ഹൈദരാബാദ് :ബോളിവുഡ് നടിയും മോഡലും സോഷ്യല്‍ മീഡിയ സെന്‍സേഷനുമായ പൂനം പാണ്ഡെയുടെ 'മരണ നാടകം' ചര്‍ച്ചയാകുകയാണ്. ഇതിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍ (Cervical Cancer) അഥവ ഗര്‍ഭാശയ അര്‍ബുദം. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരണത്തിന് കീഴടങ്ങിയെന്ന് ഇന്നലെ (ഫെബ്രുവരി 2) വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പേജ് തന്നെയായിരുന്നു വാര്‍ത്തയുടെ ഉറവിടം. എന്നാല്‍ ഇന്ന് (ഫെബ്രുവരി 3) താന്‍ മരിച്ചിട്ടില്ല എന്നും സെര്‍വിക്കല്‍ കാന്‍സര്‍ ബോധവത്‌കരണത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു വാര്‍ത്ത നല്‍കിയതെന്നും താരം തുറന്നു പറയുകയായിരുന്നു.
പൂനത്തിന്‍റെ മരണവാര്‍ത്ത പുറത്തുവന്നത് മുതല്‍, പലരും തെരഞ്ഞത് സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചാണ്. തന്‍റെ മരണം സ്വയം പ്രചരിപ്പിച്ച് പൂനം പാണ്ഡെ വിവാദത്തില്‍ പെട്ടെങ്കിലും സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുകയാണ് ഈ സംഭവം.
ലോകത്ത് സ്‌ത്രീകളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ നാലാമനാണ് സെര്‍വിക്കല്‍ കാന്‍സര്‍. ഇന്ത്യയില്‍, സ്‌ത്രീകളിലെ ഏറ്റവും സാധാരണയായ രണ്ടാമത്തെ അര്‍ബുദവും. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഏജന്‍സിയായ ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC) പുറത്തുവിട്ട കണക്ക് പ്രകാരം, പുതിയ കാന്‍സര്‍ കേസുകളില്‍ 18 ശതമാനമാണ് സെര്‍വിക്കല്‍ കാന്‍സര്‍.
അതിശക്തമായ ഒരു എതിരാളി എന്നുതന്നെ പറയണം ഈ രോഗത്തെ. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭാശയത്തിന്‍റെ താഴെയുള്ള ഭാഗമായ സെര്‍വിക്‌സിനെ ബാധിക്കുന്ന അര്‍ബുദമാണിത്. സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളില്‍ 99 ശതമാനവും ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (HPV) ഉണ്ടാക്കുന്ന അണുബാധ മൂലമാണ് സംഭവിക്കുന്നത്. ഈ വൈറസ് പകരുന്നതാകട്ടെ ലൈംഗിക സമ്പര്‍ക്കത്തിലൂടെയും. വലിയ അപകട സാധ്യതയാണ് ഈ വൈറസുകള്‍ ഉണ്ടാക്കുന്നത്.
എച്ച്പിവി ഉണ്ടാക്കുന്ന അണുബാധകളില്‍ ഏറെയും സ്വയമേ പരിഹരിക്കപ്പെടുകയും രോഗ ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നവയാണ്. എന്നാല്‍ തുടര്‍ച്ചയായ അണുബാധ സ്‌ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകും. 2018ല്‍ മാത്രം 5,70,000 സ്‌ത്രീകള്‍ക്കാണ് ലോകത്ത് സെര്‍വിക്കല്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ഏകദേശം 3,11,000 സ്‌ത്രീകള്‍ ഈ രോഗം മൂലം മരണപ്പെട്ടതായും കണക്കുകളുണ്ട്.
പ്രതിവിധി എച്ച്പിവി വാക്‌സിന്‍ : സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിന് എച്ച്പിവി വാക്‌സിനേഷന്‍ ഫലപ്രദമായൊരു മാര്‍ഗമാണ്. ഗര്‍ഭാശയ അര്‍ബുദം നേരത്തെ കണ്ടെത്തുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്‌താല്‍ പൂര്‍ണമായും രക്ഷപ്പെടുമെന്നാണ് വിദഗ്‌ധാഭിപ്രായം. അവസാന ഘട്ടത്തിലാണ് രോഗം നിര്‍ണയിക്കപ്പെടുന്നതെങ്കില്‍ ചികിത്സയിലൂടെ നിയന്ത്രിക്കാനാകുമെന്നും വിദഗ്‌ധര്‍ പറയുന്നു.