ഇന്നത്തെ കാലത്ത് ഒരു ഭക്ഷണവും വിശ്വസിച്ച് കഴിക്കാൻ പറ്റില്ലെന്നും, ഒന്നും ശുദ്ധമല്ലെന്നുമാണ് ആളുകൾ പറയാറുള്ളത്. ഏതൊരു വസ്‌തു എടുത്തുനോക്കിയാലും അതിൽ മായം കണ്ടെത്തുന്ന അവസ്ഥയാണ്. നമ്മുടെ നിത്യ ജീവിതത്തിന്‍റെ പ്രധാന ഭാഗമാണ് ഉപ്പിന്‍റെയും പഞ്ചസാരയുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. അടുത്തിടെ നടന്ന ഒരു പഠനം പറയുന്നതനുസരിച്ച് ഇന്ത്യയിൽ വിൽക്കുന്ന പ്രമുഖ ബ്രാന്‍റുകളുടെ ഉപ്പ്, പഞ്ചസാര പാക്കറ്റുകളില്‍ പോലും മൈക്രേപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.
പാരിസ്ഥിക ഗവേഷണ സ്ഥാപനമായ ടോക്‌സിക്‌സ് ലിങ്ക് ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. 'ഉപ്പിലും പഞ്ചസാരയിലുമുള്ള മൈക്രോപ്ലാസ്റ്റിക്‌സ്' എന്ന പേരിൽ അവര്‍ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. പൊടിയുപ്പ് ഉപ്പ്, കല്ലുപ്പ്, പ്രാദേശിക അസംസ്‌കൃത ഉപ്പ് എന്നിവയുൾപ്പെടെ 10 തരം ഉപ്പുകൾ പരീക്ഷണത്തിനെടുത്തു. ഇതുകൂടാതെ ഓൺലൈൻ വഴിയും പ്രാദേശിക വിപണികളിൽ നിന്നും വാങ്ങുന്ന അഞ്ച് ഇനം പഞ്ചസാരയും പരിശോധിച്ചു.
എല്ലാ ഉപ്പുകളിലും പഞ്ചസാര സാമ്പിളുകളിലും നാരുകൾ, തരികൾ, ഫിലിമുകൾ, ചെറു കഷണങ്ങൾ എന്നിങ്ങനെ വിവിധ രൂപങ്ങളിലുള്ള മൈക്രോ പ്ലാസ്‌റ്റിക് സാന്നിധ്യം കണ്ടെത്തി. ഈ മൈക്രോപ്ലാസ്‌റ്റിക്‌സിൻ്റെ വലിപ്പം 0.1 mm മുതൽ 5 mm വരെയാണ്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അയോഡൈസ്‌ഡ് ഉപ്പിലാണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്‌റ്റിക് കണ്ടെത്തിയത് എന്ന കാര്യമാണ് ഞെട്ടിക്കുന്നത്.
തങ്ങളുടെ പഠനത്തിലെ എല്ലാ ഉപ്പ്, പഞ്ചസാര സാമ്പിളുകളിലും ഗണ്യമായ അളവിൽ മൈക്രോപ്ലാസ്‌റ്റിക് കണ്ടെത്തിയിരിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ടോക്‌സിക്‌സ് ലിങ്കിന്‍റെ അസോസിയേറ്റ് ഡയറക്‌ടർ സതീഷ് സിൻഹ പറഞ്ഞു. ഇത് മനുഷ്യന്‍റെ ആരോഗ്യത്തിൽ മൈക്രോപ്ലാസ്‌റ്റിക് ചെലുത്തുന്ന സ്വാധീനത്തെ എടുത്തുകാണിക്കുന്നു. ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അടിയന്തിരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.