പാലക്കാട്: എലപ്പുള്ളി മണ്ണുകാട്ടിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ഓയാസിസ് മദ്യ കമ്പനിക്ക് നൽക്കിയ അനുമതി റദ്ദാക്കണമെന്ന് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പ്രമേയം. യുഡിഎഫ് നേതാവായ പഞ്ചായത്ത് പ്രസിഡന്‍റ് കെ രേവതി ബാബു അവതരിപ്പിച്ച പ്രമേയത്തെ ബിജെപി പിന്തുണച്ചു.
ഭരണ സമിതിയിൽ യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും ബിജെപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. മദ്യക്കമ്പനി സ്ഥാപിക്കുന്ന കാര്യം സർക്കാർ പഞ്ചായത്തുമായി കൂടിയാലോചന നടത്തിയില്ലെന്ന് പ്രമേയത്തിൽ പറയുന്നു. കൊടും വരൾച്ച അനുഭവപ്പെടുന്ന എലപ്പുള്ളിയിൽ വെള്ളമൂറ്റുന്ന കമ്പനിക്ക് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗ്രീൻ ചാനൽ വഴി അപേക്ഷ നൽകിയ കമ്പനിയുടെ കാര്യങ്ങൾ പഞ്ചായത്തിനെ സർക്കാർ ബോധ്യപ്പെടുത്തിയിട്ടില്ല. ഭൂമി പരിവർത്തന അപേക്ഷ വില്ലേജും ആർഡിഒയും നിരസിച്ചപ്പോഴാണ് കമ്പനി ഗ്രീൻ ചാനൽ വഴി അനുമതി നേടിയത്.
പല അനുമതികൾക്കായി കമ്പനി പല വിധത്തിലുള്ള അപേക്ഷയാണ് നൽകിയിട്ടുള്ളത്. പരിസ്ഥിതി മലിനീകരണത്തിനും സാധ്യതയുണ്ട്. അനുമതി സർക്കാർ റദ്ദ് ചെയ്യണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. നാടിൻ്റെ വികസനത്തിന് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് ചർച്ചയിൽ പങ്കെടുത്ത സിപിഎം അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചു.