തിരുവനന്തപുരം : രോഗലക്ഷണം ആദ്യം തന്നെ തിരിച്ചറിയുക എന്നതാണ് വാത രോഗ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം. വാദരോഗത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ ലക്ഷ്യമിട്ടാണ് ഒക്ടോബർ 12 ലോക വാത ദിനമായി ആചരിച്ചു വരുന്നത്. നേരത്തെ രോഗം കണ്ടെത്തിയാൽ ഫലപ്രദമായി ഇതു നിയന്ത്രിക്കാനാകുമെന്നതാണ് വാത രോഗത്തിന്‍റെ പ്രത്യേകത.
സന്ധികൾക്കുള്ളിലെ തരുണാസ്‌തി അഥവ കാർട്ടിലേജിലെ കേടുപാടുകളാണ് വാതമെന്ന രോഗാവസ്ഥ. പ്രായമുള്ളവരിൽ തേയ്‌മാനം കാരണം വാതമുണ്ടാകാം. പ്രതിരോധ ശേഷിയുടെ കുറവു കാരണം ചെറുപ്പക്കാരിലും വാതരോഗമുണ്ടാകാമെന്ന് തിരുവനന്തപുരം പട്ടം എസ് യു ടിയിലെ ഓർത്തോപീഡിക് സർജറി സീനിയർ കൺസൾട്ടന്‍റ് ഡോ അനൂപ് എസ് പറയുന്നു.
കാലിനും കൈയ്ക്കും വിരലുകൾക്കും രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വേദന അനുഭവപ്പെടുന്നതാണ് വാത രോഗത്തിന്‍റെ പ്രധാന ലക്ഷണം. രാവിലെ എഴുന്നേറ്റാൽ ഒരു മണിക്കൂർ വരെ ഇതു നീണ്ടു നിൽകാനുളള സാധ്യതയുണ്ട്. നേരത്തെ ഇതു തിരിച്ചറിയാനാകണം. നേരത്തെ തിരിച്ചറിഞ്ഞാൽ ഇതു പ്രതിരോധിക്കാനുള്ള മരുന്നുകൾ ഇന്നു ലഭ്യമാണ്. ദീർഘനാളത്തെ ചികിത്സ വേണ്ടി വരുമെങ്കിലും നേരത്തെ തിരിച്ചറിഞ്ഞാൽ മരുന്നുകളുടെ അളവും കുറച്ചു കൊണ്ടു വരാൻ സാധിക്കും. ജോയിന്‍റുകളുടെ കേടുപാടുകൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.