ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഊര്‍ജസ്വലരായിരിക്കാനും അത്യാന്താപേക്ഷിതമായ കാര്യമാണ് വ്യായാമം. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ കൃത്യമായ വ്യായാമത്തിലൂടെ സാധിക്കും. എന്നാല്‍ വലിയൊരു ശതമാനം ആളുകള്‍ ഇത്തരം വ്യായാമങ്ങളൊന്നും പതിവായി ചെയ്യാറില്ലെന്നതാണ് വാസ്‌തവം.
ശീലിച്ച് വന്ന ജീവിത ശൈലിയില്‍ നിന്നും മറ്റൊരു ശൈലിയിലേക്ക് മാറുന്നതും എല്ലാവര്‍ക്കും പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഒട്ടും വ്യായാമം ചെയ്യാത്തവര്‍ വളരെ സാവധാനത്തില്‍ വേണം അത് ജീവിതചര്യയാക്കാന്‍.വ്യായാമം തുടങ്ങുന്ന ആദ്യ നാളുകളില്‍ വെറും 10 മിനിറ്റ് മാത്രം ചെയ്‌ത് തുടങ്ങുക.
ഏതാനും നാളുകള്‍ 10 മിനിറ്റ് തുടരുന്ന വ്യായാമം പിന്നീട് സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യുക. ഇത്തരത്തില്‍ ഓരോ ദിവസവും ചെയ്‌തു വന്നാല്‍ അത് ജീവിതചര്യയില്‍ ഉള്‍പ്പെടും. മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ 10 മിനിറ്റ് എന്നത് 30 മിനിറ്റാക്കി ഉയര്‍ത്തുക. വ്യായാമ കാര്യത്തില്‍ മാത്രമല്ല ഇത്തരത്തില്‍ ശ്രദ്ധ വേണ്ടത്. മറിച്ച് ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ കൊണ്ടുവരണം.
അമേരിക്കയിലെ പ്രശസ്‌ത മെഡിക്കല്‍ സ്ഥാപനമായ 'മയോ ക്ലിനിക്ക്' അടുത്തിടെ ഇതുസംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ദിവസവും ദീര്‍ഘ സമയം വ്യായാമം ചെയ്യണമെങ്കില്‍ പടിപടിയായി ജീവിതചര്യയില്‍ ഇത് ഉള്‍പ്പെടുത്തുന്നതാണ് ശരിയായ മാര്‍ഗമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് ആഴ്‌ച മുതല്‍ മൂന്ന് മാസം വരെയുള്ള പ്ലാന്‍: ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഭക്ഷണക്രമം, വ്യായാമം, ഉറക്കം, മാനസിക പിരിമുറുക്കം എന്നിവ. ഇവയെല്ലാം ചിട്ടയോടെയുള്ളതാണെങ്കില്‍ ആരോഗ്യകരമായ ജീവിതം നയിക്കാനാകും. വ്യായാമവും ഭക്ഷണവുമെല്ലാം ക്രമപ്പെടുത്താന്‍ മൂന്ന് മാസം വരെ സമയമെടുക്കേണ്ടി വരും.
ഒരോ ആഴ്‌ച കടന്നുപോകുമ്പോഴും ഓരോ പുതിയ ശീലങ്ങള്‍ ജീവിതത്തിലേക്ക് കൊണ്ടുവരണം. ഇത്തരത്തില്‍ മൂന്ന് മാസത്തോളം പുതിയ കാര്യങ്ങള്‍ ഓരോന്നും ജീവിതചര്യയില്‍ ഉള്‍പ്പെടുത്തി വേണം ദീര്‍ഘ നേരത്തേക്കുള്ള വ്യായാമം ശീലക്കാന്‍.
ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: മധുരം, ഉപ്പ് എന്നിവ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് പെട്ടെന്ന് ഉപേക്ഷിക്കുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാകും. അത്തരത്തില്‍ ഒരിക്കലും നിര്‍ത്തരുതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓരോ ദിവസവും അതിന്‍റെ അളവ് കുറച്ച് കൊണ്ടു വരികയാണ് വേണ്ടത്.
ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നവരിലും ഏറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. അത്തരക്കാരും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരും പതിയെ ഇവയുടെ ഉപയോഗം കുറയ്‌ക്കുകയാണ് വേണ്ടത്.
ജങ്ക് ഫുഡുകള്‍ക്ക് പകരം പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കണം. ഒരു മാസം ശരീരം ഭാരം കുറക്കാന്‍ വേണ്ടി വ്യായാമം ചെയ്യരുത്. വ്യായാമവും ഭക്ഷണ ക്രമീകരണവും കാരണം ശരീരത്തിന്‍റെ ഭാരം കുറഞ്ഞുവരുമെന്ന് വിദഗ്‌ധര്‍ പറയുന്നു.