ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് സോണിയാ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടിസ് നൽകി ബിജെപി എംപിമാർ. പരമോന്നത പദവിയുടെ അന്തസ് താഴ്ത്തുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രപതിക്കെതിരെ അപമാനകരവും അപകീർത്തികരവുമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് കാണിച്ചാണ് മുൻ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്കെതിരെ ബിജെപി എംപിമാർ നോട്ടിസ് നൽകിയത്.
കേന്ദ്ര ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെ സൂചിപ്പിച്ച് സോണിയാ ഗാന്ധി നടത്തിയ 'പാവം സ്ത്രീ' എന്ന പരാമര്‍ശം വിവാദമായിരുന്നു. 'രാഷ്ട്രപതി ക്ഷീണിച്ചു. സംസാരിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തി. പാവം സ്ത്രീ' എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രസ്‌താവന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സോണിയ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അനാദരവാണെന്നും ഇതിൽ അപലപിക്കുന്നെന്നും ബിജെപി എംപിമാർ പറഞ്ഞു. വിഷയം ഗൗരവമായ പരിഗണനയും അച്ചടക്ക നടപടിയും ആവശ്യപ്പെടുന്നു എന്നും രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധന്‍കറിന് എഴുതിയ സംയുക്ത കത്തിൽ ബിജെപി എംപിമാർ പറഞ്ഞു. സോണിയാ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവനും പ്രസ്‌താവനയിറക്കിയിരുന്നു.