ഹൈദരാബാദ് :ഒരു വശത്ത് മത്സര പരീക്ഷകള്‍, മറുവശത്ത് പത്താം ക്ലാസ്, ഇൻ്റർ വാർഷിക പരീക്ഷകളും ഒരുമിച്ച് വന്നതോടെ പഠന തിരക്കിലാണ് വിദ്യാർഥികൾ. മണിക്കൂറുകളോളം പുസ്‌തകങ്ങളിൽ ചെലവഴിക്കുന്നതിന് പുറമെ ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയുടെ സഹായത്തോടെ പലരും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ കണ്ണുകൾ നേരിടാൻ പോകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്.
സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് പരീക്ഷ കാലയളവിൽ കുട്ടികളുടെ കണ്ണുകളുടെ സമ്മർദം വർധിപ്പിക്കുമെന്നാണ് എൽവി പ്രസാദ് ഒഫ്‌താൽമോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്‌ധർ പറയുന്നത്. ഇത് സംബന്ധിച്ച് ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് ഒഫ്‌താൽമോളജിസ്റ്റ് ഡോക്‌ടർ ദിവ്യ നടരാജൻ നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
വിശ്രമമില്ലാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുകളിൽ വരൾച്ച ഉണ്ടാകുന്നു. വരണ്ട കണ്ണുകൾ, കാഴ്‌ചക്കുറവ്, മൈഗ്രേൻ, തലവേദന, എന്നിവയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികൾക്ക് പഠനത്തിൽ ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ഇത്തരം പ്രശ്‌നങ്ങൾ പരീക്ഷ കാലത്ത് കുട്ടികൾക്ക് ഉണ്ടാകാതിരിക്കാൻ ആദ്യമേ സമഗ്രമായ നേത്രപരിശോധന നടത്തി കണ്ണിന്‍റെ സുരക്ഷ ഉറപ്പാക്കണം. കണ്ണട ധരിച്ചിട്ടുണ്ടെങ്കിൽ ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. പരിശോധനയിലൂടെ കാഴ്‌ച വൈകല്യങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തിരിച്ചറിയാനും സാധ്യതയുണ്ട്.
ഡിജിറ്റൽ പഠനത്തിൽ 20-20-20 നിയമം പാലിക്കണമന്നാണ് വിദഗ്‌ധർ പറയുന്നത്. ഓരോ മണിക്കൂറിലും ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് നേരം 20 അടി അകലെയുള്ള മറ്റ് വസ്‌തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇതോടൊപ്പം കണ്ണിൻ്റെ പേശികളിൽ അയവും വരുത്തണം. തൽഫലമായി, കണ്ണുകളുടെ സമ്മർദം കുറയുന്നു.