രാത്രിയിൽ ഉറക്കം ലഭിക്കുന്നതിനായി ഉറക്ക ഗുളികകൾ കഴിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ പതിവായുള്ള ഉറക്ക ഗുളികകളുടെ ഉപയോഗം മാനസിക പ്രശ്‌നങ്ങൾക്കും ഓർമ്മക്കുറവിനും കാരണമായേക്കും. ദീർഘ കാലം ഉറക്ക ഗുളികൾ ഉപേയാഗിക്കുന്നത് മസ്‌തിഷ്‌കത്തെ ബാധിക്കുകയും തലച്ചോറിലെ വിഷ പ്രോട്ടീനുകളെ നീക്കം ചെയ്യാനുള്ള തലച്ചോറിന്‍റെ കഴിവിനെ തടസപ്പെടുത്തുകയും ചെയ്യും.
ഉറക്ക ഗുളികളിൽ ബെൻസോഡിയാസെപൈൻസ് എന്ന രാസവസ്‌തു അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് തുടർച്ചയായി മൂന്ന് മാസമോ അതിൽ കൂടുതലോ ഉപയോഗിച്ചാൽ അൽഷിമേഴ്‌സ്, ഡിമെൻഷ്യ എന്നീ പ്രശ്‌നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. 15 വർഷത്തിനിടെ 1000 ൽ അത്തിലധികം ആളുകളെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്.
തലച്ചോറിന് വിശ്രമം നൽകുന്ന ന്യൂറോ ട്രാൻസ്‌മിറ്ററായ ഗാമാ-അമിനോബ്യൂട്ടിക് ആസിഡിന്‍റെ പ്രവർത്തനം വർധിപ്പിച്ചാണ് ഈ മരുന്നുകൾ പ്രവർത്തിക്കുന്നത്. ഇത് തലച്ചോറിന്‍റെ പ്രവർത്തനം തടസപ്പെടുത്തുകയും അൽഷിമേഴ്‌സ്, ഡിമെൻഷ്യ പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കുമെന്ന് JAMA ഇൻ്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും കണ്ടെത്തി.
ഉറക്ക ഗുളികളളിൽ അടങ്ങിയിട്ടുള്ള രാസവസ്‌തുക്കൾ ന്യൂറോളജിക്കൽ ഘടനയെ ബാധിക്കും. ഇത് മാനസികാവസ്ഥയെ ബാധിക്കുകയും നൈസർഗികമായ സ്വഭാവത്തിൽ തെറ്റായ ചില മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മദ്യപിക്കുന്ന ഒരാൾ ഉറക്ക ഗുളികകൾ ഉപയോഗിക്കുന്നത് സ്ഥിതി കൂടുതൽ മോശവും മാരകവുമാകാൻ കാരണമായേക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഉറക്ക ഗുളികകളിലെ ചില മൂലകങ്ങൾ ചിലരിൽ അലർജി ഉണ്ടാക്കിയേക്കാം. ഇതുമൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചർമ്മത്തിൽ വീക്കം അനുഭവപ്പെടാനുള്ള സാധ്യതയും വർധിപ്പിക്കും. ഇതിന് പുറമെ നിരന്തരമായ ഉറക്ക ഗുളികകളുടെ ഉപയോഗം കാൻസർ കോശങ്ങളുടെ വികാസത്തിലേക്ക് നയിക്കുമെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഉറക്ക പ്രശ്‌നങ്ങൾ നേരിട്ടാൽ ഏറ്റവും ഒടുവിലത്തെ ഓപ്ഷൻ മാത്രമാണ് ഉറക്ക ഗുളികകൾ എന്ന് ഓർമിക്കുക.
സ്വാഭാവിക ഉറക്കം ലഭിക്കുന്നതിനായുള്ള പ്രകൃതിദത്ത മാർഗങ്ങൾ ഇതാ :
- ഉറങ്ങാനും ഉണരാനും ഒരു കൃത്യസമയം നിശ്ചയിക്കുക.
- ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിന്‍റെ 2.30 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക. അതും മിതമായ അളവിൽ മാത്രം.
- സമ്മർദ്ദം കുറയ്ക്കുക. ഇതിനായി ധ്യാനം, യോഗ, ശ്വസന വ്യായാമം തുടങ്ങിയവ പതിവായി ചെയ്യുക.
- ദിവസേന വ്യായാമം ചെയ്യുക. ഇത് ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ പരിഹാരിക്കാൻ വളരെയധികം സഹായിക്കും.
- മദ്യത്തിന്‍റെ ഉപയോഗം ഉറക്കത്തെ തടസപ്പെടുത്തും. അതിനാൽ മദ്യപാനം ഒഴിവാക്കുക.
- രാത്രി ഉറങ്ങുന്നതിനു മുമ്പ് ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക.
- രാത്രിയിൽ എണ്ണയിൽ വറുത്തതും പൊരിച്ചതും എരുവുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
- ഉറങ്ങാൻ പോകുന്നതിന്‍റെ മുമ്പ് കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പകൽ സമയത്ത് ഉറക്കം തൂങ്ങാറുണ്ടോ ? ഇതാകാം കാരണങ്ങൾ