തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ വകുപ്പ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ഗോപാലകൃഷ്‌ണന്‍ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന ഗോപാലകൃഷ്‌ണന്‍റെ പരാതി അന്വേഷിച്ച തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്‌പര്‍ജന്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് അത്തരത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.
എന്നാല്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടും ചീഫ് സെക്രട്ടറിയോടും തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഗോപാലകൃഷ്‌ണന്‍റെ വിശദീകരണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ആവശ്യപ്പെട്ട വിശദീകരണത്തില്‍ ഫോണ്‍ ഹാക്ക് ചെയ്‌തിട്ടില്ലെന്നാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ പൊലീസിന് വിശദീകരണം നല്‍കിയത്.
മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്ന പേരില്‍ രൂപം കൊണ്ട വാട്‌സ്ആപ്പ് ഗ്രൂപ്പാണ് ഇപ്പോള്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നതും ഉത്തരവാദിത്തം ഗോപാലകൃഷ്‌ണന് നേരെ തിരിയുന്നതും. മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഹാക്കിങ് കണ്ടെത്താനായില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഗോപാലകൃഷ്‌ണന്‍റെ ഇരു ഫോണുകളിലും നടത്തിയ ഫൊറന്‍സിക് പരിശോധനയിലും ഹാക്കിങ് കണ്ടെത്താനായിട്ടില്ലെന്ന റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറും. മെറ്റയ്ക്കും ഗൂഗിളിനും പൊലീസ് നല്‍കിയ മെയിലിന് ലഭിച്ചത് ഹാക്കിങ് കണ്ടെത്താനായിട്ടില്ല എന്ന മറുപടിയായിരുന്നു. ഇരു ഫോണുകളിലും നടത്തിയ ഫൊറന്‍സിക് പരിശോധനയിലും ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗോപാലകൃഷ്‌ണന്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്‌തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിമോട്ട് ഹാക്കിങ് നടന്നിട്ടില്ലെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു ഗൂഗിളിന്‍റെ മറുപടി.
ഗോപാലകൃഷ്‌ണന്‍ പ്ലേ സ്‌റ്റോറില്‍ നിന്നല്ലാത്ത ആപ്പുകള്‍ ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഗൂഗിള്‍ കണ്ടെത്തി. മെറ്റയും ഹാക്കിങ് വാദം തള്ളി. വേറൊരു ഐപി അഡ്രസില്‍ നിന്നും ഗോപാലകൃഷ്‌ണന്‍റെ ഫോണ്‍ ഉപയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഇന്‍റര്‍നെറ്റ് സേവനദാതാവും കണ്ടെത്തി. ഇതോടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഗോപാലകൃഷ്‌ണന്‍ തന്നെയാണ് ഉണ്ടാക്കിയതെന്ന സംശയം ബലപ്പെട്ടു.
ഹാക്കിങ് നടന്നെന്ന ഗോപാലകൃഷ്‌ണന്‍റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപാലകൃഷ്‌ണനില്‍ നിന്ന് സിറ്റി സൈബര്‍ പൊലീസ് മൊഴിയെടുത്തിരുന്നു. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഗോപാലകൃഷ്‌ണന്‍ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചെന്ന വിവരവും അന്വേഷണത്തില്‍ പൊലീസിന് ലഭിച്ചു.
മതാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് ഗുരുതര സര്‍വ്വീസ് ചട്ട ലംഘനമായാണ് സര്‍ക്കാര്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ ഗോപാലകൃഷ്‌ണനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് സാധ്യതയുണ്ട്.
Also Read: കേരളത്തില്‍ ഇ മെയിലുകൾ ചോരുന്നു; ജി മെയിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്