ഉറക്കം എന്നത് ആരോഗ്യം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉറക്കം കൂടുതലും ഉറക്കം കുറവും മനുഷ്യ ശരീരത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നു. ആരോഗ്യം നിലനിർത്താൻ ഒരു ശരാശരി വ്യക്തിക്ക് എല്ലാ രാത്രിയിലും കുറഞ്ഞത് 7 മണിക്കൂർ ഉറക്കം ആവശ്യമാണ്. കൂടാതെ ലിംഗഭേദത്തിന്‍റെ അടിസ്ഥാനത്തിലും ആരാണ് കൂടുതൽ ഉറങ്ങേണ്ടതെന്നും ഒരു ഗവേഷണത്തിൽ പറയുന്നുണ്ട്.
സ്‌ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണ്. സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്രനേരം കൂടുതൽ ഉറങ്ങണം? എന്താണ് ഇതിന്‍റെ കാരണങ്ങൾ? ശരിയായ ഉറക്കത്തിന് എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ് (Women Need More Sleep Than Men! Do You Know Why?).
സ്‌ത്രീകൾ എത്ര നേരം ഉറങ്ങണം?: 2014 ൽ 'സ്ലീപ്പ് ജേണലിൽ' പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് സ്‌ത്രീകൾക്ക് ശരാശരി 7 മണിക്കൂർ 40 മിനിറ്റ് ഉറക്കവും പുരുഷന്മാർക്ക് 7 മണിക്കൂർ 20 മിനിറ്റ് ഉറക്കവും ആവശ്യമാണ്. ഈ പഠനമനുസരിച്ച് സ്‌ത്രീകൾക്ക് പുരുഷന്മാരേക്കാൾ 20 മിനിറ്റെങ്കിലും കൂടുതൽ ഉറങ്ങണമെന്നാണ് വ്യക്തമാക്കുന്നത്. 40 വയസ്സിന് മുകളിലുള്ള 2100 പുരുഷന്മാരിലും സ്‌ത്രീകളിലുമാണ് ഈ പഠനം നടത്തിയത്.
സ്‌ത്രീകൾക്ക് ഉറക്കമില്ലാതിരിക്കാൻ നിരവധി കാരണങ്ങൾ ഉണ്ട്. അവയാണ്
- ഉറക്കമില്ലായ്‌മ, ഉത്കണ്‌ഠ, വിഷാദം: പുരുഷന്മാരേക്കാൾ സ്‌ത്രീകൾക്ക് ഉറക്കമില്ലായ്‌മ അനുഭവപ്പെടാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കാരണം ഉത്കണ്‌ഠയും വിഷാദവും അനുഭവിക്കുന്നത് പുരുഷന്മാരേക്കാൾ സ്‌ത്രീകളിൽ ഇരട്ടിയാണ്. ഇത്തരം അവസ്ഥകൾ മൂലം സ്‌ത്രീകൾക്ക് പൂർണ്ണമായി ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് വിദഗ്‌ധർ പറയുന്നു. അതുകൊണ്ട് സ്‌ത്രീകൾ രാത്രിയിൽ കൂടുതൽ ഉറങ്ങാൻ ശ്രദ്ധിക്കുന്നത് നല്ലതെന്നാണ് ഗവേഷകർ പറയുന്നത്.
- ഹോർമോൺ മാറ്റങ്ങൾ:സ്‌ത്രീകളിൽ സ്വാഭാവികമായും ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. സ്‌ത്രീകളുടെ ഹോർമോണുകൾ പ്രതിമാസവും ജീവിതത്തിലുടനീളം മാറുന്നു. ഈ മാറ്റങ്ങൾ ഉറക്കത്തെ തടസ്സപ്പെടുത്താൻ കാരണമാകുന്നു.
- ആർത്തവം: ആർത്തവ സമയത്തെ വേദന, മലബന്ധം, മാസമുറ സമയത്തെ അസ്വസ്ഥത എന്നിവകൊണ്ട് പല സ്‌ത്രീകളും ഉറക്കമില്ലായ്‌മ നേരിടുന്നു. ആർത്തവചക്രത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ പ്രൊജസ്ട്രോണിന്‍റെയും ഈസ്ട്രജൻ്റെയും അളവ് മാറ്റുന്നു. ഈ മാറ്റങ്ങൾ ഉറക്കത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് വിദഗ്‌ധർ പറയുന്നു.
- ഗർഭാവസ്ഥ: ഗർഭകാലത്ത് സ്‌ത്രീകൾക്ക് റെസ്‌റ്റ്‌ലെസ് ലെഗ്‌സ് സിൻഡ്രോെം (Restless Legs Syndrome) അനുഭവപ്പെടാം. ഇതുമൂലം പലപ്പോഴും വിഷാദം, ഉറക്കത്തിൽ ശ്വാസം നിലയ്ക്കൽ (Sleep Apnea), വേദന, കാലുകളിൽ അസുഖകരമായ സംവേദനം (unpleasant sensation) എന്നിവ അനുഭവിക്കുന്നു. ഇതെല്ലാം അവരുടെ ഉറക്കത്തെ തകരാറിലാക്കുന്നു. പ്രസവത്തിനു ശേഷവും ഈ പ്രശ്‌നങ്ങൾ തുടരുന്നു. ഇത് പകൽ ഉറക്കം വർധിപ്പിക്കുകയും രാത്രി ഉറക്കമില്ലാതാക്കുകയും ചെയ്യുന്നു.
- ആർത്തവവിരാമം: സ്‌ത്രീകൾക്ക് ആർത്തവം എന്നെന്നേക്കുമായി നിലക്കുന്ന ഘട്ടമാണ് ആർത്തവവിരാമം. ഈ സമയത്ത് 85 ശതമാനം സ്‌ത്രീകൾക്കും ശരീരത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നു. ഇടയ്ക്കിടെ വിയർക്കുന്നു. ഇത് ഉറക്കം കെടുത്താൻ കാരണമാകുന്നു. തൽഫലമായി സ്ലീപ് അപ്‌നിയ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇത് മോശം ഉറക്കത്തിനും പകൽ ക്ഷീണത്തിനും കാരണമാകുമെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
ശരിയായ ഉറക്കം ലഭിക്കുന്നതിനുള്ള മുൻകരുതലുകൾ:
- പതിവായി വ്യായാമം ചെയ്യുക
- ദിവസവും ഒരേ സമയത്ത് ഉറങ്ങുക, കിടക്ക വൃത്തിയായി സൂക്ഷിക്കുക.
- ഉറങ്ങുന്നതിനു മുൻപ് കഫീനും മദ്യവും കഴിക്കരുത്.
- ഉറങ്ങുന്നതിനു തൊട്ട് മുൻപ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുത്.
- കിടപ്പുമുറി ഇരുണ്ടതും ശാന്തവും തണുപ്പുള്ളതുമാണെന്ന് ഉറപ്പാക്കുക.
- ഉറക്ക പ്രശ്‌നങ്ങൾ തുടരുകയാണെങ്കിൽ ഒരു ഡോക്‌ടറെ സമീപിക്കുക