തിരക്കേറിയ ജീവിതത്തിൽ ഒന്നിനും സമയം തികയാത്തവരാണ് പലരും. അതിനാൽ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിന് പകരം ഓർഡർ ചെയ്‌ത് കഴിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. എന്നാൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്ന് നിങ്ങൾക്ക് അറിയാമോ? ഭക്ഷണം പാക്ക് ചെയ്യാനായി ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് ബോക്‌സ് ഗുരുതരമായ രോഗങ്ങൾക്ക് കരണമായേക്കും.
ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങുമ്പോൾ കറുത്ത ബോക്‌സുകളിലാണ് ലഭിക്കാറുള്ളത്. ഈ പാത്രങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ കാർബൺ, പോളിസൈക്ലിക്, ആരോമാറ്റിക് ഹൈഡ്രോകാർബൺ എന്നിവ അടങ്ങിയിട്ടുണ്ട്. ചൂടുള്ള ഭക്ഷണങ്ങൾ കറുത്ത പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുമ്പോൾ വിഷവസ്‌തുക്കൾ അതിലേക്ക് കലരും. ഇത് വയറിനുള്ളിൽ എത്തിയാൽ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ക്യാൻസർ തുടങ്ങിയ മാരക രോഗങ്ങളിലേക്ക് നയിക്കും.
സമീപകാല പഠനങ്ങൾ വെളിപ്പെടുത്തിയത് പ്രകാരം സ്‌തനാർബുദത്തിന് കാരണമായേക്കാവുന്ന 200 ഓളം രാസവസ്‌തുക്കൾ ഭക്ഷണം പാക്ക് ചെയ്യുന്ന പത്രങ്ങളുടെ നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ്. മറ്റ് പ്ലാസ്റ്റിക് പത്രങ്ങളുടെ നിർമാണത്തിനും ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലോകത്തിൽ ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് സ്‌തനാർബുദം. ലോകത്തിൽ 2.3 ദശലക്ഷം സ്ത്രീകൾ സ്‌തനാർബുദ ബാധിതരാണെന്നും 670,000 സ്ത്രീകൾ സ്‌തനാർബുദം ബാധിച്ച് മരിച്ചതായും 2022 ൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സ്‌തനാർബുദ ബാധിതരിൽ നടത്തിയ പഠനത്തിൽ 189 തരം കാർസിനോജനുകളുടെ (ക്യാൻസറിന് കാരണമാകുന്ന രാസവസ്‌തു) സാന്നിധ്യം അവരുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയതായി ഗവേഷകർ വെളിപ്പെടുത്തുന്നു.