തിരുവനന്തപുരം : കടുത്ത വേനൽ ചൂടിന് നേരിയ ആശ്വാസം പകർന്ന് മഴ എത്തി തുടങ്ങി. എന്നാൽ ഇടവിട്ടുള്ള മഴ ആശ്വാസം ആണെങ്കിലും ഡെങ്കിപ്പനി പടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെയും വേണം പ്രത്യേക കരുതൽ.
ഡെങ്കിപ്പനി :കൊതുക് പരത്തുന്നതും ഏറ്റവും അധികം പേരിൽ ഉണ്ടാകുന്നതുമായ പനിയാണിത്. കഠിനമായ പനി, അസഹ്യമായ തലവേദന, അസ്ഥികളിലും സന്ധികളിലും വേദന, കണ്ണുകളുടെ പിന്നിൽ വേദന, വിശപ്പില്ലായ്‌മ, ചുവന്ന പാടുകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മുൻപ് ഡെങ്കു ഉണ്ടായവരിൽ രോഗം ഗുരുതരമാകുന്നതിന് സാധ്യതയുണ്ട്. ഗർഭിണികളും, നവജാത ശിശുക്കളും പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയുണ്ടായാൽ നിർജലീകരണം തടയാൻ പരമാവധി ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുക കൊതുകിന്‍റെ പ്രജനനം തടയുക എന്നതാണ് രോഗം വരാതിരിക്കാനുള്ള മാർഗം. ലക്ഷണങ്ങൾ മൂന്നു ദിവസത്തിനകം നീണ്ടുനിൽക്കുകയോ മൂക്കിലോ മോണയിലോ വിസർജ്യങ്ങളിലോ രക്തം കാണപ്പെട്ടാലോ ഉടനെ വൈദ്യ സഹായം തേടേണ്ടതാണ്.
പ്രതിരോധ മാർഗങ്ങൾ ഇങ്ങനെ :ഡെങ്കിപ്പനി കുട്ടികളെയും, മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് പ്രധാന സംരക്ഷണ മാര്‍ഗം. വീടും, സ്ഥാപനവും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്‍റെ ജനലുകളും വാതിലുകളും രാവിലെയും വൈകുന്നേരങ്ങളിലും അടച്ചിടണം. വീടിനകം പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. ജനാലകളും വാതിലുകളും കൊതുകിന്‍റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ വല ഉപയോഗിച്ച് സംരക്ഷിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കുകയും വേണം. വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതൽ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
എലിപ്പനി : വൈറൽ പനി പോലെ തോന്നിപ്പിക്കുന്നതും എന്നാൽ രോഗിയെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതുമായ പനികളിൽ ഒന്നാണിത്. 'ലെപ്റ്റോസ് സ്പൈറോസിസ്' എന്ന ബാക്‌ടീരിയ ആണ് എലിപ്പനിക്ക് കാരണം. മലിന ജലത്തിൽ ചവിട്ടുമ്പോൾ കാലിലെ ചെറിയ മുറിവുകൾ വഴി അണുക്കൾ ശരീരത്തിൽ എത്തുന്നു. ശക്തമായ പനി, വിറയൽ, തളർച്ച, ശരീരവേദന, ചർദ്ദി, മനംപുരട്ടൽ, കണ്ണിനു ചുവപ്പു നിറം, ശരീരത്തിൽ മഞ്ഞനിറം, മൂത്രം കടുത്ത നിറത്തിൽ പോകുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും അടിയന്തര ചികിത്സ തേടേണ്ടതാണ്.
എലിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം :എലിപ്പനി പ്രതിരോധത്തിനായി ആദ്യം ചെയ്യേണ്ടത് മണ്ണും മലിന ജലവുമായി ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം എന്നതാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നൽകണം.
കൊതുകുകളെ അകറ്റാം, രോഗങ്ങളെയും :വെള്ളം കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്‍ക്കൂരയിലും കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ മുതലായവ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യണം. ആഴ്‌ചയില്‍ ഒരിക്കല്‍ എങ്കിലും വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളും ഫ്രിഡ്‌ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയും വൃത്തിയാക്കണം. വെള്ളം സംഭരിച്ചു വെക്കുന്നവ അടച്ചു സൂക്ഷിക്കണം. കൊതുക് കടിയേല്‍ക്കുന്നത് പരമാവധി ഒഴിവാക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കണം. കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കണം. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി ഒഴിവാക്കണം.
ജാഗ്രത വേണം ചിക്കന്‍ പോക്‌സിനും മലേറിയക്കുമെതിരെ :ജലജന്യ രോഗങ്ങള്‍ക്കെതിരെയും ചിക്കന്‍ പോക്‌സ്, മലേറിയ, മറ്റ് പകര്‍ച്ച പനികള്‍ എന്നിവയ്‌ക്കെതിരെയും പ്രത്യേക ജാഗ്രത പാലിക്കണം. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തിന്‍റെ ലഭ്യത കുറവായതിനാല്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. കടുത്ത ചൂട് ആയതിനാൽ നിര്‍ജലീകരണമുണ്ടാകാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണം. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. സ്വയംചികിത്സ സ്വീകരിക്കരുത്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ചികിത്സ തേടണം. വ്യക്തി ശുചിത്വം പാലിക്കണം.
ശ്രദ്ധയും മുൻകരുതലും ഉണ്ടെങ്കിൽ മാത്രമേ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കൂ. കൃത്യസമയത്തു ഉചിതമായ ചികിത്സ ലഭിക്കാത്തതാണ് പനി മാരകമാകുന്നതിനു പലപ്പോഴും കാരണമാകുന്നത്. പ്രതിരോധമാണ് ചികിത്സയേക്കാൾ അഭികാമ്യം എന്നത് പനിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. വ്യക്തി ശുചിത്വം പാലിക്കുകയും, പരിസരം ശുചിയായി സൂക്ഷിക്കുകയും, ഭക്ഷണം വെള്ളം എന്നിവ മലിനമല്ല എന്ന് ഉറപ്പുവരുത്തുകയും, യഥാസമയം ഔഷധങ്ങളുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെയും പനിയുടെ കടന്നുവരവിനെ പ്രതിരോധിക്കുന്നതിനു സാധിക്കും.