സ്‌ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. പ്രായമാകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകുന്നത് സാധാരണയാണ്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും മുടികൊഴിച്ചിൽ അധികമായി കണ്ടുവരുന്നു. പലരിലും ആത്മവിശ്വാസം നഷ്‌ടപ്പെടാൻ വരെ മുടികൊഴിച്ചിൽ കാരണമാകുന്നു. മുടിക്ക് വേണ്ട പരിചരണം ലഭിക്കാതിരിക്കുക, മുടിയുടെ ബലം കുറയുക, അറ്റം പൊട്ടുക തുടങ്ങിയവ മുടിയുടെ അഴക് നഷ്‌ടപ്പെടുത്തുന്നവയാണ്. കൃത്യമായ പരിചരണം നൽകുന്നതിലൂടെ മുടികൊഴിച്ചിൽ ഒരു പരിധിവരെ തടയാനാകും. അതിനാൽ ഫലപ്രദമായി ഈ പ്രശനത്തെ നേരിടേണ്ടത് അത്യാവശ്യമാണ്. അറിയാം വിശദമായി...
മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണം
പാരമ്പര്യം, ജീവിതശൈലി, രാസവസ്‌തുക്കളുടെ ഉപോയോഗം, സ്ട്രെസ്, മരുന്നുകളുടെ ഉപയോഗം, ഹെയർ ഡ്രയറുകൾ, സ്‌ട്രെയിറ്റ്നറുകൾ, കേളിംഗ് മെഷീനുകൾ എന്നിവയുടെ അമിതമായ ഉപയോഗം എന്നിവ മുടികൊഴിച്ചിലിന് കാരണമാകുന്നു. കൂടാതെ പലതരത്തിലുള്ള ഇലക്ട്രിക്ക് ഉപകരണങ്ങളുടെ ഉപയോഗം മുടിയെ വരണ്ടതാക്കുകയും മുടി പൊട്ടുന്നതിന് കാരണമാകുകയും ചെയ്യുന്നു. കളർ ചെയ്യുക, ചുരുട്ടുക തുടങ്ങിയ രാസപ്രക്രിയകൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ കഴിയുന്നതും രാസവസ്‌തുക്കൾ മുടിയിൽ പരീക്ഷിക്കാതിരിക്കുക.
ഈർപ്പത്തിൻ്റെ അഭാവം
മുടിയിൽ ഈർപ്പം കുറയുന്നത് മുടിയെ വരണ്ടതാക്കുന്നു. ഇത് മുടികൊഴിച്ചിലിന് വഴിവച്ചേക്കാം. അൾട്രാവയലറ്റ് രശ്‌മികൾ ഏൽക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടിയുടെ ബലഹീനതയും സ്‌പ്ലിറ്റിങ്ങും മുടികൊഴിച്ചിൽ നീണ്ടു നിൽക്കാനും കാരണമാകുന്നു. പോഷകങ്ങളുടെ അഭാവവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇടയ്ക്കിടെ മുടി കഴുകുന്നത് മുടിയിലുണ്ടാകുന്ന സ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടാനും ഇടയാകുന്നു.
മുടി പൊട്ടൽ എങ്ങനെ പരിഹാരിക്കാം
സ്ഥിരമായി മുടി മുറിക്കുക
6 മുതൽ 8 ആഴ്ച്ചകൾ കൂടുമ്പോൾ മുടി മുറിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താൻ ഏറെ സഹായിക്കുന്നു. ഇത് മുടി പൊട്ടൽ, സ്‌പ്ലിറ്റിങ്ങ് എന്നിവ തടയുന്നതിനു പുറമെ മുടി കൊഴിച്ചിൽ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൂടിയാണ്. കൂടാതെ പതിവായി മുടിമുറിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ കൂടുതൽ ശക്തമാക്കുന്നു.
ഹെയർ മാസ്‌കുകൾ, കണ്ടീഷണറുകൾ
പ്രകൃതിദത്തമായതും രാസവസ്‌തുക്കൾ ഉപയോഗിക്കാത്തതുമായ ഹെയർ മാസ്‌കുകൾ, കണ്ടീഷണറുകൾ എന്നിവയുടെ ഉപയോഗം മുടി പൊട്ടുന്ന അവസ്ഥയിൽ നിന്നും സംരക്ഷിക്കുന്നു. ഇത് ഈർപ്പം നിലനിർത്താനും മുടിയ്ക്ക് ബലം നൽകാനും സഹായിക്കുന്നു.