കേരളം

kerala

ETV Bharat / health

കുട്ടികളിലെ ടൈപ്പ് വണ്‍ പ്രമേഹം: മറ്റൊരു 'വില്ലനും' കൂടെയുണ്ട്, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് - Children with type 1 diabetes

ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികളുടെ മാനസിക പ്രശ്‌ന സൂചനകള്‍ അവഗണിക്കരുത്. അടിയന്തര ശ്രദ്ധ ആവശ്യം.

HIGHER RISK OF MENTAL HEALTH ISSUES  ടൈപ്പ് വണ്‍ പ്രമേഹം  DIABETUS  JDRF
Children with type 1 diabetes maybe at higher risk of mental health issues, finds study (ETV Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 7:18 PM IST

ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികള്‍ക്ക് മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠനം. ഉത്കണ്‌ഠ, വൈകാരിക അവസ്ഥ വൈകല്യങ്ങള്‍ എന്നിവ ഇവരെ ബാധിക്കാം. ബ്രിട്ടനിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ഒരു സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍.

ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്. ജുവനൈല്‍ ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ അഥവ ജെഡിആര്‍എഫ് അതായത് കുട്ടികളിലെ പ്രമേഹത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമായി 87 ലക്ഷം പേര്‍ ടൈപ്പ് വണ്‍ പ്രമേഹത്തിന്‍റെ പിടിയിലാണ്. ഇത് ദീര്‍ഘകാലം തുടരുന്നതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമാണ്.

കുട്ടികളില്‍ ഇത് ആജീവനാന്ത പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നു. ടൈപ്പ് വണ്‍ പ്രമേഹബാധിതര്‍ നിരന്തരം പരിശോധന നടത്തുകയും ഇന്‍സുലിന്‍ എടുക്കുകയും വേണം. കാരണം അവരുടെ പാന്‍ക്രിയാസ് സ്വയം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കില്ല. ഇപ്പോള്‍ കൃത്രിമ പാന്‍ക്രിയാസ് സാങ്കേതികതയിലൂടെ ഇതിന് ഒരു പരിധി വരെ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം (ETV Bharat)

മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുക മുതിര്‍ന്നതിന് ശേഷം

കുട്ടിക്കാലത്തെ ടൈപ്പ് വണ്‍ പ്രമേഹം മുതിരുമ്പോഴേക്കും ഇവരില്‍ പല മാനസിക പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. അതേസമയം ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ ഈ രോഗവുമായി കഴിയുന്നത് കൊണ്ടാണോ അതോ സ്വഭാവികമാണോയെന്ന കാര്യം ശരിയായി വിശദീകരിക്കാനായിട്ടില്ല.

രക്തത്തിലെ പഞ്ചസാരയുടെ സുസ്ഥിരമല്ലാത്ത നില കൗമാരക്കാരിലെ മസ്‌തിഷ്‌ക വികസനത്തെ എങ്ങനെ ബാധിക്കുമെന്നും പൂര്‍ണമായും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. ഈ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ഒരു സംഘം ഗവേഷകര്‍ 4500 ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ചെക്ക് റിപ്പബ്ലികിലെ നാഷണല്‍ രജിസ്റ്ററിയില്‍ നിന്നും യൂറോപ്യന്‍ ഡിഎന്‍എ സ്റ്റഡീസില്‍ നിന്നുമുള്ള കുട്ടികളുടെ വിവരങ്ങളാണ് പഠന വിധേയമാക്കിയത്.

പ്രതീകാത്മക ചിത്രം (ETV Bharat)

സാധാരണ കുട്ടികളേക്കാള്‍ വൈകാരികപ്രശ്‌നങ്ങളും ഉത്കണ്‌ഠ വൈകല്യങ്ങളും

ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികളില്‍ അതില്ലാത്ത കുട്ടികളെക്കാള്‍ രണ്ട് മടങ്ങ് മാനസിക-വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തി. അന്‍പത് ശതമാനത്തിലേറെ പേരില്‍ ഉത്കണ്‌ഠ വൈകല്യങ്ങള്‍ ഉണ്ടെന്നും പഠനത്തില്‍ തിരിച്ചറിഞ്ഞു. ഭക്ഷണ, ഉറക്ക വൈകല്യങ്ങളടക്കമുള്ള സ്വഭാവ വൈകല്യങ്ങളും ഇവരില്‍ നാല് മടങ്ങ് വരെ കൂടാനും സാധ്യതയുണ്ട്.

അതേസമയം മാനസിക വിഭ്രാന്തി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇവരില്‍ സാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരുമായ താരതമ്യം ചെയ്യുമ്പോള്‍ ഇവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത പകുതി മാത്രമാണ്.

