കൊവിഡ് 19 മഹാമാരി ശരീരത്തെ മാത്രം ബാധിക്കുന്ന ഒന്നായിരുന്നില്ല, പലരുടെയും മനസിനെയും കൊവിഡ് സ്വാധീനിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം മാനസികാരോഗ്യം കുറച്ചുകൂടെ മോശമായതായാണ് പലരുടെയും അനുഭവസാക്ഷ്യം. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ പുതിയ ആഗോള മാനസികാരോഗ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.
ഇന്ത്യ അടക്കമുള്ള 71 രാജ്യങ്ങളുടെ ആഗോള മാനസികാരോഗ്യ റിപ്പോർട്ട് സൂചിപ്പിക്കുന്നത് കൊവിഡിന് മുൻപ് ജനങ്ങൾക്കുണ്ടായിരുന്ന സന്തോഷവും സമാധാനവും ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നാണ്. റിപ്പോർട്ട് അനുസരിച്ച് ഏറ്റവും മോശമായത് ചെറുപ്പക്കാരുടെ അവസ്ഥയാണ്, 35 വയസ്സിന് താഴെയുള്ളവർ. അവരിൽ കൊവിഡ് സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ വളരെക്കാലം നീണ്ടുനിൽക്കുന്നു. അതേസമയം 65 വയസ്സിന് മുകളില്‍ പ്രായമുള്ളരെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.
ഗ്ലോബൽ മൈൻഡ് പ്രോജക്‌റ്റിൻ്റെ വാർഷിക പ്രസിദ്ധീകരണമായ മെൻ്റൽ സ്‌റ്റേറ്റ് ഓഫ് വേൾഡ് റിപ്പോർട്ടിൻ്റെ ഭാഗമായാണ് ഇത് വെളിപ്പെടുത്തിയത്. ഓരോ വർഷവും പുറത്തിറങ്ങുന്ന റിപ്പോർട്ടില്‍ ജനസംഖ്യയുടെ മാനസികാവസ്ഥ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ട്രെൻഡിലുണ്ടാകുന്ന മാറ്റങ്ങൾ, അവയുടെ കാരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ വർഷത്തില്‍ ഇടയ്‌ക്കിടെ ഇറങ്ങുന്ന റാപ്പിഡ് റിപ്പോർട്ടുകൾ ഈ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഉൾക്കാഴ്‌ചയും കാഴ്‌ചപ്പാടുകളും അവതരിപ്പിക്കുന്നു.
71 രാജ്യങ്ങളിൽ നിന്നുള്ള 41,9,175 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് 2023 ലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഏതാനും ദിവസം മുൻപാണ് 13 ഭാഷകളിൽ ഈ റിപ്പോർട്ട് പുറത്തിറങ്ങിയത്. റിപ്പോര്‍ട്ടിനായി മാനസികാരോഗ്യത്തിൻ്റെ 47 വശങ്ങളാണ് വിലയിരുത്തിയത്.
ആറ് വിഭാഗങ്ങളില്‍ ഒരു വ്യക്തിയുടെ മാനസികാരോഗ്യ ഘടകം (മെന്‍റൽ ഹെൽത്ത് ക്വോഷ്യന്‍റ് ) കണ്ടെത്താനാണ് വിലയിരുത്തൽ ലക്ഷ്യമിടുന്നത്. മാനസികാവസ്ഥയും കാഴ്‌ചപ്പാടും, സാമൂഹിക ഇടപെടല്‍, മുന്നേറ്റവും പ്രചോദനവും, മനസും-ശരീരവും തമ്മിലുള്ള ബന്ധം, അറിവും പൊരുത്തപ്പെടുത്തലും, പ്രതിരോധശേഷി എന്നീ ഘടകങ്ങളെ മുന്നിർത്തിയായിരുന്നു വിവരശേഖരണം നടന്നത്.
ആളുകളുടെ ജീവിതശൈലി, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ചലനാത്മകത, വ്യക്തിപരമായി നേരിട്ട ആഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സർവേ ശേഖരിക്കുന്നു. പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ആളുകൾക്ക് ഒരു സ്കോർ നൽകുന്നു.
ഈ വർഷത്തെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:കൊവിഡ് മഹാമാരിക്ക് ശേഷം കുറഞ്ഞ മാനസിക സൗഖ്യത്തിൽ നിന്ന് കരകയറാനുള്ള ഒരു ലക്ഷണവും ഈ വർഷത്തെ റിപ്പോർട്ടിലില്ല. ആഗോള തലത്തിലും ഓരോ രാജ്യങ്ങളുടെ കാര്യത്തിലും ഇത് ഇങ്ങനെതന്നെയാണ്. കൊവിഡിന് ശേഷം കുത്തനെ ഇടിഞ്ഞ മാനസികാരോഗ്യം മെച്ചപ്പെട്ടിട്ടില്ല.
ഇത് കൊവിഡ് മഹാമാരിയുടെ നീണ്ടുനിൽക്കുന്ന ആഘാതത്തെക്കുറിച്ചും, നമ്മുടെ ജീവിതത്തിലും ജോലിയിലുമുണ്ടായ മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. റിമോട്ട് വർക്കിങ്, ഓൺലൈൻ കമ്യൂണിക്കേഷൻ, അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണത്തിൻ്റെ ഉപഭോഗം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്കിൻ്റെ ഉപയോഗം എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം നമ്മെ മോശം മാനസികാരോഗ്യത്തിലേക്ക് തള്ളിവിട്ടതായാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന്.