ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ഇഞ്ചി. ഭക്ഷണപാനീയങ്ങളിൽ രുചി വർധിപ്പിക്കുന്നതിനായാണ് സാധാരണ ഇഞ്ചി ഉപയോഗിക്കാറ്. എന്നാൽ പല ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള മരുന്നായും ഇഞ്ചി ഉപയോഗിച്ച് വരുന്നു. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, എന്നിവയെല്ലാം ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാൽ രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇഞ്ചി സഹായിക്കും. മാത്രമല്ല ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന ബയോ ആക്റ്റീവ് സംയുക്തം സന്ധിവാതം, വേദന, വീക്കം എന്നിവ കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. പതിവായി ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ദഹന ആരോഗ്യം
ദഹന പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഉമിനീർ, പിത്തരസം, ഗ്യാസ്ട്രിക് എൻസൈമുകൾ എന്നിവ ഉത്തേജിപ്പിക്കാൻ ഇത് സഹായിക്കും. ഇതുവഴി ദഹനം സുഗമമാക്കാനും വയറുവേദന, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാനും ഇഞ്ചി ഉത്തമമാണ്. ഓക്കാനം, ആമാശയത്തിലെ അസ്വസ്ഥതകൾ എന്നിവ പരിഹരിക്കാനും ഇഞ്ചി ഗുണം ചെയ്യും.
പ്രമേഹം നിയന്ത്രിക്കാൻ
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുകതം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വളരെയധികം സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇഞ്ചി ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹമുള്ള ആളുകളും പതിവായി ഇഞ്ചി കഴിക്കുന്നത് നല്ലതാണ്.
കൊളസ്‌ട്രോൾ കുറയ്ക്കാൻ
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാനും ഇഞ്ചി സഹായിക്കും. മാത്രമല്ല രക്തചക്രമണം മെച്ചപ്പെടുത്തുകയും രക്തം കട്ടപിടിക്കുന്നത് തടയാനും ഇത് ഫലപ്രദമാണ്. സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും ഇഞ്ചി ഗുണം ചെയ്യും.
രക്തസമ്മർദ്ദം കുറയ്ക്കാൻ
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള നല്ലൊരു പ്രകൃതിദത്ത മാർഗമാണ് ഇഞ്ചിയെന്ന് 2015 ൽ ദി ജേണൽ ഓഫ് ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.