ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഉള്ളി അഥവ സവാള. ഭക്ഷണങ്ങളുടെ രുചി വർധിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും സവാള ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി പല അസുഖങ്ങൾ അകറ്റാൻ സഹായിക്കും. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും എല്ലുകളെ ബലപ്പെടുത്താനും മലബന്ധം അകറ്റാനും ഇത് ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹമുള്ളവർ ഉള്ളി കഴിക്കുന്നത് നല്ലതാണെന്ന് ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീരിച്ച ഒരു പഠനത്തിൽ പറയുന്നു. ഉള്ളിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം.
പോഷകങ്ങളാൽ സമ്പുഷ്‌ടം
വിറ്റാമിൻ സി, വിറ്റാമിൻ ബി 6, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണ് ഉള്ളി.
ആന്‍റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഉള്ളിയിൽ ക്വെർസെറ്റിൻ, ഡയലിൽ ഡൈസൾഫൈഡ് തുടങ്ങിയ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം, ഹൃദ്രോഗം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യത കുറയ്ക്കും.
ഹൃദയാരോഗ്യം
ഉള്ളിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കും. ഇതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഉള്ളി പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഗുണം ചെയ്യും. ഇവയെല്ലാം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2015-ൽ ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കാൻസർ പ്രതിരോധം
ഉള്ളിയിൽ ക്വെർസെറ്റിൻ, ഓർഗാനോസൾഫർ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനും സഹായിക്കും. ആമാശയം, വൻകുടൽ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെ നിരവധി ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഉള്ളി ഗുണകരമാണ്.
മെച്ചപ്പെട്ട ദഹനം
ഉള്ളി ദഹനം മെച്ചപ്പെടുത്താനും മലബന്ധം കുറയ്ക്കാനും സഹായിക്കുമെന്ന് ഫുഡ് റിസർച്ച് ഇൻ്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഇൻസുലിൻ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.
രോഗപ്രതിരോധ പ്രവർത്തനം
വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ് ഉള്ളി. ആൻ്റിമൈക്രോബയൽ ഗുണങ്ങളും ഇതിലുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും മുറിവ് ഉണക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യും.
ആരോഗ്യകരമായ ശരീരഭാരം
ഉള്ളിയിൽ കലോറി കുറവും നാരുകൾ ഉയർന്ന അളവിലും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
മുടിയുടെ ആരോഗ്യം
ഉള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന കെരാറ്റിൻ ഉൽപാദനം വർധിപ്പിക്കാൻ ഗുണം ചെയ്യും. ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുകയും ചെയ്യുമെന്ന് ജേർണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ചർമ്മത്തിൻ്റെ ആരോഗ്യം
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ കൊളാജൻ ഉത്പാദനത്തെ വർധിപ്പിക്കാൻ ഉള്ളി ഫലപ്രദമാണ്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കും. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. വാർദ്ധക്യ ലക്ഷണങ്ങൾ കുറച്ച് ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇത് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : തക്കാളി പഴുക്കാൻ കാക്കേണ്ട പച്ച തന്നെ കഴിക്കാം; ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും