പൈൽസിന് പരിഹാരം ഉറപ്പ്; സിപിംളായി തയ്യാറാക്കാം ഈ ആയുർവേദ മരുന്ന് - Ayurvedic home remedies for piles - AYURVEDIC HOME REMEDIES FOR PILES
തുടക്കത്തിൽ തന്നെ ചികിത്സ തേടിയാൽ മരുന്ന് കൊണ്ട് ഭേദമാക്കാവുന്ന രോഗമാണ് പൈൽസ്. തെറ്റായ ഭക്ഷണക്രമം, കൂടുതൽ മസാല ചേർത്തുള്ള ഭക്ഷണം, അമതമായി മാംസം കഴിക്കുന്നത്, മദ്യപാനം, മലബന്ധം എന്നിവ പൈൽസിന് കാരണമാകുന്നു.
പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു. നിരവധി ആളുകളാണ് ഇന്ന് പൈൽസ് കാരണം ബുദ്ധിമുട്ടുന്നത്. തെറ്റായ ഭക്ഷണക്രമം, കൂടുതൽ മസാല ചേർത്തുള്ള ഭക്ഷണം, അമതമായി മാംസം കഴിക്കുന്നത്, മദ്യപാനം, മലബന്ധം എന്നിവയാണ് പ്രധാനമായും പൈൽസ് ഉണ്ടാകാനുള്ള കാരണങ്ങൾ. രോഗാവസ്ഥയുടെ തുടക്കത്തിൽ തന്നെ ചികിത്സ തേടിയാൽ മരുന്ന് കൊണ്ട് രോഗം ഭേദമാക്കാൻ കഴിയും. രോഗം മൂർച്ഛിച്ചാൽ ശസ്ത്രക്രിയയാണ് പരിഹാരം.
ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഒരു പരിധിവരെ പൈൽസിനെ തടയാനാകും. എന്നാൽ ആയുർവേദത്തിൽ ഫലപ്രദമായ പരിഹാരമുണ്ടെന്ന് പറയുകയാണ് പ്രശസ്‌ത ആയുർവേദ വിദഗ്‌ധ ഗായത്രി ദേവി. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ആയുർവേദ മരുന്ന് കഴിച്ചാൽ പൈൽസ് അകറ്റാൻ സഹായിക്കുമെന്ന് ഡോ ഗായത്രി ദേവി പറയുകയുന്നു. ലളിതമായ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന മരുന്ന് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ വസ്‌തുക്കൾ
വെള്ളം - 2 മുതൽ 3 കപ്പ്
അരി - 1 കപ്പ്
തിപ്പലി പൊടി - 1 സ്‌പൂൺ
ചുക്ക് - 1 സ്‌പൂൺ
മോര് - ഒരു ഗ്ലാസ്
കുരുമുളക് പൊടി - 1 സ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കിയ ശേഷം അതിലേക്ക് 2 മുതൽ 3 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളച്ചു കഴിഞ്ഞാൽ നേരത്തെ എടുത്ത് വച്ചിരിക്കുന്ന അരി അതിലേക്ക് ചേർക്കുക. ഇത് നല്ലപോലെ തിളപ്പിക്കുക. അരി നന്നായി പാകമായി വരുമ്പോൾ അതിലേക്ക് ചുക്കും തിപ്പലി പൊടിയും ചേർത്ത് ഇളക്കുക. ശേഷം ഒരു മിനിറ്റ് നേരം വീണ്ടും തിളപ്പിക്കുക. പിന്നീട് സ്റ്റൗ ഓഫ് ചെയ്‌ത് വാങ്ങി വയ്ക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന കഞ്ഞി ഒരു പാത്രത്തിലേക്ക് എടുത്ത് മോരും കുരുമുളക് പൊടിയും ചേർത്ത് കഴിക്കാം.
എപ്പോഴൊക്കെ കഴിക്കാം ?
ഈ മരുന്ന് എപ്പോൾ വേണമെങ്കിലും കഴിക്കാമെന്ന് ഡോ ഗായത്രി ദേവി പറയുന്നു. ദിവസേന ഒരു തവണയെങ്കിലും ഇത് കഴിച്ചാൽ പൈൽസ് രോഗം കുറയ്‌ക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു. അതേസമയം ഭക്ഷണത്തിനൊടുവിൽ ചോറിൽ തൈര് ചേർത്ത് കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഈ മരുന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഡോ ഗായത്രി ദേവി പറയുന്നു.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.