ധാരാളം ഔഷധ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് കുരുമുളക് അഥവാ ബ്ലാക്ക് പേപ്പർ. വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം, ആൻ്റി ഓക്‌സിഡൻ്റുകൾ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ വരെ കുരുമുളക് ഗുണം ചെയ്യും. പതിവായി കുരുമുളക് കഴിക്കുന്നതിലൂടെ ശരീത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ദഹനം മെച്ചപ്പെടുത്താൻ
ദഹന എൻസൈമുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കാൻ കുരുമുളക് സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട്, വയറുവീർക്കുക, ഗ്യാസ് തുടങ്ങീ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാനും കുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും കുരുമുളക് സഹായിക്കും. ദഹനനാളത്തിലെ അസ്വസ്ഥതകളിൽ നിന്ന് സംരക്ഷിക്കാനും ഇത് ഗുണകരമാണെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
ശരീരഭാരം നിയന്ത്രിക്കാൻ
ശരീരഭാരം കുറയ്ക്കാൻ കുരുമുളക് സഹായിക്കുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ശരീരത്തിൽ ചൂട് ഉത്പാദിപ്പിച്ച് കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയായ തെർമോജെനിസിസ് വർദ്ധിപ്പിക്കാൻ പൈപ്പറിൻ സഹായിക്കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും കുരുമുളക് കഴിക്കുന്നത് നല്ലതാണ്.
ശ്വസന ആരോഗ്യം
ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ചികിത്സിക്കാൻ ഫലപ്രദമായ ഒരു മരുന്നാണ് കുരുമുളക്. ഇത്തരം പ്രശ്‌നങ്ങൾ അകറ്റാൻ പണ്ട് കാലം മുതൽക്കേ പരമ്പരാഗത വൈദ്യത്തിൽ കുരുമുളക് ഉപയോഗിച്ച് വരുന്നു. ഇതിൽ അടങ്ങിയിട്ടുള്ള എക്സ്പെക്‌ടറൻ്റ് ഗുണങ്ങൾ ശ്വാസനാളത്തിലെ കഫം ഇല്ലാതാക്കാനും സഹായിക്കും. ഇതിലെ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശത്തിലെയും ശ്വാസനാളത്തിലെയും അണുബാധ തടയാനും ഫലം ചെയ്യും.
ചർമ്മത്തിൻ്റെ ആരോഗ്യം
കുരുമുളകിൽ ആൻ്റി മൈക്രോബയൽ, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ബെസ്റ്റാണ്. ചർമ്മത്തിലെ അണുബാധ തടയാനും പ്രായമാകൽ ലക്ഷണങ്ങൾ കുറയ്ക്കാനും കുരുമുളക് കഴിക്കുന്നത് നല്ലതാണ്.
ഹൃദയാരോഗ്യം
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ കുരുമുളക് സഹായിക്കുമെന്ന് ജേണൽ ഓഫ് ലിപിഡ് റിസർച്ചിൽ നടത്തിയ ഒരു പഠനം ചൂണ്ടികാട്ടുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കുരുമുളക് ഗുണം ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
കാൻസർ പ്രതിരോധം
കുരുമുളകിലെ സജീവ സംയുക്തമായ പൈപ്പറിന് കാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് യൂറോപ്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. വൻകുടൽ, സ്‌തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെയുള്ള കാൻസർ കോശങ്ങളുടെ വ്യാപനം തടയാനും മുഴകൾ പടരുന്നത് തടയാനും കുരുമുളക് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ആർത്തവ വേദന അകറ്റാനും ചർമ്മരോഗ്യം സംരക്ഷിക്കാനും ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ...