ഹൈദരാബാദ്: പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ ജനപ്രിയ സ്‌കൂട്ടറായ സുസുക്കി ആക്‌സസ് 125ന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് സുസുക്കി ആക്‌സസ് 125ന്‍റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് പുറത്തിറക്കിയത്. 81,700 രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കിയ സ്‌കൂട്ടർ മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്.
എഞ്ചിൻ: ഒബിഡി2 കംപ്ലയൻസോടു കൂടിയ 125 സിസി സിംഗിൾ സിലിണ്ടറാണ് ആക്‌സസ് 125 മോഡലിന്‍റെ പുതുക്കിയ പതിപ്പിൽ നൽകിയിരിക്കുന്നത്. വാഹനത്തിന്‍റെ എഞ്ചിനോ മറ്റോ എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ ഉടനെ ഡ്രൈവർക്ക് അലർട്ട് നൽകുന്ന സംവിധാനമാണ് ഒബിഡി2 അഥവാ ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് 2 സിസ്റ്റം. 6,500 ആർപിഎമ്മിൽ 8.3 ബിഎച്ച്‌പി പവറും 5,000 ആർപിഎമ്മിൽ 10.2 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. മുൻ മോഡലുകളേക്കാൾ കൂടുതൽ മൈലേജ് നൽകുന്ന എഞ്ചിനാണ് ഇത്. കൂടാതെ പുതുക്കിയ മോഡലിൽ മുൻ മോഡലിനേക്കാൾ വലിയ ഇന്ധന ടാങ്കും നൽകിയിട്ടുണ്ട്.
ഡിസൈൻ: ഡിസൈനിന്‍റെ കാര്യം പരിശോധിക്കുമ്പോൾ, പുതുക്കിയ മോഡൽ മുൻ മോഡലിന് സമാനമാണ്. എന്നാൽ ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റാണ് പുതുക്കിയ ആക്‌സസ് 125ൽ നൽകിയിരിക്കുന്നത്. കൂടാതെ ക്രീസ് ലൈനുകൾ സൈഡ് പാനലിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. വാഹനത്തിന്‍റെ ടെയിൽ സെക്ഷൻ മൊത്തത്തിലുള്ള ഡിസൈനിന് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എക്‌സ്റ്റീരിയർ ഫ്യൂവൽ ഫില്ലിങ് ലിഡ്, രണ്ട് ഫ്രണ്ട് പോക്കറ്റുകൾ, ലോങ് സീറ്റ്,കൂടുതൽ അണ്ടർസീറ്റ് സ്‌റ്റോറേജ് എന്നിവയാണ് പുതിയ ഫീച്ചറുകൾ. പാസ് സ്വിച്ച്, റിയർ ബ്രേക്ക് ലോക്ക്, ഹസാർഡ് ലൈറ്റ് സ്വിച്ച്, ബ്ലൂടൂത്തുമായി കണക്‌റ്റ് ചെയ്യാവുന്ന ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. മഴ മുന്നറിയിപ്പ്, ഡിജിറ്റൽ വാലറ്റ്, ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ നൽകുന്നതാണ് ഈ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ.
വേരിയന്‍റുകൾ: മൂന്ന് വേരിയൻ്റുകളായാണ് സുസുക്കി ആക്‌സസ് 125ന്‍റെ പുതുക്കിയ പതിപ്പ് ലഭ്യമാവുക. സ്റ്റാൻഡേർഡ്, സ്‌പെഷ്യൽ, റൈഡ് കണക്റ്റ് എന്നിവയാണ് മൂന്ന് വേരിയൻ്റുകൾ. മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, പേൾ ഗ്രേസ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, സോളിഡ് ഐസ് ഗ്രീൻ, പേൾ ഷൈനി ബീജ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഇവ ലഭ്യമാവുക.
Also Read:
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- വാഹന പ്രേമികൾക്കായി പുതിയ ബിഎംഡബ്ല്യു എക്‌സ് 3: വില 75.8 ലക്ഷം മുതൽ