സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുക്കുകയും പിന്നീട് മലയാള സിനിമയിലെ മുൻനിര നായികമാരിലേക്ക് ഉയരുകയും ചെയ്‌ത അഭിനേത്രിയാണ് അനു സിത്താര. 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത് വിജയകരമായി മുന്നേറുന്നതിനിടെ മത്സരാർഥികളോട് ഇ ടി വി ഭാരതിലൂടെ സംവദിക്കുകയാണ് അനു സിത്താര. ഒപ്പം താൻ പങ്കെടുത്ത പഴയകാല കലോത്സവ ഓർമകളിലൂടെ സഞ്ചരിക്കാനും താരം മറന്നില്ല.
അനു സിതാരയുടെ വാക്കുകളിലൂടെ
സംസ്ഥാന സ്‌കൂള്‍ കലോത്സവം തന്നെയാണ് തനിക്ക് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നതിന് കാരണമായതെന്ന് അനു സിതാര ആദ്യം തന്നെ തുറന്നു പറഞ്ഞു. കലോത്സവ വേദിയിൽ താൻ പ്രകടനം കാഴ്‌ചവയ്ക്കുന്ന ഒരു വീഡിയോ തന്‍റെ ആദ്യ സിനിമയുടെ അണിയറ പ്രവർത്തകർ കാണാനിടയായി. തുടർന്ന് ഏതാണ് ഈ പെൺകുട്ടി എന്നുള്ള അന്വേഷണത്തിൽ തന്‍റെ ഒരു ബന്ധുവായ ആന്‍റി വഴി സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ സമീപിക്കുകയായിരുന്നു.
സ്‌കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നവർക്ക് എല്ലാം സിനിമയിൽ അവസരം ലഭിക്കുമെന്ന് ഞാനീ പറഞ്ഞതു കൊണ്ട് അർഥമാക്കരുത്. നിങ്ങളുടെ അവസരങ്ങൾ നിങ്ങളുടെ പ്രയത്നത്തിനനുസരിച്ച് തേടി വരും. 63-ാമത് സംസ്ഥാന കലോത്സവത്തിലെ മത്സരാർഥികളോട് അനു സിത്താരയ്ക്ക് ആദ്യം തന്നെ പറയാനുണ്ടായിരുന്നത് ഇപ്രകാരമായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം താൻ പങ്കെടുത്ത കലോത്സവവേദികൾ തനിക്ക് മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്ന് അനു സിത്താര പറഞ്ഞു.
അതിൽ ഒരു അനുഭവം ഇ ടി വി ഭാരതിലൂടെ പ്രേക്ഷകരോട് തുറന്നുപറയാനും അനുസിത്താര തയ്യാറായി. അതിയായ ആഗ്രഹമുണ്ടായിരുന്നിട്ടും 8, 9,10 ക്ലാസുകളിൽ തനിക്ക് യുവജനോത്സവങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതിനൊരു കാരണമുണ്ട്. എന്‍റെ ഹൈസ്‌കൂൾ വിദ്യാഭ്യാസം കലാമണ്ഡലത്തിൽ ആയിരുന്നു. കലാമണ്ഡലത്തിൽ നിന്ന് കലോത്സവ വേദികളിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. പക്ഷേ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കണമെന്ന് ഉള്ളത് അതിയായ ആഗ്രഹമായി ഉള്ളിൽ ഉണ്ടായിരുന്നു.
കലാമണ്ഡലത്തിൽ നിന്നും പ്ലസ് വൺ, പ്ലസ് ടു വിദ്യാഭ്യാസത്തിനായി തന്‍റെ നാടായ വയനാട്ടിലെ സ്‌കൂളിലെത്തി. ആ കാലഘട്ടത്തിലാണ് യൂത്ത് ഫെസ്റ്റിവലുകളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്. സബ്‌ജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്തു. തനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം ഓർമ്മയുള്ളത് 2012 തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന കലോത്സവത്തിലേതാണ്. കലോത്സവത്തിൽ പങ്കെടുക്കാനായി ഞാൻ മുഖ്യ വേദിയിലേക്ക് ചെന്നിറങ്ങുമ്പോൾ അവിടെ ഒരു വശത്തായി വലിയൊരു ഫ്ളക്‌സ് വച്ചിരിക്കുന്നത് കണ്ടു.
ആ ഫ്ലക്‌സിൽ ഒരു കുട്ടി മോഹിനിയാട്ടം വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രമാണ്. ആ ചിത്രത്തിന് എന്‍റെ മുഖച്ഛായ ഉള്ളതു പോലെ തോന്നി. ചിത്രത്തിലെ കുട്ടിയുടെ ഭാവവും എന്‍റേതിനു സമാനം. ചിലപ്പോൾ തോന്നുന്നത് ആകും എന്തായാലും ചിത്രത്തിലെ ഫോട്ടോ ഞാൻ ആകാൻ ഒരു സാധ്യതയുമില്ല. അങ്ങനെ ചിന്തിക്കാൻ മറ്റൊരു കാരണവുമുണ്ട്.
ജില്ലാതലത്തിൽ എനിക്ക് രണ്ടാം സ്ഥാനമായിരുന്നു. അപ്പീൽ വാങ്ങിയിട്ടാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ വരുന്നത്. അങ്ങനെ വരുന്ന ഒരു കുട്ടിയെ സ്വീകരിക്കാൻ ആരെങ്കിലും ഫ്ലക്‌സ് വയ്ക്കുമോ? വേദിയിലേക്ക് ഞങ്ങൾ ഒരു ഓട്ടോറിക്ഷയിലാണ്. വന്നിറങ്ങുന്നത്. തന്‍റെ അമ്മയും ഒപ്പമുണ്ട്. ഈ ഫോട്ടോ കാണുന്നതൊക്കെ ഓട്ടോയിൽ ഇരുന്നു കൊണ്ടാണ്. ഫോട്ടോ കണ്ട ഉടനെ അമ്മയും പറഞ്ഞു നിന്നെ പോലെ ഉണ്ടല്ലോ.
കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണ് മനസിലായത് അത് എന്‍റെ ഫോട്ടോ തന്നെയാണ്. അക്കാലത്ത് തൃശ്ശൂർ കലോത്സവ വേദിയിൽ ജില്ലാതലത്തിൽ ഫസ്റ്റ് വാങ്ങിയ എല്ലാ കുട്ടികളുടെയും ഫോട്ടോ സംസ്ഥാന കലോത്സവ വേദിയിൽ വലിയ ഫ്ലക്‌സ് അച്ചടിച്ച് പ്രദർശിപ്പിച്ചിരുന്നു. സംഘാടകർ തന്നെ ചെയ്‌ത ഒരു കാര്യമായിരുന്നു അത്. തന്‍റെ ഫോട്ടോയും അതിൽ ഉൾപ്പെടുത്താൻ കാണിച്ച മനസിന് ഇപ്പോഴും നന്ദിയുണ്ട്.
അങ്ങനെ നന്ദി പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. എന്‍റെ ജീവിതത്തിൽ എന്‍റെ ഫോട്ടോ അച്ചടിച്ച വലിയൊരു ബോർഡ് ആദ്യമായി കാണുന്നത് ഒരു കലോത്സവ വേദിയിൽ വച്ചായിരുന്നു. പിന്നീട് ഞാൻ അഭിനയിച്ച പല സിനിമകളുടെയും എന്‍റെ മുഖം ഉൾപ്പെടുന്ന വലിയ പോസ്റ്റർ ബോർഡുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം വലിയ ഉയരങ്ങളിൽ നിന്നിട്ടുണ്ട്. പക്ഷേ കലോത്സവ വേദിയിലെ എന്‍റെ മുഖമുള്ള ഫ്ലക്‌സ് എന്നും ജീവിതത്തിലെ സ്പെഷ്യൽ ആണ്. അനു സിത്താര വെളിപ്പെടുത്തി.
