സ്‌ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് നര. പ്രായം കൂടുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. ഇന്ന് ചെറുപ്പക്കാരിലും നര സാധാരണയായി മാറിക്കഴിഞ്ഞു. സൗന്ദര്യ പ്രശ്‌നമായാണ് പലരും ഇതിനെ കാണുന്നത്. മുടിക്ക് കറുപ്പ് നിറം നൽകുന്ന മെലാനിന്‍റെ ഉത്പാദനം കുറയുമ്പോഴാണ് മുടി നരയ്ക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് പലർക്കും അറിവില്ല. നരയ്ക്കുമ്പോൾ മുടി കളർ ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി മിക്കവരും ഉപയോഗിക്കുന്നത് കൃതിമ ഡൈകളാണ്. ഇവയിൽ പലതിലും ലെഡ് അസറ്റേറ്റ്, അമോണിയ, പരാബെന്‍, പിപിഡി എന്നിവ അടങ്ങിയിട്ടുണ്ട്. രാസവസ്‌തുക്കളാൽ നിർമ്മിക്കുന്ന ഇത്തരം ഡൈകൾ സ്ഥിരമായി ഉപയോഗിക്കുന്നത് നിരവധി ആരോഗ്യം പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയാകും. ഹെയർ ഡൈകളുടെ പാർശ്വഫലങ്ങൾ ഏതൊക്കെയെന്ന് അറിയാം.
കാൻസർ സാധ്യത
ഹെയർ ഡൈകളിൽ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നതിനാൽ ഇത് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. തൈറോയ്‌ഡ് ഹോർമോൺ, എന്‍സൈമുകൾ എന്നിവയുടെ അസന്തുലിതാവസ്ഥയ്ക്കും വന്ധ്യതയുടെ സാധ്യത വർധിപ്പിക്കാനും ഇത് കരണമാകും. മുടി പൊട്ടുക, വരണ്ടതാകുക, തലയോട്ടിയിൽ ചൊറിച്ചിൽ തുടങ്ങീ നിരവധി പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കും. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഒരു കാരണവശാലും ഡൈ ഉപയോഗിക്കാൻ പാടില്ല.
അലർജി പ്രശ്‌നങ്ങൾ
ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഹെയർ ഡൈകൾ. മുടിയ്ക്ക് നല്ല കറുപ്പ് നിറം നൽകുന്നതിനാലും കുറഞ്ഞ സമയത്തിനുള്ളിൽ നര അകറ്റാനാകും എന്നതിനാലും കൃതിമ ഡൈകൾക്ക് ജനപ്രീതി കൂടുതലാണ്. എന്നാൽ ഇത്തരം ഡൈകളിൽ വിവിധ അലർജി പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്ന പിപിഡി അടങ്ങിയിട്ടുണ്ട്. ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകാനും പെട്ടന്ന് ബിപി കുറയുന്ന അവസ്ഥയിലേക്ക് നയിക്കാനും ഇത് ഇടയാക്കും.