നമ്മൾ മലയാളികൾ ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങ അഥവാ നാളികേരം. കറി, ഉപ്പേരി, പുട്ട്, പായസം തുടങ്ങീ നിരവധി വിഭവങ്ങളിൽ രുചി വർധിപ്പിക്കാനായി തേങ്ങ ചേർക്കുന്നവരാണ് മിക്കവരും. പച്ച തേങ്ങ കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരും നിരവധിയാണ്. തേങ്ങ ചിരകുന്നതിനിടയിൽ അൽപമെങ്കിലും വായിലിടാത്തവരും ഉണ്ടാകില്ല. എന്നാൽ ഭക്ഷണത്തിന് രുചി കൂട്ടും എന്നതിന് പുറമെ ഒട്ടനവധി ആരോഗ്യ ഗുണങ്ങളും പച്ച തേങ്ങയിൽ അടങ്ങിയിട്ടുണ്ട്. അവ എന്തൊക്കെയാണ് നോക്കാം.
ദഹനാരോഗ്യം
നാരുകളുടെ സമ്പന്ന ഉറവിടമാണ് പച്ച തേങ്ങ. ആന്‍റി ബാക്‌ടീരിയൽ, ആൻ്റി മൈക്രോബയൽ ഗുണങ്ങളും പച്ച തേങ്ങയിൽ അടങ്ങിയിട്ടുണ്ട്. ദഹന നാളത്തിലെ ദോഷകരമായ ബാക്‌ടീരിയകൾ, വൈറസ്, ഫംഗസ് എന്നിവയെ ചെറുക്കാൻ ഇത് ഗുണം ചെയ്യും. കുടലിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം അകറ്റാനും പച്ച തേങ്ങ സഹായിക്കുമെന്ന് ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ശരീരഭാരം നിയന്ത്രിക്കാൻ
പച്ച തേങ്ങയിൽ ഉയർന്ന അളവിൽ നാരുകളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുമെന്ന് 2013 ൽ ന്യൂട്രിഷൻ റിസർച്ച് നടത്തിയ അവലോകനത്തിൽ പറയുന്നു. എന്നാൽ പച്ച തേങ്ങയിൽ കൊഴുപ്പും കലോറിയും കൂടുതലായതിനാൽ കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം വിപരീത ഫലത്തിന് കരമാണമാകും.
പ്രമേഹ നിയന്ത്രിയ്ക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കാൻ പച്ച തേങ്ങ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി. ടൈപ്പ് 2 പ്രമേഹമുള്ളവരും പച്ച തേങ്ങ കഴിക്കുന്നത് നല്ലതാണ്. എന്നാൽ ശ്രദ്ധക്കുക മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ.
രോഗപ്രതിരോധ ശേഷി
പച്ച തേങ്ങയിൽ ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റിവൈറൽ, ആന്‍റി ബാക്‌ടീരിയൽ, ആൻ്റിഫംഗൽ എന്നീ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് 2014 ൽ ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
എല്ലിന്‍റെ ആരോഗ്യം
കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ചെറിയ അളവിൽ തേങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പതിവായുള്ള ഇതിന്‍റെ ഉപയോഗം എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കും. കൂടാതെ തേങ്ങയിലെ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എല്ലിനെ ശക്തിപ്പെടുത്താനും സാന്ദ്രത നിലനിർത്താനും സഹായിക്കുമെന്ന് ജേർണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.
ശ്രദ്ധയ്ക്കുക: പച്ച തേങ്ങയ്ക്ക് ആരോഗ്യ ഗുണങ്ങൾ നിരവധിയുണ്ടെകിലും ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ ഇല്ലാതാക്കാനും മിതമായ അളവിൽ മാത്രമേ പച്ചത്തേങ്ങ കഴിക്കാൻ പാടുള്ളൂ.
Also Read : റെക്കോഡിട്ട് പച്ചത്തേങ്ങ വില; കിലോയ്‌ക്ക് 51 രൂപ, കൊപ്ര വിലയിലും വന്‍ കുതിപ്പ്