തൊട്ടടുത്ത വർഷം മുതൽ തന്നെ സിനിമകളിൽ സജീവമായി. അതുകൊണ്ടുതന്നെ പിന്നീട് കലോത്സവ വേദികൾ സന്ദർശിക്കാൻ സാധിച്ചിട്ടില്ല. എങ്കിലും മാധ്യമങ്ങളിലൂടെ കലോത്സവ വിശേഷങ്ങൾ കൃത്യമായി മനസിലാക്കുന്നുണ്ടെന്ന് അനു സിത്താര പറഞ്ഞു. കലോത്സവ വേദികളെ മത്സരബുദ്ധിയോടെ സമീപിക്കുന്നവരോട് പറയാൻ എന്‍റെ ഗുരുനാഥൻ എന്നെ പഠിപ്പിച്ച കാര്യങ്ങൾ തന്നെയാണ് ഉള്ളത്. വേദിയിൽ അനു ഒരു പ്രകടനം കാഴ്‌ചവച്ച് ഇറങ്ങുമ്പോൾ സ്വയം തൃപ്‌തി ഉണ്ടാകണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറ്റൊരാളെ തോൽപ്പിക്കണമെന്ന് വാശിയോടു കൂടി ഒരിക്കലും വേദിയിൽ കയറരുത് എന്നാണ് ഗുരുനാഥൻ എന്നെ പഠിപ്പിച്ചത്. പല സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ് സംസ്ഥാന കലോത്സവ വേദിയിൽ എത്തുന്നത്. അതിൽ ചിലപ്പോൾ നിത്യവൃത്തിക്ക് പോലും കഷ്‌ടപ്പെടുന്ന കുട്ടികൾ ഉണ്ടാകും. ഒരു നേരം ഭക്ഷണം കഴിക്കാൻ കഷ്‌ടപ്പെടുന്നവർ ഉണ്ടാകും. കടം മേടിച്ച് ട്രെയിൻ കയറി എത്തിയ കുട്ടികൾ ഉണ്ടാകും. അസുഖക്കാരായ കുട്ടികൾ ഉണ്ടാവും.
നഷ്‌ടപ്പെടലിന്‍റെ വേദനയറിഞ്ഞെത്തുന്ന കുട്ടികൾ ഉണ്ടാവും. അവരെയൊക്കെ തോൽപ്പിക്കണമെന്ന ചിന്തയോടുകൂടി വേദിയിൽ കയറുന്നവരെ കലാകാരന്മാർ എന്ന് വിശേഷിപ്പിക്കാൻ ആകില്ല. തോറ്റു കൊടുക്കണമെന്നല്ല അതിനർഥം. വേദിയിൽ കയറുന്നതിനു മുമ്പ് നിങ്ങൾക്കും ബാക്കിയുള്ളവർക്കും നന്നായി പെർഫോം ചെയ്യാൻ സാധിക്കണമെന്ന് പറ്റുമെങ്കിൽ ഒന്ന് പ്രാർത്ഥിക്കുക. അങ്ങനെയാണ് എന്‍റെ ഗുരു സ്ഥാനീയർ എന്നെ പഠിപ്പിച്ചത്. അനുസിത്താര വ്യക്തമാക്കി.
കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോൾ മികച്ച ചില കലാകാരന്മാരെയും കലാകാരികളെയും മാധ്യമങ്ങളിലൂടെ കണ്ടു മനസിലാക്കാൻ സാധിച്ചു. വർഷാ വർഷം കേരളത്തിൽ കലാകാരന്മാരുടെയും കലാകാരികളുടെയും എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നതായി താൻ കണക്കാക്കുന്നു. മനസിൽ കലയുള്ളവർ നല്ല മനുഷ്യരായിരിക്കും. കേരളത്തിൽ നല്ല മനസിന് ഉടമകളുടെ എണ്ണം അതുകൊണ്ടുതന്നെ വർധിക്കുകയാണെന്ന് അനു സിത്താര പറഞ്ഞു.
വേദികൾ അനുഭവങ്ങളുടെ ഉറവിടമാണ്. ഓരോ വേദിയും ഓരോ കലാകാരനും നൽകുന്നത് വ്യത്യസ്‌ത അനുഭവങ്ങളാണ്. അനുഭവങ്ങളാണ് ജീവിക്കാനുള്ള ഇന്ധനം. അനുഭവസമ്പത്ത് വർദ്ധിപ്പിക്കുക എന്നൊരു കാര്യം കൂടി കലോത്സവവേദിയിൽ എത്തുന്ന വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് അനുസിത്താര പറഞ്ഞു. നിങ്ങളുടെ നാളെകളെ ലക്ഷ്യബോധം ഉള്ളതാക്കാൻ കലോത്സവ വേദിയിലെ അനുഭവങ്ങളും ഒരു കാരണമാകാം.
