പോഷക ഗുണങ്ങൾ ധാരളം അടങ്ങിയ ഫലമാണ് പച്ച പപ്പായ. വിറ്റാമിൻ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവയാൽ സമ്പുഷ്‌ടമാണിത്. പണ്ടൊക്കെ കറി, തോരൻ, പച്ചടി തുടങ്ങീ വിവിധ രൂപത്തിൽ പച്ച പപ്പായ ദിവസേന കഴിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതിന്‍റെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഇന്നും മറ്റ് പച്ചക്കറികളെക്കാൾ മുന്നിൽ തന്നെയാണ് പച്ച പപ്പായയുടെ സ്ഥാനം. പതിവായി പച്ച പപ്പായ കഴിക്കുന്നതിലൂടെ ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം.
ദഹന ആരോഗ്യം
പപ്പായയിൽ ഫൈബറും പപ്പൈൻ എന്ന എൻസൈമും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വയറുവേദന, മലബന്ധം എന്നിവ കുറയ്ക്കാനും സഹായിക്കുമെന്ന് ജേർണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ തടയാനും ഇത് ഗുണം ചെയ്യും.
ചർമ്മത്തിൻ്റെ ആരോഗ്യം
പച്ച പപ്പായയിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിൽ കാണപ്പെടുന്ന എൻസൈമുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും.
പ്രതിരോധശേഷി മെച്ചപ്പെടുത്തും
ശക്തമായ ആൻ്റി ഓക്‌സിഡൻ്റായ വിറ്റാമിൻ സി പച്ച പപ്പായയിൽ ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. പതിവായി ഭക്ഷണക്രമത്തിൽ പച്ച പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കൻ സഹായിക്കും.
കാൻസർ പ്രതിരോധം
പച്ച പപ്പായയിൽ വിറ്റാമിൻ സി, ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയാനും സഹായിക്കും. ഇത് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പപ്പായ സഹായിക്കുമെന്ന് ജേണൽ ഓഫ് ഡയബറ്റിസ് റിസർച്ചിലെ ഒരു പഠനം വ്യക്തമാക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും പ്രമേഹ സാധ്യത കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
ആരോഗ്യകരമായ ശരീരഭാരം
പപ്പായയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും പച്ച പപ്പായ ഗുണം ചെയ്യും. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
കരളിൻ്റെ ആരോഗ്യവും
കരളിന്‍റെ ആരോഗ്യം നിലനിർത്താനും പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്. കരളിലെ വിഷാംശം ഇല്ലാതാക്കാനും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും പച്ച പപ്പായ ഗുണകരമാണെന്ന് ജേണൽ ഓഫ് ന്യൂട്രീഷൻ & ബയോകെമിസ്ട്രിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : അതിശയിക്കും തീർച്ച; അറിയാം പപ്പായ ഇലയിലെ ആരോഗ്യ ഗുണങ്ങൾ