ന്യൂഡൽഹി: അടുത്ത വര്‍ഷത്തോടെ അന്താരാഷ്‌ട്ര റൂട്ടുകള്‍ നവീകരിക്കാനൊരുങ്ങി എയർ ഇന്ത്യ. പരിഷ്‌കരിച്ച എ320 നിയോ വിമാനങ്ങളും വിസ്‌താരയുടെ എ321 നിയോ, ബി 787-9 വിമാനങ്ങളും ഇനി കൂടുതല്‍ അന്താരാഷ്‌ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്തും. ഡൽഹിയിൽ നിന്ന് പാരീസിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.
2025 ജനുവരി 16 മുതൽ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള എല്ലാ സര്‍വീസുകള്‍ക്കും പരിഷ്‌കരിച്ച എ320 നിയോ വിമാനങ്ങളാകും ഉപയോഗിക്കുക. ഈ വിമാനങ്ങൾക്ക് എക്കണോമി, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസുകൾ എന്നിവയിലുടനീളം പൂർണമായും പുതുക്കിയ ഇൻ്റീരിയറുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ ഇന്ന് (ഡിസംബർ 16) പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം 2025 ജനുവരിഒന്ന് മുതൽ ഡൽഹിക്കും ബാങ്കോക്കിനുമിടയിൽ എയർ ഇന്ത്യ നാലാമത്തെ പ്രതിദിന വിമാന സര്‍വീസും ആരംഭിക്കും. നിലവിൽ ഈ റൂട്ടിൽ മൂന്ന് പ്രതിദിന സർവീസുകളാണുള്ളത്. കൂടാതെ വിസ്‌താരയുടെ A321 നിയോസ്, B787-9 എന്നിവയും കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തും.
ഡൽഹി-ഫ്രാങ്ക്ഫർട്ട്, മുംബൈ-ഫ്രാങ്ക്ഫർട്ട് എന്നീ റൂട്ടുകളിൽ B787-9 വിമാനങ്ങളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 2025 ജനുവരി ഒന്ന് മുതൽ മുംബൈ-സിംഗപ്പൂർ വിമാനം A321 നിയോസ് ഉപയോഗിച്ച് ദിവസേന രണ്ടുതവണ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു. 2025 ജനുവരി ഒന്ന് മുതൽ B787-9 ഡൽഹിക്കും സിംഗപ്പൂരിനുമിടയിൽ പ്രതിദിന സര്‍വീസ് ആരംഭിക്കും. അതേ റൂട്ടിൽ തന്നെ രണ്ട് പ്രതിദിന സർവീസ് നടത്തുമെന്നും കമ്പനി വ്യക്തമാക്കി.
ഫ്രാങ്ക്ഫർട്ട്, സിംഗപ്പൂർ റൂട്ടുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ഇങ്ങനെ
- B787-9 ഡൽഹി-ഫ്രാങ്ക്ഫർട്ട്, മുംബൈ-ഫ്രാങ്ക്ഫർട്ട് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്തും
- B787-9 ഡൽഹി-സിംഗപ്പൂർ - 2025 ജനുവരി ഒന്ന് മുതൽ പ്രതിദിനം രണ്ടുതവണ സര്‍വീസ്
- A321neo മുംബൈ-സിംഗപ്പൂർ- 2025 ജനുവരി ഒന്ന് മുതൽ പ്രതിദിനം രണ്ടുതവണ സര്‍വീസ്
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ടാറ്റ ഗ്രൂപ്പിന്‍റെ എയർലൈൻ ബിസിനസ് ഏകീകരിക്കുന്നതിന്‍റെ ഭാഗമായി, എയർ ഇന്ത്യ വിസ്‌താരയെ ലയിപ്പിക്കുകയും AIX കണക്‌ട് എയർ ഇന്ത്യ എക്‌സ്‌പ്രസുമായി സംയോജിപ്പിക്കുകയും ചെയ്‌തിരുന്നു. 2025 ഫെബ്രുവരി 1 മുതൽ ഡൽഹി-ഫ്രാങ്ക്ഫർട്ട്, ഡൽഹി-പാരീസ് റൂട്ടുകളിലെ വിമാന സര്‍വീസുകള്‍ വിപുലീകരിക്കും.
പുതിയ ഫ്ലൈറ്റ് സമയം ഇപ്പോൾ രണ്ടിടങ്ങളിലേക്കും ഓരോ റൂട്ടിലും പകലും രാത്രിയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇത് യാത്രക്കാർക്കും ഏറെ സൗകര്യപ്രദമായിരിക്കും. യൂറോപ്പിനും ഓസ്‌ട്രേലിയയ്ക്കും ഇടയിലോ തെക്കുകിഴക്കൻ ഏഷ്യയിലെ ഡൽഹി വഴിയുള്ള പോയിൻ്റുകൾക്കിടയിലോ തടസമില്ലാത്ത ടു-വേ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി എയർ ഇന്ത്യ ഡൽഹി-സിഡ്‌നി, ഡൽഹി-മെൽബൺ റൂട്ടുകളിലെ പ്രതിദിന ഫ്ലൈറ്റുകളും സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോൾ ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ എന്നിവിടങ്ങളിലേക്കും ഡൽഹി വഴി തെക്കുകിഴക്കൻ ഏഷ്യയിലെ ബാങ്കോക്ക്, സിംഗപ്പൂർ, ക്വാലാലംപൂർ, ഹോ ചി മിൻ സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാമെന്നും പ്രസ്‌താവനയിൽ പറയുന്നുണ്ട്.
സെപ്‌റ്റംബർ 17ന് എയർ ഇന്ത്യ, 67 ലെഗസി വിമാനങ്ങൾ, 27 നാരോ ബോഡി, എ320 നിയോസ്, 40 വൈഡ് ബോഡി ബോയിങ് വിമാനങ്ങൾ എന്നിവയുടെ ഘട്ടം ഘട്ടമായുള്ള നവീകരണത്തിനായി 400 മില്യൺ ഡോളറിൻ്റെ പദ്ധതി ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. 2025ൻ്റെ തുടക്കത്തിൽ വൈഡ് ബോഡി എയർക്രാഫ്റ്റ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ആദ്യത്തെ നാരോ ബോഡി എ320 നിയോയുടെ പരിഷ്‌കരണം ആരംഭിച്ചതെന്ന് എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ നവംബർ 28ന് പറഞ്ഞു.
2025ൽ ആഭ്യന്തര, ഹ്രസ്വ-ദൂര അന്താരാഷ്‌ട്ര സര്‍വീസുകളില്‍ വലിയ മാറ്റത്തിന് എയർലൈൻ സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉൾപ്പെടെ എയർ ഇന്ത്യ ഗ്രൂപ്പിന് നിലവില്‍ 300 ഓളം വിമാനങ്ങളുണ്ട്.
Also Read: കൂടുതല്‍ 'ഉയരാന്‍' എയര്‍ ഇന്ത്യ; 100 എയർബസ് വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി കമ്പനി