ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒരു സൂപ്പർഫുഡാണ് ബ്ലൂബെറി. കലോറി കുറവും പോഷകങ്ങൾ കൂടുതലും അടങ്ങിയിട്ടുള്ള ഒരു പഴമാണിത്. ആന്‍റി ഓക്‌സിഡന്‍റ ുകളാൽ സമൃദ്ധമായ ബ്ലൂബെറിയിൽ ഫോസ്‌ഫറസ്, കാത്സ്യം, വിറ്റാമിൻ സി, ഫൈബർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ബ്ലൂബെറി കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ഓർമശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്താൻ ബ്ലൂബെറി സഹായിക്കും. തലച്ചോറിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം, വീക്കവും എന്നിവ കുറയ്ക്കാനും വാർദ്ധക്യവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണകരമാണ്. പ്രായമായവരിൽ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ബ്ലൂബെറി പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദിവസേന ബ്ലൂബെറി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറച്ച് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. ഇവയെല്ലാം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃയത്തിന്‍റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ബ്ലൂബെറിക്കുണ്ടെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഗുണം ചെയ്യുമെന്ന് പഠനം കണ്ടെത്തി. ശരീരത്തിൽ കൊഴുപ്പ് അടഞ്ഞുകൂടുന്നത് കുറയ്ക്കുകയും ശരീരഭാരം വർധിക്കുന്നത് തടയാനും ബ്ലൂബെറി ഫലപ്രദമാണ്.