കാസർകോട്: പലരും ഉറങ്ങി എഴുനേറ്റപ്പോൾ ആകും തൊണ്ടയിൽ അസ്വസ്ഥത ഉണ്ടാകുക. ജലദോഷവും ഉണ്ടാകും. പിന്നാലെ ചുമയും എത്തും. പ്രായപൂർത്തിയായവരിൽ വര്‍ഷത്തില്‍ രണ്ടു തവണ ജലദോഷം വരുന്നത് സ്വാഭാവികമാണെന്ന് അറിയാമോ ? ഇപ്പോൾ മിക്കവരും ജലദോഷത്തിന്‍റെ പിടിയിലാണ്. തൊണ്ട വേദനയും കഫക്കെട്ടും ചുമയുമായി ഓരോ ദിവസവും നിരവധിപ്പേരാണ് ആശുപത്രികളിൽ എത്തുന്നത്. പല വൈറസുകളാൽ ജലദോഷം ഉണ്ടാകാം. 200-ലധികം തരം വൈറസുകൾ ജലദോഷത്തിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. ഇതിൽ ഏറ്റവും സാധാരണമായത് റിനോവൈറസ് ആണ്.
ജലദോഷം നിങ്ങളുടെ മൂക്കിലും മുകളിലെ ശ്വാസകോശത്തിലും ഉണ്ടാകുന്ന ഒരു വൈറൽ അണുബാധയാണ് . ഇത് പൊതുവെ ഗുരുതരമായതോ ജീവന് ഭീഷണിയോ ആയ ഒരു പ്രശ്‌നമല്ല. എന്നാൽ ഒരാഴ്‌ചയിൽ അധികം നീണ്ടു നിൽക്കുന്ന ജലദോഷം ആരോഗ്യത്തെ ബാധിക്കും. ബാക്‌ടീരിയ പ്രവേശിക്കാനും രോഗ പ്രതിരോധ ശേഷി കുറയാനും ഇത് കാരണമാകും. ഇത് നിങ്ങളെ ബലഹീനമാക്കുകയും സൈനസൈറ്റിസ്, ചെവിയിൽ അണുബാധ, ന്യുമോണിയ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ആറ് വയസിന് താഴെയുള്ള കുട്ടികളിലാണ് ജലദോഷം ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. എന്നാൽ മുതിർന്നവർക്കും ജലദോഷം പിടിപ്പെടാറുണ്ട്. ഇന്ന് മിക്ക ആളുകളെയും ജലദോഷവും തൊണ്ട വേദന, ചുമ, ക്ഷീണം എന്നിവ അലട്ടാറുണ്ട്. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ടന്നാണ് ആരോഗ്യം വിദഗ്‌ധർ പറയുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ജലദോഷവും തൊണ്ടയും വ്യാപിക്കാൻ കാരണമാകുന്ന പ്രധാന ഘടകം.
രാത്രിയിൽ നല്ല തണുപ്പും പകൽ ചൂടുമാണ് ഇപ്പോഴത്തെ കാലാവസ്ഥ. ജലദോഷം വന്നാൽ
ഡോക്‌ടറെ കാണാതെ മരുന്ന് കഴിക്കുന്നതും അപകടമാണെന്നു ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നു കഴിക്കാവൂ. മൂന്നോ നാലോ ദിവസം കൊണ്ട് രോഗവസ്ഥ കുറയും. അതേ സമയം ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ ഉള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവർ മാസ്‌ക് ധരിക്കണമെന്ന് ഡിഎംഓ ഡോ രാംദാസ് പറഞ്ഞു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ സ്വയം രോഗ നിർണയത്തിന് മുതിരാതെ ഒരു ഡോക്‌ടറെ സമീപിക്കുക.
Also Read
1 ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ ? കാരണം ഇതാകാം
2 നിസാരമാക്കരുത്, വെള്ളം കുടിയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; ഇല്ലെങ്കിൽ പണിപാളും