സാരിയുടുത്ത് സുന്ദരിയാകാന്‍ ആഗ്രഹിക്കാത്തവരായ ആരുമുണ്ടാകില്ല. പ്രത്യേകിച്ചും ഇന്ത്യയില്‍. നമ്മുടെ നാടിന്‍റെ സംസ്‌കാരത്തിന്‍റെ കൂടി ഭാഗമാണിതെന്ന് പറയാം. എന്നാല്‍ സ്ഥിരമായി സാരിയുടുക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് വിദഗ്‌ധ പഠനങ്ങള്‍ പറയുന്നു.
പതിവായി സാരിയുടുക്കുന്നത് സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. സാരിയുടുക്കാനായി അരക്കെട്ടില്‍ മുറുക്കിയുടുക്കുന്ന അടിപ്പാവാടയാണ് യഥാര്‍ഥത്തില്‍ വില്ലനാകുന്നത്. സ്ഥിരമായി അരക്കെട്ടില്‍ മുറുകി കിടക്കുന്ന ഇവ സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഇത്തരത്തിലുണ്ടാകുന്ന അസുഖത്തെ 'പെറ്റിക്കോട്ട് ക്യാന്‍സര്‍' എന്നാണ് അറിയപ്പെടുന്നത്.
അധികമായും ഇന്ത്യയിലെ ഗ്രാമീണ വനിതകളിലാണ് ഇത് കാണപ്പെടുന്നത്. അടിപ്പാവാടയുടെ കയര്‍ അരയില്‍ ഉരഞ്ഞ് ആദ്യം ചെറിയ വൃണങ്ങള്‍ ഉണ്ടാകും. ചെറുതായത് കൊണ്ട് തന്നെ അതിനെ അധികമാരും ഗൗനിക്കുകയുമില്ല. തുടര്‍ച്ചയായി ഇത്തരത്തിലുണ്ടാകുന്ന മുറിവുകള്‍ പിന്നീട് സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ഈ പ്രശ്‌നം വഷളാകുമ്പോഴാണ് പലരും ഡോക്‌ടറെ സമീപിക്കുക. അപ്പോഴേക്കും വൃണങ്ങള്‍ ക്യാന്‍സറായി മാറിയിട്ടുണ്ടാകാം. ബിഹാറിലെയും മഹാരാഷ്‌ട്രയിലെയും ഡോക്‌ടര്‍മാര്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെയും ബിഹാറിലെ മധുബനി മെഡിക്കൽ കോളജിലെയും ഡോക്‌ടര്‍മാരാണ് ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. അരക്കെട്ടില്‍ അസുഖ ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ട് സ്‌ത്രീകളെ ചികിത്സിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി എത്തിയത്.
എന്താണ് പെറ്റിക്കോട്ട് ക്യാൻസർ? സാരിയുടുക്കുന്നതിനായി സ്‌ത്രീകള്‍ അടിപ്പാവാട അരയില്‍ മുറുക്കി കെട്ടും. ദീര്‍ഘ നേരം അരയില്‍ ഈ കെട്ട് തുടരും. ഇതിനിടെ തൊലിയില്‍ ഉരയുന്ന ഇത് വൃണങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഇതിനെ മാര്‍ജോലിന്‍ അള്‍സര്‍ എന്നാണ് അറിയപ്പെടുന്നത്.
ചെറിയ മുറിവായത് കൊണ്ട് തന്നെ ഇത് അവഗണിക്കപ്പെടുന്നു. ഇത് പിന്നീട് സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുന്നു. പാവാടയുടെ കെട്ട് അരയില്‍ മുറുകുമ്പോള്‍ അവിടം നീര് വയ്‌ക്കുകയും അത് പിന്നീട് വൃണങ്ങളായി മാറുകയും അത് ക്യാന്‍സറിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ബിഎംജെ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യകാലത്ത് ഈ അസുഖത്തെ സാരി ക്യാന്‍സര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീടാണ് ഇതിന് കാരണം സാരിയല്ല അടിപ്പാവാടയാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ ഇതിന്‍റെ പേര് പെറ്റിക്കോട്ട് ക്യാന്‍സര്‍ എന്നാക്കുകയായിരുന്നു.
ആദ്യ കേസ്: 18 മാസമായി അസുഖം ബാധിച്ച് ഒടുക്കം വേദന സഹിക്കാനാകാതെ ചികിത്സ തേടിയെത്തിയ 70 കാരിയാണ് പെറ്റിക്കോട്ട് ക്യാന്‍സര്‍ ബാധിച്ച ആദ്യത്തെയാള്‍. അസഹനീയമായ വേദനയുമായാണ് രോഗി ഡോക്‌ടറെ സമീപിച്ചത്. രോഗിയില്‍ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം അത് പെറ്റിക്കോട്ട് ക്യാന്‍സറാണെന്ന് ഡോക്‌ടര്‍ തിരിച്ചറിയുകയുമായിരുന്നു.
രണ്ടാമത്തെ കേസ്: 60 വയസുള്ള സ്‌ത്രീയിലാണ് രണ്ടാമത് ക്യാന്‍സര്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷമായി ഇവരുടെ ശരീരത്തില്‍ മുറിവുകള്‍ വന്നിട്ട്. 40 വര്‍ഷത്തോളമായി പരമ്പരാഗത വസ്‌ത്രമായ 'ലുഗ്‌ഡ'യാണ് ഇവര്‍ ധരിക്കാറുള്ളത്. ഇവരില്‍ നടത്തിയ ബയോപ്‌സി പരിശോധനയിലൂടെയാണ് രോഗം തിരിച്ചറിഞ്ഞത്.
രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുക:
- സാരി ധരിക്കുമ്പോള്‍ അടിപ്പാവാട അധികം മുറുക്കി കെട്ടാതിരിക്കുക.
- അരയില്‍ മുറിവോ നീര്‍ക്കെട്ടോ ശ്രദ്ധയില്‍പ്പെട്ടാല്‍ സാരിക്ക് പകരം മറ്റ് വസ്‌ത്രങ്ങള്‍ ഉപയോഗിക്കുക.
- ചൂടുള്ള കാലാവസ്ഥയില്‍ അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക.
- അസുഖം വന്നാല്‍ ഉടനടി വിദഗ്‌ധ ചികിത്സ തേടാം.
Also Read: ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങള്‍