പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര അറസ്റ്റിൽ. വീടിൻ്റെ തൊട്ടടുത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആലത്തൂർ ഡിവൈഎസ്‌പി അറിയിച്ചു. ഇയാൾക്ക് വിശപ്പ് സഹിക്കാനാവില്ലെന്ന കണക്കുകൂട്ടലിൽ പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കിയിരുന്നു. പ്രതി കീഴടങ്ങിയതല്ല, ഓടാനാവാതെ തളർന്നതാണ് എന്ന് പൊലീസ് പറഞ്ഞു.
ചെന്താമര പിടിയിലായതറിഞ്ഞ് പൊലീസ് സ്റ്റേഷന് പുറത്ത് ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ ഉള്ളതിനാൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ ഒന്‍പതരയോടെയാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നെന്മാറയിലുണ്ടായത്. 2019-ല്‍ അയല്‍വാസിയായ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ ചെന്താമര, ജാമ്യത്തിലിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയെയും കൊലപ്പെടുത്തുകയായിരുന്നു. മന്ത്രവാദിയുടെ വാക്ക് കേട്ടാണ് അഞ്ച് വർഷം മുമ്പ് ചെന്താമര സുധാകരന്‍റെ ഭാര്യ സജിതയെ ക്രൂരമായി വെട്ടിക്കൊന്നത്.
തന്‍റെ കുടുംബം തകരാൻ കാരണം നീണ്ട തലമുടിയുള്ള ഒരു സ്‌ത്രീയാണെന്ന് മന്ത്രവാദി ചെന്താമരയോട് പറഞ്ഞിരുന്നു. ഭാര്യയുടെ സുഹൃത്തായ അയൽക്കാരി സജിതയാണ് അതെന്ന് വിശ്വസിച്ചാണ് ചെന്താമര 2019ൽ അവരെ കൊലപ്പെടുത്തിയത്. സജിതയോടുള്ള പകയിലാണ് ഭര്‍ത്താവ് സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ, ഡിസംബര്‍ 29-ന്, കൊല്ലപ്പെട്ട സുധാകരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്‍റെ മക്കള്‍ പറഞ്ഞിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. നെന്മാറ പഞ്ചായത്തിൽ കടക്കരുതെന്ന ഉപാധിയോടെയാണ് കോടതി ചെന്താമരയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്.
വിഷയത്തില്‍ പൊലീസിന് പിഴവ് സംഭവിച്ചതായാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നെന്മാറ ഇൻസ്പെക്‌ടർ എം.മഹേന്ദ്രസിംഹൻ വീഴ്‌ച വരുത്തിയെന്ന് കാണിച്ച് എസ് പി ഉത്തരമേഖലാ ഐജിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്.