നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പൈനാപ്പിൾ. വൈറ്റമിൻ സി, ബി 6, തയാമിൻ, പൊട്ടാസ്യം, ഫൈബർ, മാംഗനീസ്, കോപ്പർ, ഫോളേറ്റ്, നിയാസിൻ, അയൺ പാൻ്റോതെനിക് ആസിഡ്, പ്രോട്ടീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ചുമ കുറയ്ക്കാൻ കഫ് സിറപ്പുകളെക്കാൾ ഫലം നൽകുന്ന ഒന്നാണ് പൈനാപ്പിൾ ജ്യൂസ്. ഇതിൽ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ബോർമാലിൻ അടങ്ങിയിട്ടുണ്ട്. ആർത്രെെറ്റിസ് മൂലമുണ്ടാകുന്ന ബാധിമുട്ടുകൾ കുറയ്ക്കാൻ ഇത് സഹായിക്കും. പൈനാപ്പിളിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വിറ്റാമിൻ സിയാൽ സമ്പുഷ്‌ടം
വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് പൈനാപ്പിൾ. ഒരു കപ്പ് പൈനാപ്പിളിൽ 88 ശതമാനം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ
ഫ്ലേവനോയ്‌ഡുകൾ, കരോട്ടിനോയിഡുകൾ, വിറ്റാമിൻ സി തുടങ്ങിയവ ഉൾപ്പെടെ വിവിധ ആൻ്റി ഓക്‌സിഡൻ്റുകൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്ന് ഫുഡ് റിസർച്ച് ഇൻ്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇതിലൂടെ ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഹൃദയാരോഗ്യം
വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ ഉയർന്ന അളവിൽ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ മെച്ചപ്പെടുത്താനും പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണെന്ന് ജേർണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇവയെല്ലാം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കും
നാരുകൾ ധാരാളം അടങ്ങിയ പൈനാപ്പിളിൽ കലോറി കുറവാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പതിവായി പൈനാപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും പൈനാപ്പിൾ സഹായിക്കും.
എല്ലുകളുടെ ആരോഗ്യം
എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മാംഗനീസിന്‍റെ നല്ലൊരു സ്രോതസാണ് പൈനാപ്പിൾ. എല്ലുകളെ ശക്തമായി നിലനിർത്താൻ ആവശ്യമായ കാത്സ്യത്തെ ആഗിരണം ചെയ്യുന്നതിന് മാംഗനീസ് സഹായിക്കും.
ചർമ്മത്തിന്‍റെ ആരോഗ്യം
പൈനാപ്പിളിൽ കാണപ്പെടുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെയധികം ഗുണം ചെയ്യും. ഇത് കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്‍റെ ഇലാസ്‌തികത നിലനിർത്താനും മുറിവ് ഉണക്കാനും സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ, പ്രായമാകൽ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാനും പൈനാപ്പിളിന് കഴിയുമെന്ന് 2019 ൽ ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.
കാൻസർ പ്രതിരോധം
കാൻസറിനെ ചെറുക്കാനുള്ള കഴിവ് പൈനാപ്പിളിനുണ്ട്. ഓക്‌സിഡേറ്റിവ് സമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കുന്നതിലൂടെ കാൻസർ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രോമെലൈൻ ബ്രെസ്റ്റ് കാൻസറിലേക്ക് നയിക്കുന്ന കോശങ്ങളുടെ വളർച്ച തടയാൻ ഫലപ്രദമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.