സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നു സംവിധായകൻ ജിതിൻ ഐസക് തോമസ്. ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു താൻ ആദ്യമായി സിനിമ സംവിധാനം ചെയ്‌തതെന്നും അറ്റൻഷൻ പ്ലീസ് മുതൽ പാത്ത് വരെയുള്ള നാലു സിനിമകളുടെ സംവിധായകനായ ജിതിൻ പറയുന്നു. ജിതിൻ സംവിധാനം ചെയ്‌ത പാത്ത് എന്ന സിനിമ 15ന് വൈകിട്ട് 6.15ന് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിച്ചു.
സമൂഹത്തിന്‍റെയും ലോകത്തിന്‍റെയും പ്രതിഫലനമാണു പാത്ത് എന്ന സിനിമയിലൂടെ ജിതിൻ ചിത്രീകരിച്ചത്. എല്ലാത്തിനും അവകാശം ഉന്നയിക്കുന്ന, ഞങ്ങളുടെ സ്വന്തമാണ് പലതുമെന്ന സമകാലിക ലോകത്തിന്‍റെ ചിന്തയാണ് സിനിമയുടെ അടിസ്ഥാനം. മോക്യുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയത്. വ്യത്യസ്തമായ കഥാസന്ദർഭവും അവതരണ ശൈലിയും കൊണ്ട് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമാണ് സിനിമ നൽകിയത്.
കൂട്ടുകാരുമായി ചേർന്നു പെട്ടെന്നൊരുക്കിയ ചിത്രമാണിത്. പാത്തിലെ മുഖ്യ ഗാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എഐയുടെ കലാരംഗത്തുള്ള കടന്നുകയറ്റം ചർച്ച ചെയുന്ന സമയത്ത് സിനിമയുടെ ടൈറ്റിൽ കാർഡിൽ എഐക്ക് നന്ദി പറയുകയാണ് ജിതിൻ. സംവിധായകന്റെ പരിമിതികൾ കൂടി കാരണമാണ് എഐ ഉപയോഗിച്ചു ഗാനം ചിട്ടപ്പെടുത്തിയത്. ജിതിന്റെ വളർത്തു നായയായ മുരളിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാത്തിന്‍റെ അടുത്ത് സ്‌ക്രീനിങ് 17നു 3.30നു ന്യൂ തിയേറ്ററിലും 19ന് ഉച്ചയ്ക്കു 12.15ന് അജന്ത തിയേറ്ററിലും പ്രദർശിപ്പിക്കും.
സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരളം രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ പറഞ്ഞു. ബിനാലെ പോലെ ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐ.എഫ്.എഫ്.കെ. മാറി. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യകതയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സിനിമയിലെ ദൃശ്യ ഭാഷ സാഹിത്യ ഭാഷയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യജിത് റായ്, ആന്ദ്രേ തർകോവ്‌സ്‌കി തുടങ്ങിയവരുടെ സിനിമകൾ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊടുക്കൽ വാങ്ങൽ നടക്കുന്ന ഒരിടമാണ് സിനിമയും സാഹിത്യവും. ഹ്രസ്വ ചിത്രങ്ങൾ, സ്വതന്ത്ര സിനിമകൾ എന്നിവ കുറഞ്ഞ ചിലവിൽ എടുത്ത് കഴിവ് തെളിയിച്ചവരാണ് ഇന്നത്തെ യുവ സിനിമ പ്രവർത്തകർ. കുറഞ്ഞ ചിലവിൽ സിനിമകൾ പൂർത്തിയാക്കാൻ സാധിക്കുന്നതിന്റെ കാരണവും സിനിമയോടുള്ള അഭിനിവേശമാണ്.
സിനിമയുടെ പരമ്പരാഗത ശൈലിയെ പൊളിച്ചടുക്കാൻ പുതുസംവിധായകർക്ക് സാധിക്കുന്നു. സിനിമ സ്വതന്ത്രമാകുന്നത് ക്യാമറ ഒരു പേനപോലെ ഉപയോഗിക്കുമ്പോഴാണ് എന്ന ഇറാനിയൻ സംവിധായിക സമീറാ മക്മൽബഫിന്റെ വാക്കുകൾ അദ്ദേഹം ഓർമിപ്പിച്ചു. എഴുത്തിൽ ഒറ്റക്ക് ഒരാൾ സ്വേച്ഛാധിപതിയായി മാറുമ്പോൾ സിനിമയിൽ കൂട്ടായ്മയാണ് ആവശ്യമെന്നും അത് ആഘോഷിക്കപ്പെടുന്നതും അങ്ങനെ തന്നെയാണെന്നും എൻ.എസ്.മാധവൻ പറഞ്ഞു.