കലോത്സവം മാത്രമായിരുന്നു തനിക്ക് പുതുമയുള്ളത്. എന്നാൽ വേദികൾ തനിക്ക് സുപരിചിതമായിരുന്നു എന്ന് അനു സിത്താര പറഞ്ഞു. കുട്ടിക്കാലം മുതൽക്ക് തന്നെ അമ്പല പരിപാടികളിലും സ്‌കൂൾ പരിപാടികളിലും പങ്കെടുത്തിരുന്നു. ലോകം അറിയപ്പെടുന്ന ഒരു നർത്തകി ആകണം എന്നായിരുന്നു ആ സമയത്ത് ജീവിത ലക്ഷ്യം. അങ്ങനെയൊരു പാഷൻ മുന്നിലുള്ളപ്പോഴും വേദികൾ സുപരിചിതമായിരുന്നിട്ടു കൂടിയും ഒരു കലാരൂപം അവതരിപ്പിക്കാൻ സ്റ്റേജിൽ കയറുന്നതിനു മുമ്പ് തനിക്കൊരു നെഞ്ചിടിപ്പ് സ്വാഭാവികം ആണെന്ന് അനുസിത്താര പറഞ്ഞു.
സഭാകമ്പം എല്ലാ പരിപാടികൾക്കു മുൻപും ഉണ്ടാകാറുണ്ട്. അത് ഇപ്പോഴുമുണ്ട്. സിനിമയിൽ എത്തിയശേഷം പല വലിയ പരിപാടികൾക്കും പങ്കെടുക്കാൻ സാധിച്ചു. ഏതൊരു പരിപാടി തുടങ്ങുന്നതിനു മുൻപും വേദിക്ക് മുന്നിലെ ആൾക്കൂട്ടത്തെ കണ്ട് ഞാൻ പരിഭ്രമിക്കാറുണ്ട്. പക്ഷേ വേദിയിൽ കയറി പ്രകടനം കാഴ്‌ചവച്ച് തുടങ്ങിയാൽ പിന്നെ ആ കമ്പമൊക്കെ അങ്ങ് മാറും. സഭാകമ്പത്തിന്‍റെ പേരിൽ പ്രകടനം മോശമായിപ്പോയി എന്നൊക്കെ ചിലപ്പോൾ ചില മത്സരാർഥികൾ കലോത്സവവേദികളിൽ പറയാറുണ്ട്.
ഈ കലോത്സവത്തിലും അതൊക്കെ ശ്രദ്ധയിൽപ്പെട്ടു. സഭാകമ്പം അല്ല, അതൊരുതരം ടെൻഷനാണ്. അതു ഉള്ള ഒരാളാണ് താൻ. അതുകൊണ്ടുതന്നെ അതെങ്ങനെ മാറ്റണമെന്ന് കൃത്യമായി പറഞ്ഞുതരാൻ അറിയില്ല. പക്ഷേ വേദിയിൽ കയറിയാൽ സ്വന്തം കർത്തവ്യത്തിൽ കോൺസെൻട്രേറ്റ് ചെയ്യാനുള്ള ഒരു കഴിവ് തനിക്ക് ഉണ്ട്. അങ്ങനെ ചെയ്യുമ്പോൾ ആ ടെൻഷൻ മാറും. വേദിയിൽ കയറുമ്പോൾ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കലാരൂപത്തിൽ പൂർണമായി മനസ് സമർപ്പിക്കുക അതുമാത്രമാണ് അത്തരം ടെൻഷനുകൾ ഒഴിവാക്കാനുള്ള മാർഗം. അനു സിത്താര പറഞ്ഞു.
വേദിയിൽ നിങ്ങൾ പ്രകടനം കാഴ്‌ചവച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കാരണവശാലും ശ്രദ്ധ മാറി പോകാതിരിക്കാൻ ശ്രദ്ധിക്കുക. അനുസിത്താര കൂട്ടിച്ചേർത്തു. വേദിയിൽ നമ്മൾ പ്രകടനം കാഴ്‌ചവയ്ക്കുമ്പോൾ നമ്മളെ നോക്കിയിരിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ടാകും. കലോത്സവവേദി ആണെങ്കിൽ ജഡ്‌ജസ് ഉണ്ടാകും, മാധ്യമങ്ങൾ ഉണ്ടാകും. അവരൊക്കെ നിങ്ങളിലെ തെറ്റ് കണ്ടുപിടിക്കാൻ ആണ് ഇരിക്കുന്നത് എന്ന ബോധ്യം ആ സമയത്ത് നിങ്ങളിലേക്ക് കടന്നു വരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് സ്വന്തം കർത്തവ്യത്തിൽ മാത്രം ശ്രദ്ധിക്കുക എന്ന് പറയുന്നത്. ഒന്നു മനസു പാളിയാൽ മൊത്തം കയ്യിൽ നിന്ന് പോകും. അനുസിത്താര പറഞ്ഞു.
