തിരക്കേറിയ ജീവിതത്തിനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിക്കുമിടയിൽ അമിതവണ്ണത്തെക്കുറിച്ചുള്ള ഉത്കണ്‌ഠയും, പരാതിയും കേള്‍ക്കാത്തവരായി ആരും തന്നെ ഇല്ല. അത് സര്‍വസാധാരണമായി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം (Dana-Farber Cancer Institute study)
ഈ സാഹചര്യത്തിൽ ശരീരഭാരം കുറയ്ക്കാൻ ചിലര്‍ ജിമ്മിൽ മണിക്കൂറുകളോളം ചിലവഴിക്കുകയും പലതരം വ്യായാമങ്ങൾ ചെയ്യുകയും ചെയ്യുന്നു. മറ്റു ചിലരാകട്ടെ തങ്ങളുടേതായ പൊടിക്കൈകള്‍ ഉപയോഗിച്ച് അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
ഒരു വശത്ത് ആളുകൾ കഠിനാധ്വാനം കൊണ്ട് ശരീരഭാരം കുറയ്ക്കുമ്പോൾ, മറുവശത്ത് ചില ആളുകളിൽ ഒന്നും ചെയ്യാതെ തന്നെ വേഗത്തിൽ ശരീരഭാരം കുറയുന്നത് കാണാന്‍ സാധിക്കും (Unintended weight reduction raises receiving a cancer diagnosis)
എന്നാൽ ഇത്തരക്കാര്‍ സന്തോഷിക്കാൻ വരട്ടെ. കാരണം വേഗത്തിലുള്ള ഭാരം കുറയുന്നത് അപകടകരമായ രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. ശരീരഭാരം പെട്ടെന്ന് കുറയുന്നത് അപകടകരമാകുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയിലെ ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്.
അവിചാരിതമായി ശരീരഭാരം കുറയുന്നത് അടുത്ത വർഷത്തിൽ തന്നെ കാൻസർ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പഠനം വ്യക്തമാക്കുന്നത്.
കാൻസർ കാരണം പെട്ടെന്ന് ശരീരഭാരം കുറയുന്നു എന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗധർ ചൂണ്ടിക്കാണിച്ചിരുന്നു. കരൾ അർബുദം, പാൻക്രിയാസ് കാൻസർ, വയറ്റിലെ അർബുദം അല്ലെങ്കിൽ അണ്ഡാശയ അർബുദം എന്നിവയിൽ രോഗിയുടെ ശരീരഭാരം അതിവേഗം കുറയാൻ തുടങ്ങുന്നു.
ഇതുമൂലം രോഗിയുടെ ശരീരത്തിന്‍റെ പ്രതിരോധശേഷിയും ദുർബലമാകുന്നു. അതിനാല്‍ തന്നെ അവിചാരിതമായി ശരീരഭാരം കുറയുന്നത് ഡോകടറെ കാണാനുള്ള മുന്നറിയിപ്പാണ് എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
അപ്രതീക്ഷിതമായ ഭാരം കുറയുന്നത് കാൻസർ കൊണ്ടോ മറ്റ് പല അവസ്ഥകൾ കൊണ്ടോ ആവാമെന്നാണ് ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പുതിയ കണ്ടുപിടിത്തത്തിന് നേതൃത്വം വഹിച്ച ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ ഡയറക്ടര്‍ ബ്രയാൻ വോൾപിൻ പറയുന്നത്.
കൂടുതല്‍ സമയത്തെ വ്യായാമവും, ആരോഗ്യകരമായ ഭക്ഷണ രീതികള്‍ കൊണ്ടും ശരീരഭാരം കുറയാം. ഇതില്‍ നമ്മുടെ ആരോഗ്യത്തിന് ദോഷകരമായ ഒന്നും തന്നെ ഇല്ല. എന്നാല്‍ നിങ്ങളുടെ വ്യായാമ മുറയിലോ, ഭക്ഷണക്രമത്തിലോ മാറ്റങ്ങൾ വരുത്തി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുന്നുണ്ടെങ്കിൽ കാരണങ്ങൾ കണ്ടെത്താൻ ഡോക്‌ടറെ സമീപിക്കുക.