തിരുവനന്തപുരം: ഷാരോൺ വധക്കേസ് വിധിയിൽ പ്രതികരിച്ച് കുടുംബം. വിധിയിൽ തൃപ്‌തയാണെന്ന് ഷാരോണിൻ്റെ അമ്മ. വിധിയിലും നീതിന്യായ വ്യവസ്ഥയിലും നൂറ് ശതമാനം വിശ്വാസമുണ്ടെന്നും തൻ്റെ മകന് നീതി ലഭിച്ചതായും അമ്മ വികാരഭരിതയായി പ്രതികരിച്ചു. നിഷ്‌കളങ്കനായ എന്‍റെ പൊന്നുമോന്‍റെ നിലവിളി ദൈവം കേട്ടു. ദൈവം നീതിമാനായ ജഡ്‌ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞുവെന്നും അവര്‍ പറഞ്ഞു.
തൻ്റെ മകന് നീതി ലഭിച്ചെന്ന് ഷാരോണിൻ്റെ അമ്മാവൻ സത്യശീലന്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ സത്യം തെളിഞ്ഞു. എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്ന് അമ്മാവൻ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ഷാരോണ്‍ വധക്കേസിൽ വധശിക്ഷാ വിധി കേട്ട് നിർവികാരയായാണ് ഗ്രീഷ്‌മ നിന്നത്. വിധികേട്ടിട്ടും ഒന്നും തന്നെ പ്രതികരിച്ചില്ല. ഒന്നാം പ്രതിയായ ഗ്രീഷ്‌മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായർക്ക് മൂന്ന് വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്‌മ ചെയ്‌തതായി കോടതി വ്യക്തമാക്കി. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്‌മയക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്‌മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
കേരള പൊലീസിന് അഭിനന്ദനം
കേരള പൊലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പൊലീസ് അന്വേഷണം അതിസമർഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പൊലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്‌തു. കുറ്റകൃത്യം ചെയ്‌ത അന്ന് മുതൽ തനിക്കെതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നുവെന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്‌താവത്തിൽ വ്യക്തമാക്കി.
Also Read: പാറശാല ഷാരോണ്‍ രാജ് വധക്കേസ്; ഗ്രീഷ്‌മക്ക് തൂക്കുകയർ