ചെരുപ്പില്ലാതെ പുറത്ത് പോകുന്നത് ചിന്തിക്കാൻ പോലും നമുക്ക് ഇന്ന് സാധിക്കില്ല. വീടിനുള്ളിൽ പോലും ചെരുപ്പില്ലാതെ നടക്കാൻ പ്രയാസപ്പെടുന്നവരാണ് പലരും. പദങ്ങളുടെ സംരക്ഷണത്തിനായാണ് പ്രധാനമായും ചെരുപ്പുകൾ ഉപയോഗിക്കുന്നത്. ഈ കാലത്ത് ഏറ്റവും സ്റ്റൈലിഷായി ചെരുപ്പുകൾ മാത്രം തെരഞ്ഞെടുക്കുന്ന ആളുകളാണ് മിക്കവരും. വിവിധ രൂപത്തിലുള്ള ചെരുപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ചെരുപ്പ് തെരഞ്ഞെടുക്കുമ്പോഴും ധരിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഹൈ ഹീൽസ്, ഷൂസ് പോലുള്ള പാദരക്ഷകൾ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇത് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുവെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
സന്ധി വേദന
ദിവസം മുഴുവൻ ഷൂസോ ചെരിപ്പുകളോ ധരിക്കുന്നത് ചെറുപ്രായത്തിൽ തന്നെ സന്ധി വേദന ഉണ്ടാകാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ഹൈ ഹീൽ ചെരുപ്പുകൾ ധരിക്കുന്ന സ്ത്രീകളിലും സന്ധി വേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഹൈഹീൽ ചെരുപ്പുകളുടെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു. ഇതിനു പുറമെ കുറഞ്ഞ ഗുണനിലവാരമുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നതും സന്ധിവാതം ഉൾപ്പെടെയുള്ള ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുവെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
അസ്ഥി പ്രശ്‌നം
ഒരു ദിവസം മുഴുവൻ ചെരുപ്പ് ധരിക്കുമ്പോൾ കാലിലെ നഖത്തോടൊപ്പം തള്ളവിരലിലെ എല്ല് വളരാനുള്ള സാധ്യത വർധിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് വഴിവയ്ക്കും. 2018 ൽ നടത്തിയ ജേണൽ ഓഫ് ഫൂട്ട് ആൻഡ് ആങ്കിൾ റിസർച്ച് എന്ന പഠനത്തിൽ ദിവസവും മുഴുവൻ ചെരുപ്പ് ധരിക്കുന്നവരിൽ കാൽ വേദനയ്‌ക്കൊപ്പം, കാലിൻ്റെ ആകൃതി മാറുന്നതായി കണ്ടെത്തിയിരുന്നു. ഡോ ഹിൽ എസ്, തോമസ് ജെ, ടക്കർ ആർ, ബെന്നൽ കെ എന്നിവർ ചേർന്ന് നടത്തിയ ഗവേഷണത്തിൽ കാൽ വിരലുകൾ വളയുന്ന അവസ്ഥയ്ക്കും ചെരുപ്പ് കാരണമാകുന്നുവെന്ന് കണ്ടെത്തി.