അര നൂറ്റാണ്ട് പിന്നിടുന്ന തന്‍റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ നാലു ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ അഭിമാനമെന്ന് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്. തന്റെ ക്രിയാത്മകതയ്ക്കും പുതുമയാർന്ന ആവിഷ്‌കാരങ്ങൾക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മൂന്ന് തവണ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയ മധു അമ്പാട്ട് പറഞ്ഞു. ഓരോ പുരസ്‌കാരങ്ങളും പ്രചോദനമാണ്. അതാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്നും മധു അമ്പാട്ട് പറയുന്നു.
മധു അമ്പാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം '1:1.6,ആൻ ഓഡ് ടു ലവ്', മധു അമ്പാട്ട് ഛായാഗ്രാഹകനായി പ്രവർത്തിച്ച അമരം, ഓകാ മാഞ്ചി പ്രേമകഥ, പിൻവാതിൽ എന്നിവയാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
1973ൽ രാമു കാര്യാട്ടിന്റെ 'ഇന്റസ്ട്രിയൽ എസ്റ്റേറ്റ്‌സ്' എന്ന ഡോക്യുമെന്ററിയിൽ സഹകരിച്ചുകൊണ്ടാണ് മധു അമ്പാട്ട് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. ഇംഗ്ലിഷ് ഉൾപ്പെടെ ഒമ്പതു ഭാഷകളിലായി 250 ഓളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. തനിക്കിഷ്ടമുള്ള വഴി തെരഞ്ഞെടുക്കുവാൻ പ്രചോദനം നൽകിയത് അമ്മ സുലോചനയാണെന്ന് മധു അമ്പാട്ട് പറഞ്ഞു .അച്ഛൻ കൊമരത്ത് ഭാഗ്യനാഥ് മജീഷ്യൻ ആയിരുന്നു. സിനിമയോടുള്ള ഇഷ്ടം കരുത്തായി. ഷാജി എൻ. കരുണുമായുള്ള ബന്ധം ജീവിതത്തിലെ വഴിത്തിരിവായെന്നും മധു അമ്പാട്ട് പറഞ്ഞു. ഷാജി എൻ കരുണുമായി ചേർന്ന് മധു അമ്പാട്ട് ചെയ്ത ചിത്രങ്ങളാണ് ഞാവൽപഴങ്ങൾ, മനുഷ്യൻ, ലഹരി എന്നിവ.
അമരവും വൈശാലിയുമടക്കം പ്രഗത്ഭരായ സംവിധായകർക്കൊപ്പം ചെയ്‌ത ചിത്രങ്ങളോരോന്നും വ്യത്യസ്ത അനുഭവങ്ങളായിരുന്നുവെന്ന് മധു അമ്പാട്ട് പറഞ്ഞു. മനോജ് നൈറ്റ് ശ്യാമളനുമായുള്ള സൗഹൃദം ലോകസിനിമയിലെത്തിച്ചു. അദ്ദേഹത്തിന്റെ 'പ്രേയിങ് വിത്ത് ആംഗർ' ചെയ്യുമ്പോൾ സാംസ്‌കാരികമായും ചിന്താപരമായും നിരവധി വ്യത്യാസങ്ങൾ പ്രകടമായിരുന്നുവെങ്കിലും സിനിമയെന്നത് ലോകഭാഷയാണെന്ന ബോധ്യം മുന്നോട്ട് നയിച്ചു. സിനിമയെ സ്വപ്നം കാണുന്ന പുതുതലമുറയുൾപ്പെടെ പുറം കാഴ്ചകളെ ആശ്രയിക്കാതെ ഉൾക്കാഴ്ച്ചകളിലേക്ക് ചിന്തകളെ തിരിക്കണമെന്നും മധു അമ്പാട്ട് പറഞ്ഞു.
'ഇന്നലെകളില്ലാത്ത' എന്ന പേരിൽ ഒരു പാൻ ഇന്ത്യൻ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മധു അമ്പാട്ട്. ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്യുന്ന 'മലവാഴി'യാണ് ഛായാഗ്രാഹകനായി പ്രവർത്തിക്കുന്ന അടുത്ത ചിത്രം. കൂടാതെ 'ബ്ലാക്ക് മൂൺ','ഡെത്ത് ഓഫ് മധു അമ്പാട്ട്','ഡെത്ത് വിഷ്' എന്നീ പുസ്തകങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read:ഐഎഫ്എഫ്‌കെ വൈബില്‍ ഫാഷന്‍ ട്രെന്‍ഡുകള്‍; മേളയിലെ മനോഹര കാഴ്‌ചകള്‍