സ്വീഡന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ രോഗബാധിതരുടെ കണക്കുകളാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് നയിച്ചത്. ഈ പഠന ഫലങ്ങള്‍ ബ്രിട്ടനടക്കമുള്ള മറ്റ് രാജ്യങ്ങളിലെയും രോഗികളുടെ കാര്യത്തില്‍ സമാനമാകാമെന്നാണ് വിലയിരുത്തുന്നത്.

മെന്‍ഡലിയന്‍ റാന്‍ഡമൈസേഷന്‍ പ്രക്രിയയിലൂടെയാണ് ടൈപ്പ് വണ്‍ പ്രമേഹവും മാനസിക വൈകല്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കാന്‍ പഠനം നടത്തിയത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവിക പ്രതിഭാസങ്ങളുടെ സാന്നിധ്യം ഇല്ലെന്ന് തന്നെ പറയാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം (ETV Bharat)

ആശങ്കാജനകം

ടൈപ്പ് വണ്‍ പ്രമേഹമുള്ളവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി തോമസ് മോര്‍മാനെകും ചെക്ക് റിപ്പബ്ലിക്കിലെ ക്ലെക്കന്‍സി ദേശീയ മാനസികാരോഗ്യകേന്ദ്രത്തിലെ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. തങ്ങളുടെ പഠനങ്ങളും മുന്‍പുണ്ടായിട്ടുള്ള പഠനങ്ങളും ഇത് വെറും ജൈവിക പ്രവര്‍ത്തനമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികളുടെയും യുവാക്കളുടെയും മാനസിക ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഇത് ഊന്നിപ്പറയുന്നത്.

സാമൂഹ്യ ഒറ്റപ്പെടല്‍

ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികള്‍ അവരുടെ ജീവിതചര്യയില്‍ വരുത്താന്‍ നിര്‍ബന്ധിതമാകുന്ന ചില മാറ്റങ്ങളാണ് അവരിലെ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണശീലങ്ങളിലെ നിരന്തര നിരീക്ഷണങ്ങള്‍, നിരന്തരമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കല്‍, ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍, തുടങ്ങിയവ ഇവരില്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇതെല്ലാം ഇവരില്‍ സാമൂഹ്യമായി ഒരു ഒറ്റപ്പെടല്‍ സൃഷ്‌ടിക്കുന്നു.

അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സാമൂഹ്യപരിപാടികളില്‍ നിന്നുമെല്ലാം തങ്ങള്‍ ഒഴിച്ച് നിര്‍ത്തപ്പെടുന്നുവെന്നൊരു തോന്നല്‍ ഇവരില്‍ ഉണ്ടാകുന്നു. ടൈപ്പ് വണ്‍ പ്രമേഹ ബാധിതരില്‍ ഒരു ഡയബറ്റിസ് അസ്വസ്ഥതയുണ്ടാകുന്നുവെന്നും കേം ബ്രിഡ്‌ജ് സര്‍വകലാശാലയിലെ മനഃശാസ്‌ത്രവിഭാഗത്തിലെ ഡോ. ബെഞ്ചമിന്‍ പെറി ചൂണ്ടിക്കാട്ടുന്നു.

ഇത് വലിയ അസ്വസ്ഥതയും രക്തത്തിലെ പഞ്ചസാരയ്ക്കൊപ്പം ഇവരില്‍ ഉണ്ടാക്കുന്നു. ഇവര്‍ക്ക് ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു. ഇത് ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പ്രതീക്ഷ ഇല്ലായ്‌മയും നിയന്ത്രണമില്ലായ്‌മയും അനുഭവപ്പെടുന്നു. മുതിര്‍ന്നതിന് ശേഷമാണ് ഇവരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് എന്നതാണ് ഏറെ വിചിത്രം.

കൂടുതല്‍ പിന്തുണ അടിയന്തരമായി ആവശ്യം

ടൈപ്പ് വണ്‍ പ്രമേഹമുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ അടിയന്തരമായി ആവശ്യമുണ്ടെന്നതിലേക്കാണ് തങ്ങളുടെ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ മനഃശാസ്‌ത്രവിഭാഗം പ്രൊഫസര്‍ പീറ്റര്‍ ജോണ്‍സ് പറഞ്ഞു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് കണ്ടറിഞ്ഞ് വിദഗ്ദ്ധ സഹായം ലഭ്യമാക്കുക. ഈ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ വേര് പിടിക്കും മുമ്പ് ഇതിലൂടെ നമുക്ക് അവരെ രക്ഷിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Also Read:ഉറക്കക്കുറവ് ഉണ്ടോ?; ലക്ഷണങ്ങള്‍ ഇങ്ങനെ... - Symptoms of Sleep Deprivation

ABOUT THE AUTHOR

...view details