ആരോഗ്യ ഗുണങ്ങൾ നിരവധിയുള്ള ഒന്നാണ് നിലക്കടല. വിറ്റാമിൻ, ധാതുക്കള്‍, പ്രോട്ടീൻ, ഫൈബർ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവ നിലക്കടലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും നിലക്കടല സഹായിക്കും. പതിവായി നിലക്കട കഴിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഹൃദയാരോഗ്യം
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, ഫൈബർ എന്നിവയുടെ സമ്പന്ന ഉറവിടമാണ് നിലക്കടല. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കൊറോണറി ഹൃദ്രോഗം ഉൾപ്പെടെയുള്ള ഹൃദയ സംമ്പന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാൻ
പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ കലവറയാണ് നിലക്കടല. അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ഫലപ്രദമാണ്. കലോറി ഉപഭോഗം കുറയ്ക്കുന്നത് വഴി ശരീരഭാരം നിയന്ത്രിക്കാൻ നിലക്കടല സഹായിക്കുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം വെളിപ്പെടുത്തി.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ
നിലക്കടലയിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കൂടാതെ നിലക്കടലയിൽ ഉയർന്ന നാരുകൾ, പ്രോട്ടീൻ, നല്ല കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലേക്കുള്ള പഞ്ചാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
കാൻസർ പ്രതിരോധം
നിലക്കടലയിൽ അടങ്ങിയിട്ടുള്ള റെസ്‌വെറാട്രോൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ന്യൂട്രീഷൻ ആൻഡ് കാൻസറിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിൽ പറയുന്നു. ഇതിലെ ആൻ്റി ഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കോശങ്ങൾക്കും ഡിഎൻഎയ്ക്കുമുണ്ടാകുന്ന കേടുപാടുകൾ തടയാനും സഹായിക്കും. ഇതിലൂടെ കാൻസർ സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും.
മസ്‌തിഷ്‌ക ആരോഗ്യം
ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, നിയാസിൻ എന്നിവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയിൽ നിന്നും സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് കറൻ്റ് അൽഷിമർ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കാനും നിലക്കടല ഫലപ്രദമാണ്.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാൻ കഴിക്കാം ഈ സൂപ്പർഫുഡ്