കോഴിക്കോട്: വടകരയിൽ കാറിടിച്ച് വയോധിക മരിക്കുകയും പേരക്കുട്ടി കോമാവസ്ഥയിലാവുകയും ചെയ്‌ത കേസിൽ അറസ്റ്റിലായ പുറമേരി സ്വദേശി ഷെജിലിന് (35) ജാമ്യം. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ കേസ് രജിസ്റ്റർ ചെയ്‌ത നാദാപുരം പൊലീസ് സ്റ്റേഷനിൽ പ്രതി ഹാജരാകണം എന്ന നിബന്ധനയോടെയാണ് ജാമ്യം.
അശ്രദ്ധമായ കാരണത്താൽ മരണം സംഭവിക്കൽ, വ്യാജരേഖ ചമച്ച് പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. ഇതിൽ ആദ്യത്തെത് ജാമ്യം ലഭിക്കുന്ന 304 A വകുപ്പാണ്. രണ്ടാമത് ചുമത്തിയ വകുപ്പിൽ ജാമ്യം ലഭിക്കില്ല. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യമുള്ളതിനാൽ പ്രതിക്കെതിരെ നിയനടപടി സ്വീകരിക്കാൻ കഴിയില്ല.
2024 ഫെബ്രുവരി 17ന് വടകര ചോറോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 9 വയസുകാരി ദൃഷാന കോഴിക്കോട് മെഡിക്കൽ കോളജിൽ കോമാവസ്ഥയിൽ തുടരുകയാണ്. കുട്ടിയും മുത്തശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാർ ഇടിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശി മരിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14ന് ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിന് ശേഷം നിർത്താതെ പോയ കാർ ഒമ്പത് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പുറമേരി സ്വദേശിയായ ഷെജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം അപകടത്തിൽപെട്ട വണ്ടിയ്‌ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് ലുക്കൗട്ട് നോട്ടിസ് ഇറക്കുകയായിരുന്നു. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വടകരയിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അന്വേഷണത്തിൻ്റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ ഇടപെടലാണ് അന്വേഷണം കാര്യക്ഷമമാക്കിയത്.