കേരളം

kerala

ETV Bharat / health

അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തി, അർബുദത്തെ അതിജീവിച്ച സഹപാഠിയുടെ ജീവിതം നാടകമാക്കി - അർബുദത്തെ അതിജീവിച്ച സഹപാഠി

ശരിയായ ചികിത്സയിലൂടെയും ഇച്ഛാശക്തി കൊണ്ടും അർബുദത്തെ തോല്‍പിച്ച പെൺകുട്ടിയുടെ കഥ, മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട്‌ "ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്".

World Cancer Day  Inspiring Story Of Cancer Survival  അർബുദത്തെ അതിജീവിച്ച സഹപാഠി  കാൻസറിനെ അതിജീവിച്ച കഥ നാടകം
Inspiring Story Of Cancer Survival

By ETV Bharat Kerala Team

Published : Feb 3, 2024, 9:24 PM IST

കാൻസറിനെ അതിജീവിച്ച കഥ

കാസർകോട്: "ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്"... ഇതൊരു നാടകത്തിന്‍റെ പേരാണ്. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിലെ മികച്ച നാടകം. ഈ പേരിനും നാടകത്തിനും പിന്നിൽ ഒരു അതിജീവനത്തിന്‍റെ കഥയുണ്ട്. കാൻസറിനെ അതിജീവിച്ച പെൺകുട്ടിയുടെ കഥ. അതു മഹാ സന്ദേശമാക്കിയ സ്‌കൂളിന്‍റെ കഥ.

അർബുദത്തെ ആസ്‌പദമാക്കിയുള്ളതായിരുന്നു കാസർകോട് ഇരിയണ്ണി ജിവിഎച്ച്എസ്എസിന്‍റെ നാടകം. ഇതേ സ്‌കൂളിലെ വിദ്യാർഥിയും അർബുദ ബാധിതയുമായ ശ്രുതിയുടെ കഥയായിരുന്നു അത്. തലശേരി കാൻസർ സെന്‍ററിലെ മാസങ്ങൾ നീണ്ട ചികിത്സയ്ക്കിടെ ഏഴ് കീമോ. ശരിയായ ചികിത്സയും ഇച്ഛാശക്തിയും... പതിനഞ്ചുകാരിയായ ശ്രുതി അർബുദത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചു വന്നു.

പനിയും ജലദോഷവുമായി ആശുപത്രിയിൽ എത്തിയതായിരുന്നു ശ്രുതി. ഇവിടെ നിന്നും ഡോക്‌ടർ രക്തം കുറവാണെന്നു പറഞ്ഞു. രക്തം കയറ്റിയിട്ടും പനി വിട്ടുമാറിയില്ല. തുടർന്ന് വീണ്ടും ഡോക്‌ടറുടെ അടുത്ത് എത്തിയപ്പോൾ സംശയത്തെ തുടർന്നു തലശ്ശേരി കാൻസർ സെന്‍ററിലേക്ക് അയച്ചു. പിന്നീടങ്ങോട്ട്‌ ചികിത്സയുടെ നാളുകൾ. രോഗം തിരിച്ചറിഞ്ഞപ്പോൾ പേടിയായി. പക്ഷേ കാൻസർ സെന്‍ററിൽ തന്നെക്കാൾ ചെറിയ കുട്ടികളെ കണ്ടപ്പോൾ ഇതൊന്നും ഒന്നും അല്ല എന്ന് തോന്നി. അതാണ് പൊരുതാൻ പ്രേരിപ്പിച്ചതെന്ന് ശ്രുതി പറയും.

കലോത്സവത്തിൽ പങ്കെടുക്കാൻ സ്‌കൂളിൽ നിന്നും ഒരു നാടകം എന്ന ആശയം വന്നപ്പോൾ എന്തെങ്കിലും സന്ദേശം നൽകുന്ന കഥ ആകണമെന്ന് കുട്ടികൾക്കും അധ്യാപകർക്കും നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് സഹപാഠിയായ ശ്രുതിയുടെ അതിജീവന കഥ തന്നെ തെരെഞ്ഞെടുത്തത്. കുട്ടികൾ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. മികച്ച നാടകമായി തെരഞ്ഞെടുക്കുമ്പോൾ ഇരിയണ്ണി സ്‌കൂൾ മാത്രമല്ല, കേരളമാകെ ഈ കുട്ടികളെ ഹൃദയത്തോട് ചേർത്തു നിർത്തുകയായിരുന്നു. അരുൺ പ്രിയ ദർശനാണ്‌ നാടകം സംവിധാനം ചെയ്‌തത്‌.

ABOUT THE AUTHOR

...view details