മലപ്പുറം: ഐആര്‍ബി ഉദ്യോഗസ്ഥന്‍ വിനീതിന്‍റെ മരണം ആത്മഹത്യയെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കേസ് കൊണ്ടോട്ടി ഡിവൈഎസ്‌പി അന്വേഷിക്കുമെന്നും മലപ്പുറം എസ് പി ആർ വിശ്വനാഥ് അറിയിച്ചു.
വിനീതിൻ്റെ ഫോൺ പരിശോധിക്കുമെന്ന് എസ്‌പി പറഞ്ഞു. റീഫ്രഷര്‍ കോഴ്‌സിൽ പരാജയപ്പെട്ടതിന്‍റെ പ്രയാസം ഉണ്ടായിരുന്നു എന്നാണ് നിഗമനം. വിനീത് ഉൾപ്പെടെ പത്ത് പേർ പരാജയപ്പെട്ടിരുന്നു. സെക്കന്‍റുകളുടെ വ്യത്യാസത്തിലാണോ വിനീത് പരാജയപ്പെട്ടത് എന്ന് പരിശോധിക്കും. ഡിസംബർ 9 മുതൽ മൂന്ന് ദിവസം വിനീതിന് ലീവ് അനുവദിച്ചിരുന്നു എന്നും എസ്‌പി വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എല്ലാ ആക്ഷേപങ്ങളും വിശദമായി പരിശോധിക്കുമെന്നും എസ്‌പി പറഞ്ഞു. ഞായറാഴ്‌ച (ഡിസംബർ 15) രാത്രി 8:30ന് ആണ് അരീക്കോട് ക്യാമ്പ് ഓഫിസിലെ കുളിമുറിയിൽ വച്ച് വിനീത് സ്വയം നിറയൊഴിച്ചത്. ശബ്‌ദം കേട്ടെത്തിയ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് സേനക്കുള്ളിൽ വലിയ പീഡനവും അടിച്ചമർത്തലും അടിച്ചേല്‍പ്പിക്കലും നടക്കുന്നുവെന്ന് വിനീത് ബന്ധുവിന് അയച്ച അവസാന സന്ദേശത്തിൽ പറയുന്നുണ്ട്. ഗർഭിണിയായിരിക്കുന്ന ഭാര്യയെ പരിചരിക്കാന്‍ മൂന്ന് തവണ അവധിക്ക് അപേക്ഷിച്ചെങ്കിലും മേലുദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതും ആത്മഹത്യയിലേക്ക് നയിക്കുന്നതിന് കാരണമായി എന്നാണ് വിവരം.
ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതിനാൽ വീണ്ടും റിഫ്രഷറർ കോഴ്‌സിന് പറഞ്ഞയക്കാനുള്ള ഉത്തരവിൻ്റെ പകർപ്പും വിനീത് ബന്ധുവിന് അയച്ച് കൊടുത്തിരുന്നതായാണ് വിവരം.
Also Read: ഐആര്‍ബി ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവം; കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സൂചന