തിരുവനന്തപുരം: മൂക്കുന്നിമലയിലെ വ്യോമസേന ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ലക്ഷ്യം തെറ്റിയെത്തിയ വെടിയുണ്ടകൾ വീണത് ജനവാസ മേഖലയിൽ. തിരുവനന്തപുരം പൊറ്റയിലെ വീടിന്‍റെ മേല്‍ക്കൂര തുളച്ചെത്തിയ വെടിയുണ്ട സോഫയില്‍ വീണതായി കണ്ടെത്തി. സമീപത്തെ റോഡിൽ നിന്നും മറ്റൊരു വെടിയുണ്ടയും കണ്ടെത്തി. ഇന്നലെ (നവംബർ 7) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് സംഭവം നടക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി നടത്തിയ ഷൂട്ടിങ് പരിശീലനത്തിനിടെയാണ് വെടിയുണ്ടകൾ ലക്ഷ്യം തെറ്റിയത്. ഇതിനെ തുടർന്ന് നാളത്തെ (നവംബർ 9) വെടിവയ്പ്പ് പരിശീലനം മാറ്റിയതായി റൂറൽ എസ്‌പി അറിയിച്ചു. 12 മണിക്കൂറിനിടെ രണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്.
മൂന്നംഗ കുടുംബം താമസിക്കുന്ന വീടിന്‍റെ ആസ്ബറ്റോസ് ഷീറ്റ് തുളച്ച് അകത്തെ സോഫയിൽ വീണുകിടന്ന നിലയിലാണ് ഇന്നലെ രാത്രി ഒരു വെടിയുണ്ട കണ്ടെത്തിയതെങ്കിൽ രണ്ടാമത്തേത് സമീപത്തെ റോഡിൽ നിന്നും ഇന്ന് (നവംബർ 8) രാവിലെയാണ് നാട്ടുകാർ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സമീപത്തുള്ള മൂക്കുന്നിമലയിലെ വ്യോമസേനയുടെ ഷൂട്ടിങ് റേഞ്ചിൽ ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഫയറിങ് പരിശീലനം നൽകിയിരുന്നു. മുക്കുന്നിമല ഫയറിംഗ് സ്‌റ്റേഷനില്‍ നിന്നാണ് വെടിയുണ്ട വീടിനുള്ളില്‍ പതിച്ചത്. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കണ്ടെത്തിയ വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
എകെ 47 തോക്കിൽ നിന്നുള്ള വെടിയുണ്ടകളാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസിന്‍റെയും പട്ടാളത്തിന്‍റെയുമൊക്കെ പരിശീലനത്തിനിടെ വെടിയുണ്ട ജനവാസ മേഖലയിലെത്തുക പതിവാണെന്നാണ് നാട്ടുകാർ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസിന് മൊഴി നൽകിയത്. അഞ്ചുവർഷം മുമ്പ് ഒരു സ്ത്രീയുടെ ശരീരത്തിൽ വെടിയുണ്ട തുളഞ്ഞുകയറിയത് വലിയ വിവാദമായിരുന്നു.
Also Read: പറമ്പിൽ നിന്നും മണ്ണെടുക്കുന്നതിനിടെ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്