കലോത്സവ വേദിയിലെ കുട്ടികൾ അത്രയ്ക്ക് ടെൻഷൻ അടിച്ച് വേദിയിൽ പരാജിതരാകാൻ സാധ്യതയില്ല. സബ്‌ജില്ലയും ജില്ലയും ഒക്കെ കടന്നാണല്ലോ അവർ എത്തുക. എങ്കിലും ടെൻഷൻ ഉണ്ടാകാം. സെൽഫ് മാനേജ് മാത്രമാണ് പോംവഴി. എല്ലാ കാര്യങ്ങൾക്കും എല്ലാവർക്കും മുന്നിലെത്താൻ സാധിക്കില്ല. പരാജയപ്പെട്ടു എന്ന് കരുതി അത് ജീവിതാവസാനമാണെന്ന് വിധിയെഴുതരുതെന്ന് അനുസിത്താര പറഞ്ഞു. കലോത്സവവേദികൾ ആസ്വദിക്കാൻ കൂടിയുള്ളതാണ്. പ്ലസ്‌ടുവിന് പഠിക്കുന്ന കുട്ടികളാണെങ്കിൽ ഇനിയൊരു സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചു എന്ന് വരില്ല. തോറ്റാലും ജയിച്ചാലും അവിടെയുള്ള നിമിഷങ്ങൾ ആസ്വദിക്കാൻ ശ്രമിക്കുക. അനു സിത്താര പറഞ്ഞു.
സ്റ്റേറ്റ് കലോത്സവത്തിൽ എനിക്ക് മൂന്നാം സമ്മാനമാണ് ലഭിച്ചത്. ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവരോട് എനിക്ക് ഒരു തരത്തിലുമുള്ള ദേഷ്യം തോന്നിയിട്ടില്ല. ഞാൻ പിന്നീട് ആത്മാർത്ഥമായി എന്‍റെ കർമ മണ്ഡലത്തിൽ പ്രവർത്തിച്ചു. എനിക്ക് അവസരങ്ങൾ ലഭിച്ചു. സമ്മാനം ലഭിക്കാത്തതിൽ സങ്കടമില്ലേ എന്ന് ചോദിച്ചാൽ ഞാൻ നേരത്തെ പറഞ്ഞല്ലോ എനിക്ക് കലോത്സവത്തിന്‍റെ ഭാഗമാകണം എന്ന് മാത്രമായിരുന്നു അതിയായ ആഗ്രഹം. അത് സംഭവിച്ചു.
ആ എക്‌സ്‌പീരിയൻസ് എന്താണെന്ന് അറിയണമെന്നുണ്ടായിരുന്നു. അത്രമാത്രം. അനുസിത്താര വ്യക്തമാക്കി. ഇപ്പോഴത്തെ ഗ്രേഡിങ് സംവിധാനം മികച്ച ഒരു തീരുമാനം ആണെന്ന് അനു സിത്താര വ്യക്തമാക്കി. ചിലപ്പോഴൊക്കെ വേദികളിൽ പ്രകടനം കാഴ്‌ചവച്ചിറങ്ങുമ്പോൾ വളരെ മോശമായിപ്പോയി എന്ന് സ്വയം തോന്നാറുണ്ട്. അതെന്‍റെ കഴിവുകേടാണെന്ന് തിരിച്ചറിഞ്ഞ് അടുത്ത വേദിയിൽ മികച്ചതായി പെർഫോം ചെയ്യാൻ ശ്രമിക്കും. അങ്ങനെ ഒരു തോന്നൽ കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിന് വഴിയൊരുക്കം.
എല്ലാം പഠിച്ചു എന്നൊരു ധാരണയും കലാകാരന്മാർക്ക് ഉണ്ടാക്കാൻ പാടില്ല. അനുസിത്താര വ്യക്തമാക്കി. കലോത്സവ വേദിയിൽ ഇനിയും മൂന്നു ദിവസങ്ങൾ ബാക്കിനിൽക്കെ എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും അനുസിത്താര ഹൃദയം തൊട്ട് ആശംസകൾ അറിയിച്ചു.