്ണുകൾ മണ്ണിനുള്ളതല്ല മനുഷ്യനുള്ളതാണ് എന്ന് തിരിച്ചറിഞ്ഞവരുടെ ഗ്രാമം. ഇവിടെ ഒരാൾ മരിക്കുമ്പോൾ ജീവിതത്തിൻ്റെ ഏതോ കോണിലുള്ള രണ്ട് പേർക്കാണ് കാഴ്‌ചയേകുന്നത്. ചെറുകുളത്തൂർ നേത്രദാന അവയവദാന ഗ്രാമത്തിൽ നിന്ന് ഇതുവരെ മരണാനന്തരം നേത്രദാനം നടത്തിയവർ 228 പേരാണ്. അതുവഴി കണ്ണിന് വെളിച്ചം ലഭിച്ചവർ 456 പേരും.
1996 ലാണ് ചെറുകുളത്തൂർ ഗ്രാമത്തിൽ നേത്രദാനം ആരംഭിച്ചതെന്ന് നേത്രദാന കമ്മിറ്റി കൺവീനർ ടി എം ചന്ദ്രശേഖരൻ പറയുന്നു. 2000 വരെ നാല് പേരാണ് കണ്ണുകൾ നൽകിയത്. മില്ലേനിയത്തിൽ 1600 പേർ നേത്രദാന സമ്മത പത്രം ഒപ്പിട്ടു. ഇതോടെ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഈ ഗ്രാമത്തെ നേത്രദാന ഗ്രാമമായി പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറയുന്നു. നേരത്തെ നേത്രദാന സമ്മത പത്രം ഉപ്പിടാത്തവരും കണ്ണുകൾ ദാനം ചെയ്യുന്നുണ്ടെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ജന്മനാ അന്ധതയുള്ള ചിലർക്കെങ്കിലും എങ്ങനെ കാഴ്‌ച സിദ്ധിപ്പിക്കാം എന്ന ചിന്തയും ലോക കാഴ്‌ച ദിനത്തിൽ ഉയരുന്നു. കാഴ്‌ച ഇല്ലാത്തവർക്ക് കാഴ്‌ച നൽകാൻ കാഴ്‌ചയുള്ളവർക്ക് കഴിയണം എന്നാണ് ഈ ഗ്രാമം ഉറക്കെ പറയുന്നത്.
ഇന്ത്യയുടെ ജനസംഖ്യയിൽ ഏതാണ്ട് 20 ശതമാനം അന്ധരാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധരുള്ളത് ഇന്ത്യയിലാണ്. നേത്രപടലത്തിൻ്റെ സുതാര്യത നഷ്‌ടപ്പെടുന്നതാണ് അന്ധതക്ക് കാരണം. തിമിരം, റിഫ്രാക്‌ടീവ് എറർ, കോർണിയൽ ഒപ്പാസിറ്റി, ഗ്ലൂക്കോമ, ഡയബെറ്റിക് റെറ്റിനോപതി തുടങ്ങിയ വിവിധ കാരണങ്ങളാൽ അന്ധതയുണ്ടാകുന്നു. ഇന്ത്യയിൽ ഏതാണ്ട് 50,000 കണ്ണുകളാണ് ഒരു വർഷത്തിൽ ദാനം ചെയ്യപ്പെടുന്നത്.