സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണ വില ഗ്രാമിന് 8,025 രൂപയും പവന് 64,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമായി ഉയരുകയും കേരളത്തിലെ സർവകാല റെക്കോർഡ് കുറിക്കുകയും ചെയ്‌തിരുന്നു. 64,560 രൂപയായിരുന്നു ഇന്നലെ പവന്‍റെ വില, ഗ്രാമിന് 8,070 രൂപയും.
18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 6,605 രൂപയായി. അതേസമയം ഇന്നലെ ഉയർന്ന വെള്ളി വിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിന് 108 രൂപയാണ് വില. രാജ്യാന്തര സ്വർണവില ലാഭമെടുപ്പിന്‍റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരമായ 2,954 ഡോളറിൽ നിന്ന് 2,927 ഡോളറിലേക്ക് താഴ്ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും മെച്ചപ്പെടുന്ന സൂചന നൽകിയതുമാണ് കേരളത്തിലും വില കുറയാൻ വഴിയൊരുക്കിയത്.
ഡൊണാൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങൾ പണപ്പെരുപ്പം കൂടാനിടയാക്കിയേക്കാമെന്നും അതിനാൽ തത്‌കാലം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്നും യുഎസിന്‍റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സൂചന നൽകിയതും രാജ്യാന്തര സ്വർണവിലയെ റെക്കോർഡിൽ നിന്ന് താഴേക്ക് നയിച്ചു. കാരണം, പലിശനിരക്ക് കുറയുന്നതാണ് സ്വർണത്തിന് നേട്ടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പലിശ കുറയുമ്പോൾ ആനുപാതികമായി ബാങ്ക് നിക്ഷേപ പലിശ, കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) എന്നിവ കുറയുകയും നിക്ഷേപകർ മികച്ച നേട്ടം ഉന്നമിട്ട് സ്വർണനിക്ഷേപ പദ്ധതികളിലേക്ക് തിരിയുകയും ചെയ്യും. അതോടെ വിലയും കൂടും.
നിലവിൽ ഫെഡറൽ റിസർവ് മറിച്ച് ചിന്തിച്ച് തുടങ്ങിയതാണ് ലാഭമെടുപ്പിന് കളമൊരുക്കിയതും വില താഴ്ന്നതും. അതേസമയം ട്രംപിന്‍റെ നയങ്ങൾ മൂലം രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ വഷളാവുകയും ലോക വ്യാപാര മേഖല തിരിച്ചടി നേരിടുകയും ചെയ്‌താൽ സ്വർണവില വീണ്ടും കൂടാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു.
സ്വർണവില കുറഞ്ഞതോടെ ആഭരണങ്ങളുടെ വാങ്ങൽവിലയും കുറഞ്ഞിട്ടുണ്ട്. മൂന്ന് ശതമാനം ജിഎസ്‌ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5 ശതമാനം കണക്കാക്കിയാൽ) ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,487 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,686 രൂപയും.
ഫെബ്രുവരി തുടക്കത്തിൽ പവന് 61,960 രൂപയായിരുന്നു സ്വർണ വില. കേരളത്തിൽ ഈ മാസത്തെ താഴ്ന്ന നിരക്കുകളിലേക്ക് വില എത്തിയത് ഫെബ്രുവരി 3ാം തീയതിയാണ്. അന്ന് പവന് 61,640 രൂപയും ഗ്രാമിന് 7,705 രൂപയുമായിരുന്നു വില.
നിലവിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽ പോലും ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ജിഎസ്‌ടി, ഹാൾമാർക്കിങ് ചാർജ്ജുകൾ എന്നിവ ഉൾപ്പെടെയാണിത്. മികച്ച ഡിസൈനുകൾക്ക് പണിക്കൂലി കൂടുമെന്നതിനാൽ അത്തരം ആഭരണങ്ങൾക്ക് വീണ്ടും വില ഉയരും.
Also Read: കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് മാതളം കയറ്റുമതി ചെയ്‌ത് ഇന്ത്യ